ഡബ്ലിനിൽ ഇന്ത്യക്കാർക്ക് നേരെ ചീമുട്ടയേറ്‌; ഇതിനാണോ വൻ തുക ടാക്സ് നൽകുന്നതെന്ന് ചോദ്യം

ഡബ്ലിന്‍ സിറ്റി സെന്ററില്‍ ഇന്ത്യക്കാരനും കാമുകിക്കും നേരെ സാമൂഹിക വിരുദ്ധരുടെ ചീമുട്ടയേറ്. ബുധനാഴ്ച വൈകിട്ട് 7.15-ഓടെ ഡബ്ലിന്‍ നഗരത്തിലെ Spire-ലാണ് സംഭവം. റോഡിലൂടെ നടന്നുവരിയായിരുന്ന ഇന്ത്യക്കാരനായ യുവാവിനും കാമുകിക്കും നേരെ 15-20 പേര്‍ വരുന്ന സംഘം പ്രകോപനമൊന്നുമില്ലാതെ പൊടുന്നനെ മുട്ടയെറിയുകയായിരുന്നു. North Earl Street-ല്‍ ആയിരുന്നു സംഘം നിലയുറപ്പിച്ചിരുന്നത്. എന്നാല്‍ ലക്ഷ്യം തെറ്റിയതിനാല്‍ ഇവര്‍ക്ക് ദേഹത്ത് ഏറ് കൊണ്ടില്ല. യുവാവും യുവതിയും ഉടന്‍ തന്നെ ഇവിടെ നിന്നും രക്ഷപ്പെട്ടു.

ഇന്ത്യക്കാരടക്കമുള്ള പ്രവാസികള്‍ വമ്പന്‍ ടാക്‌സ് നല്‍കിയാണ് അയര്‍ലണ്ടില്‍ ജീവിക്കുന്നതെന്നും, പകരം തങ്ങള്‍ക്ക് സുരക്ഷ നല്‍കാന്‍ ഗാര്‍ഡയ്‌ക്കോ സര്‍ക്കാരിനോ സാധിക്കുന്നില്ലെന്നും ആക്രമണത്തിനിരയായ യുവാവ് ഫേസ്ബുക്ക് പോസ്റ്റിലൂടെ തുറന്നടിച്ചു. കുറ്റകൃത്യ നിരക്ക് ഏറെ കൂടുതലുള്ള ഡല്‍ഹിയില്‍ ജനിച്ചുവളര്‍ന്ന തനിക്ക് അവിടെ പോലും ഇത്തരം അനുഭവമുണ്ടായിട്ടില്ലെന്ന് യുവാവ് പറയുന്നു. പ്രവാസിയാണെന്നതിനാല്‍ പ്രതികരിക്കാന്‍ താന്‍ ഭയപ്പെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി. അഥവാ താന്‍ അവരെ നേരിട്ടിരുന്നെങ്കില്‍ അയര്‍ലണ്ടിലെ നിയമം കാരണം താന്‍ ശിക്ഷയനുഭവിച്ചേനെയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇവിടം സുരക്ഷിതമായി തനിക്ക് തോന്നുന്നില്ലെന്നും, എല്ലാവരോടും കരുതിയിരിക്കാനും പറഞ്ഞാണ് ഇദ്ദേഹം ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: