ഡബ്ലിൻ മേയർക്ക് നേരെ വീടിനു മുന്നിൽ തീവ്ര വലതുപക്ഷ വാദികളുടെ വംശീയ അധിക്ഷേപം

ഡബ്ലിന്‍ മേയര്‍ Hazel Chu-വിന് നേരെ തീവ്ര വലതുപക്ഷവാദികളുടെ പ്രതിഷേധവും വംശീയ അധിക്ഷേപവും. ചൈനീസ് മാതാപിതാക്കളുടെ മകളായി ഡബ്ലിനില്‍ ജനിച്ച Chu, മേയറായി തെരഞ്ഞെടുക്കപ്പെട്ടതുമുതല്‍ തീവ്ര വലതുപക്ഷവാദികളായ സംഘങ്ങള്‍ ഓണ്‍ലൈനിലും മറ്റുമായി നടത്തുന്ന വംശീയ അധിക്ഷേപത്തിന്റെ തുടര്‍ച്ചയായാണ് Chu-വിന്റെ വീടിന് മുന്നില്‍ വച്ച് ഒരു കൂട്ടമാളുകള്‍ അവരെ അധിക്ഷേപിച്ചത്.

കഴിഞ്ഞ ദിവസം Mansion House-ന് മുന്നില്‍ നില്‍ക്കുകയായിരുന്ന മേയര്‍ Chu-വിനെ അഞ്ചംഗം സംഘം പ്ലക്കാര്‍ഡുകളും പോസ്റ്ററുകളുമായി സമീപിക്കുകയായിരുന്നു. ഒരു പ്ലക്കാര്‍ഡില്‍ ‘Black Lives Matter’നെ അനുസമരിപ്പിക്കുന്ന വിധം ‘our lives matter’ എന്ന് എഴുതിയിരുന്നു. അയര്‍ലണ്ടില്‍ ഗാര്‍ഡയുടെ വെടിയേറ്റ് മരിച്ച George Nkencho-യ്ക്ക് നീതി ലഭിക്കാനായി ശക്തമായി വാദിച്ചവരില്‍ ഒരാളാണ് Chu എന്നതും പ്രതിഷേധക്കാരെ ചൊടിപ്പിച്ചു. പ്രതിഷേധക്കാരിലൊരാളായ സ്ത്രീ Chu-വിനെ സ്പര്‍ശിക്കുകയും, നിന്ദിക്കുന്ന തരത്തില്‍ ‘കണ്ടതില്‍ സന്തോഷം’ എന്ന് പറയുകയും ചെയ്തു. മറ്റ് രണ്ട് പേര്‍ Chu മാസ്‌ക് ധരിച്ചതിനെ ചോദ്യം ചെയ്യുകയും ചെയ്തു. ‘ഡ്രാഗണിന്റെ നാട്ടിലേയ്ക്ക് ‘ (ചൈനയിലേയ്ക്ക്) മടങ്ങിപ്പോകണമെന്ന് ആക്രോശിക്കുകയും ചെയ്തു.

സംഭവം ശ്രദ്ധിച്ച ഗാര്‍ഡുകള്‍ ഓടിയെത്തി Chu-വിനെ സുരക്ഷിതയാക്കുകയായിരുന്നു. അഞ്ചംഗ സംഘത്തിന് പുറമെ 30ഓളം പ്രതിഷേധക്കാര്‍ പുറത്തുണ്ടായിരുന്നു.

പൊതു ആരോഗ്യസംവിധാനത്തിന് ഭീഷണിയുയര്‍ത്തിയതിന്റെ പേരില്‍ പ്രതിഷേധക്കാരിലൊരാളായ സ്ത്രീയെ (40) അറസ്റ്റ് ചെയ്തതായി ഗാര്‍ഡ പിന്നീട് അറിയിച്ചു.

തന്റെ നിലപാടുകള്‍ കാരണമല്ല തനിക്കെതിരെ പ്രതിഷേധങ്ങള്‍ നടക്കപ്പെടുന്നതെന്നും, ഗ്രീന്‍ പാര്‍ട്ടിയുടെ മറ്റൊരു പ്രതിനിധിക്ക് നേരെയും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നില്ലെന്നും Chu ചൂണ്ടിക്കാട്ടി. സ്വന്തം ജോലി കാരണം കുടുംബം പോലും അപകടത്തിലാകുന്നത് അംഗീകരിക്കാനാകില്ലെന്നും അവര്‍ വ്യക്തമാക്കി. സംഭവ സമയം Chu-വിന്റെ മകള്‍ Alex ചൈല്‍ഡ് കെയറിലായിരുന്നു. കറുത്ത നിറക്കാരിയായ ഒരു സ്ത്രീ മേയറായിരിക്കുന്നത് അംഗീകരിക്കാന്‍ മടിയുള്ളവരാണ് പ്രതിഷേധം നടത്തുന്നതെന്നും Chu പറഞ്ഞു. അതൊരു വലിയ പ്രശ്‌നം തന്നെയാണ്. മോശമായി എന്തെങ്കിലും സംഭവിക്കുന്നതിന് മുമ്പ് തന്നെ ഈ പ്രശ്‌നം പരിഹരിക്കപ്പെടണമെന്നും അവര്‍ വ്യക്തമാക്കി.

Irish Republican Brotherhood (IRB) എന്ന പേരില്‍ തീവ്രവലതുപക്ഷ വാദികള്‍ കുറച്ചുനാളുകളായി അയര്‍ണ്ടില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. Chu-വിന് എതിരെ പ്രതിഷേധിക്കാനാവശ്യപ്പെട്ട് സംഘം മുമ്പ് ബോര്‍ഡുകളും മറ്റും സ്ഥാപിച്ചിരുന്നു.

Share this news

Leave a Reply

%d bloggers like this: