കോവിഡിനിടയിലും നേട്ടം; 2020-ൽ അയർലണ്ടിന്റെ സമ്പദ് വ്യവസ്ഥ 3.4% വളർച്ച കൈവരിച്ചു

കോവിഡ് മഹാമാരിക്കിടയിലും അയര്‍ലണ്ടിന്റെ സമ്പദ് വ്യവസ്ഥ കഴിഞ്ഞ വര്‍ഷം 3.4% വളര്‍ച്ച നേടിയതായി Central Statistics Office (CSO) റിപ്പോര്‍ട്ട്. രൂക്ഷമായ തൊഴിലില്ലായ്മയും, നിരവധി മേഖലകളുടെ പ്രവര്‍ത്തനം സ്തംഭിച്ചതുമടക്കമുള്ള വെല്ലുവിളികള്‍ക്കിടയിലാണ് ഈ നേട്ടമെന്നതാണ് ശ്രദ്ധേയം.

ആഗോളമായി പ്രവര്‍ത്തിക്കുന്ന മേഖലകളും (globalised sector), കമ്യൂണിക്കേഷന്‍ മേഖലയുമാണ് വളര്‍ച്ചയുടെ കാര്യത്തില്‍ മുന്നില്‍. ആഗോള ബിസിനസ് മേഖലയില്‍ 15 ശതമാനവും, കമ്യൂണിക്കഷന്‍ രംഗത്ത് 14 ശതമാനവുമാണ് വളര്‍ച്ച. രാജ്യത്തെ Gross Domestic Product (GDP) 3.4% ഉയര്‍ന്നതായും CSO റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

രാജ്യത്തെ Multinational ബിസിനസ് മേഖല 18% വളര്‍ച്ചയാണ് കൈവരിച്ചത്. ആകെ സാമ്പത്തിക വളര്‍ച്ചയുടെ 50% ഈ മേഖലയില്‍ നിന്നാണ്. നേരത്തെ അയര്‍ലണ്ടില്‍ നിന്നുള്ള ഫാര്‍മസ്യൂട്ടിക്കല്‍, ആരോഗ്യ ഉപകരണങ്ങള്‍, പ്രതിരോധ മരുന്നുകള്‍ എന്നിവയുടെ കയറ്റുമതി വലിയ വളര്‍ച്ച നേടിയതായി റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.

അതേസമയം ആഭ്യന്തര വിപണിയിലെ ബിസിനസുകള്‍ക്ക് തിരിച്ചടി നേരിട്ടു. വിതരണം, ഗതാഗതം, ഹോട്ടല്‍ മേഖലകളില്‍ കാര്യമായ സാമ്പത്തിക ഇടപാടുകള്‍ നടന്നില്ല. ഒപ്പം കലാ-വിനോദ-സാംസ്‌കാരിക രംഗം വലിയ ആഘാതം നേരിട്ടു. 54.4% ആണ് ഈ മേഖലയില്‍ സംഭവിച്ച ഇടിവ്. നിയന്ത്രണങ്ങള്‍ കാരണം ജനങ്ങളുടെ ചെലവ് 9% കുറയുകയും ചെയ്തു.

കോവിഡ് കാലത്ത് പുറത്തുവരുന്ന സാമ്പത്തിക നേട്ടത്തിന്റെ കണക്ക് പ്രതീക്ഷയുളവാക്കുന്നതാണെന്ന് ധനകാര്യമന്ത്രി Paschel Donohoe പ്രതികരിച്ചു. ആഭ്യന്തര വിപണി തകര്‍ച്ച നേരിട്ടപ്പോള്‍, അന്താരാഷ്ട്ര വിപണിയില്‍ അയര്‍ലണ്ട് നേട്ടം കൈവരിച്ചത് കോവിഡ് ഏല്‍പ്പിച്ച ആഘാതത്തിന്റെ ഇരട്ട മുഖമാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും GDP-യുടെ മാത്രം വളര്‍ച്ച നോക്കി സമ്പദ് വ്യവസ്ഥ മുകളിലേക്കാണെന്ന് അനുമാനിക്കാന്‍ സാധ്യമല്ലെന്നും, ആഭ്യന്തര സാമ്പത്തിക രംഗം 5% തകര്‍ച്ചയാണ് നേരിട്ടതെന്നും മന്ത്രി വ്യക്തമാക്കി.

ചെലവ് കുറഞ്ഞതു മൂലം ജനങ്ങളുടെ കൈയില്‍ മിച്ചം വന്ന ഏകദേശം 15 ബില്യണ്‍ യൂറോയില്‍ ഒരു ഭാഗം, ഈ വര്‍ഷം വിപണിയിലേക്കിറക്കിയാല്‍ ആഭ്യന്തര സാമ്പത്തിക മേഖലയ്ക്ക് ഊര്‍ജ്ജം പകരാന്‍ സാധിക്കുമെന്ന് പ്രതികരണത്തിനിടെ അദ്ദേഹം അഭിപ്രായപ്പെട്ടു.

Share this news

Leave a Reply

%d bloggers like this: