ഡബ്ലിനിൽ ലോക്ക്ഡൗൺ വിരുദ്ധ പ്രതിഷേധ പ്രകടനം നിയന്ത്രണം വിട്ടു; 3 ഗാർഡ അംഗങ്ങൾക്ക് പരിക്ക്; 23 പേർ അറസ്റ്റിൽ (വീഡിയോ )

ഡബ്ലിനില്‍ ശനിയാഴ്ച ലോക്ക്ഡൗണ്‍ വിരുദ്ധ പ്രതിഷേധ പ്രകടനത്തിനിടെയുണ്ടായ അക്രമത്തില്‍ മൂന്ന് ഗാര്‍ഡ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ 23 പേരെ അറസ്റ്റ് ചെയ്തതായും ഗാര്‍ഡ അറിയിച്ചു. പരിക്കേറ്റ ഉദ്യോഗസ്ഥരിലൊരാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നതായും, ഉദ്യോഗസ്ഥര്‍ക്ക് നേരെ പ്രകടനക്കാര്‍ പടക്കം പോലുള്ള സ്‌ഫോടക വസ്തു ഉപയോഗിച്ചതായും ഗാര്‍ഡ കമ്മിഷണര്‍ Drew Harris പറഞ്ഞു. St Stephens Green പരിസരത്തായിരുന്നു പ്രക്ഷോഭകാരികള്‍ ആക്രമണം നടത്തിയത്. ക്രമസമാധാനം ലംഘിച്ച വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട അക്രമികളെ ഇന്നലെ രാത്രി Courts of Criminal Justice-ല്‍ ഹാജരാക്കി.

സംഭവം പൊതുജനത്തിനും, ഗാര്‍ഡയ്ക്കും മേല്‍ അംഗീകരിക്കാന്‍ സാധിക്കാത്ത വിധമുള്ള അപകടം വരുത്തിവച്ചതായി പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ പ്രതികരിച്ചു. ഇത്തരത്തിലുള്ള പ്രതിഷേധങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കാത്തതാണെന്ന്  Association of Garda Sergeants and Inspector ജനറല്‍ സെക്രട്ടറി Antoniette Cunningham-ഉം പ്രതികരിച്ചു. കോവിഡ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഡ്യൂട്ടി ചെയ്യുന്ന നിരായുധരായ ഗാര്‍ഡ അംഗങ്ങള്‍ക്ക് നേരെ സ്‌ഫോടക വസ്തു ഉപയോഗിച്ച് വെടിവയ്ക്കുന്നത് ഞെട്ടിപ്പിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉച്ചയ്ക്ക് മുമ്പായി നൂറുകണക്കിന് പ്രതിഷേധക്കാരാണ് കോവിഡ് ലോക്ക് ഡൗണിനെതിരെ പ്രകടനം നടത്താനായി St Stephen’s Green-ല്‍ തടിച്ചുകൂടിയത്. ഇവരെ നേരിടാനായി ബാരിക്കേഡുകളുമായി ഗാര്‍ഡയും തയ്യാറായി നിന്നു. 2 മണിയോടെ പ്രകടനം ആരംഭിക്കുമെന്നായിരുന്നു പറഞ്ഞിരുന്നതെങ്കിലും അതിന് മുന്നേ തന്നെ പ്രതിഷേധക്കാര്‍ ബാരിക്കേഡുകള്‍ തള്ളിമാറ്റാനും മറ്റും തുടങ്ങി. തുടര്‍ന്ന് വലിയ അക്രമം അരങ്ങേറുകയായിരുന്നു.

Irish Republic, Tricolour പതാകകളുമായാണ് പല പ്രതിഷേധക്കാരും എത്തിയത്. National Party പ്രതിഷേധക്കാര്‍ക്ക് പതാകകള്‍ കൈമാറുകയും ചെയ്യുന്നുണ്ടായിരുന്നു. ഭൂരിഭാഗം പ്രതിഷേധക്കാരും മാസ്‌ക് ധരിക്കുകയും ചെയ്തിരുന്നില്ല.

എത്ര പേര്‍ പ്രതിഷേധത്തിനെത്തുമെന്നും, എന്തെല്ലാം ചെയ്യുമെന്നും അറിയാനുള്ള ഒരു ടെസ്റ്റ് ആയിരുന്നു ഈ പ്രതിഷേധം കൊണ്ട് സംഘാടകര്‍ ഉദ്ദേശിച്ചതെന്ന് Drew Harris പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും, അക്രമം നടത്തിയ എല്ലാവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി. മാസ്‌ക് ധരിക്കുന്നതിന് എതിരായി വാദിക്കുന്ന തീവ്ര വലത് പക്ഷവാദികളും, തീവ്ര ഇടതുപക്ഷ വാദികളുമടക്കം നിരവധി പേര്‍ വിവിധ ഉദ്ദേശ്യങ്ങളോടെയാണ് പ്രകടത്തിനെത്തിയതെന്നും Harris പറഞ്ഞു. പലരും പ്രകടനം അക്രമത്തില്‍ കലാശിക്കണമെന്ന് കാലേകൂട്ടി തീരുമാനിച്ചാണ് എത്തിയത്. ഗാര്‍ഡയ്ക്ക് നേരെ സ്‌ഫോടക വസ്തു ഉപയോഗിച്ചയാളെ ക്രിമിനല്‍ കുറ്റം ചുമത്തി വിചാരണ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇയാള്‍ ആരാണെന്ന് അന്വേഷണം നടത്തിവരികയാണ്.

പ്രതിഷേധത്തിന് രാജ്യത്തെ ഭൂരിപക്ഷം ജന പിന്തുണ ഇല്ലെന്നും, പ്രകടനത്തിന് പുറത്തുള്ള വലിയൊരു വിഭാഗം ആളുകളും ആരോഗ്യ നിര്‍ദ്ദേശങ്ങള്‍ പാലിച്ച്, കോവിഡ് വ്യാപനം കുറയ്ക്കാന്‍ സഹായിക്കുന്നവരാണെന്നും Drew Harris പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: