അയർലണ്ട് ലോക്ഡൗണിൽ നിന്നും പുറത്തേക്ക്; മെയ് 10 മുതൽ ഉള്ള ഇളവുകൾ അറിയാം

അയര്‍ലണ്ടില്‍ മെയ് മാസത്തോടെ വലിയ രീതിയിലുള്ള ലോക്ക്ഡൗണ്‍ ഇളവുകള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം. മെയ് 10 മുതല്‍ രാജ്യത്തുടനീളം യാത്ര ചെയ്യാന്‍ ജനങ്ങള്‍ക്ക് അനുമതി നല്‍കുമെന്ന് മന്ത്രിസഭാ കമ്മറ്റി അറിയിച്ചു. തുടര്‍ന്ന് വരും ആഴ്ചകളില്‍ കൂടുതല്‍ മേഖലകളില്‍ ഇളവുകള്‍ വരുത്തും.

അവശ്യേതര വസ്തുക്കള്‍ വില്‍ക്കുന്ന കടകളിലെ click& collect, ഗാര്‍ഡന്‍ സെന്റര്‍ പോലുള്ള റീട്ടെയില്‍ കടകള്‍, നിര്‍മ്മാണ മേഖല എന്നിവ മെയ് 10-നു ശേഷം തുറക്കും. ഒപ്പം ഹെയര്‍ ഡ്രസ്സ് ഷോപ്പുകളും തുറക്കും. ബാക്കി അവശ്യേതര കടകള്‍ ഈ മാസം അവസാനത്തോടെ തുറക്കാന്‍ അനുമതി നല്‍കും.

അതേസമയം വിവാഹം, കുര്‍ബാന അടക്കമുള്ള മതപരമായ ചടങ്ങുകളില്‍ 50 പേര്‍ക്ക് വരെ സംബന്ധിക്കാം എന്നാണ് National Public Health Emergency Team (Nphet) സര്‍ക്കാരിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. പക്ഷേ പള്ളികള്‍ക്ക് പുറത്ത് നടത്തപ്പെടുന്ന മതപരമായ ചടങ്ങുകള്‍ക്ക് കര്‍ശന നിയന്ത്രണം ഉണ്ടാകും. വിവാഹപ്പാര്‍ട്ടികള്‍ക്ക് കെട്ടിടങ്ങള്‍ക്കുള്ളില്‍ പരമാവധി 6 പേര്‍ക്കും, പുറത്ത് പരമാവധി 15 പേര്‍ക്കും മാത്രമേ പങ്കെടുക്കാനാകൂ.

മെയ് 10 മുതല്‍ 3 വീട്ടുകാര്‍ക്ക് വരെ പുറം സ്ഥലങ്ങളില്‍ ഒത്തുചേരാം. പ്രൈവറ്റ് ഗാര്‍ഡനുകള്‍ക്കും ഇത് ബാധകമാണ്.

ഹോട്ടലുകള്‍, ഗസ്റ്റ് ഹൗസുകള്‍ എന്നിവ ജൂണ്‍ 2 മുതല്‍ തുറക്കാനാണ് നിലവിലെ തീരുമാനം. അപ്പോള്‍ മുതല്‍ ഭക്ഷണം, പാനീയങ്ങള്‍ എന്നിവ വിളമ്പാനും അനുവാദമുണ്ട്. റസ്റ്ററന്റുകള്‍, പബ്ബുകള്‍ എന്നിവ ജൂണ്‍ 7 മുതല്‍ തുറക്കാം. പക്ഷേ ഭക്ഷണം വിളമ്പുകയാണെങ്കില്‍ പുറത്ത് മാത്രമേ പാടുള്ളൂ.

ജിമ്മുകളും ജൂണ്‍7-ഓടെ തുറക്കും.

അതേസമയം മെയ് മാസം നല്‍കുന്ന ഇളവുകള്‍ കോവിഡ് കേസുകളെ എങ്ങനെ ബാധിക്കുന്നു എന്ന് വിലയിരുത്തിയ ശേഷം മാത്രമേ ജൂണിലെ ഇളവുകള്‍ അന്തിമമായി തീരുമാനിക്കപ്പെടുകയുള്ളൂ.

വാക്‌സിന്‍ എടുത്തവര്‍ക്ക് പ്രത്യേകമായ ഇളവുകള്‍ നല്‍കുന്ന കാര്യം സര്‍ക്കാര്‍ ചര്‍ച്ച ചെയ്തുവരികയാണ്.

Johnson& Johnson വാക്‌സിന്റെ ഒരു ഡോസ് എടുത്തവര്‍ക്ക് (ഈ വാക്‌സിന് ഒരു ഡോസ് മാത്രമേ ആവശ്യമുള്ളൂ), വാക്‌സിനേഷന് 2 ആഴ്ചയ്ക്ക് ശേഷം വീടുകള്‍ക്കുള്ളില്‍ ഒത്തുചേരാം. AstraZenica-യുടെ ആദ്യ ഡോസ് എടുത്തവര്‍ക്ക് നാല് ആ്ചയ്ക്ക് ശേഷവും ഒത്തുചേരാം.

Pfizer ആണ് എടുക്കുന്നതെങ്കില്‍, രണ്ട് ഡോസും എടുത്താല്‍ മാത്രം ഒരാഴ്ചയ്ക്ക് ശേഷം ഒത്തുചേരാം. Moderna വാക്‌സിന്‍ ആണെങ്കില്‍ രണ്ട് ഡോസും എടുത്ത ശേഷം രണ്ടാഴ്ചയ്ക്ക് ശേഷം ഒത്തുചേരാം.

വാക്‌സിന്‍ എടുത്ത വയോധികര്‍ക്ക് പേരക്കുട്ടികളെ കാണാനും മെയ് 10 മുതല്‍ സാധിക്കുമെന്നാണ് കരുതുന്നത്.

Share this news

Leave a Reply

%d bloggers like this: