സോഷ്യൽ വെൽഫയറിന്റെ പേരിൽ തട്ടിപ്പ്,  മൂന്ന് മണിക്കൂർ നീണ്ട ഫോൺ വിളികളിൽ ബ്രേ മലയാളി നേഴ്‌സിന് പണം നഷ്ട്ടപെടാതെ  ഭാഗ്യം തുണച്ചു

സോഷ്യൽ വെൽഫയറിന്റെ പേരിൽ തട്ടിപ്പിന് ഇരയായി കഴിഞ്ഞ ദിവസം   ബ്രേയിലെ  മലയാളി നേഴ്‌സിന് പണം നഷ്ട്ടപെടാതെ തുണച്ചത് ഭാഗ്യം മാത്രം. പല നമ്പറുകളിൽ നിന്നായി ഏതാണ്ട് മൂന്ന് മണിക്കൂറിൽ അധികമാണ് മലയാളിയെ ഫോൺ വിളിയിലൂടെ പറ്റിച്ചു പണം തട്ടാൻ ശ്രമിച്ചത്. ഇനി മറ്റൊരാൾക്ക് ഈ അബദ്ധം പറ്റരുതെന്ന ആഗ്രഹത്തോടെയാണ് ഈ വിവരം റോസ് മലയാളവുമായി പങ്കു വെയ്ക്കാൻ അവർ തയാറായത്.

കുറച്ചു ദിവസങ്ങൾക്ക് മുമ്പും തട്ടിപ്പുകാരുടെ നമ്പറിൽ നിന്ന് വിളി വന്നത് എടുക്കാനായില്ലെങ്കിലും കഴിഞ്ഞ ദിവസം വന്ന വിളി  ഡ്യൂട്ടി ഓഫ് ആയതിനാൽ മലയാളി എടുത്തതിലൂടെയാണ് തട്ടിപ്പിന്റെ തുടക്കം. കോൾ എടുത്തതിനു ശേഷം കേൾക്കുന്നത് അയർലണ്ടിലെ സർക്കാർ ഡിപ്പാർട്മെൻറുകളിൽ വിളിക്കുമ്പോൾ സാധാരണ ഉള്ള  , 1,2,3  ഒക്കെ ഫോണിൽ ഞെക്കി option തിരഞ്ഞെടുക്കാനുള്ള automated message ആണ് ആദ്യം കേട്ടത്. വിളിച്ച ആളെ കോളിന്റെ ആധികാരികത വിശ്വസിപ്പിക്കാൻ ഉള്ള ആദ്യ പടിയാണിത്.


ഓപ്‌ഷനുകളിൽ 1 തിരഞ്ഞെടുത്തപ്പോൾ നല്ല ഇംഗ്ലീഷ് accent -ൽ ഇത് സോഷ്യൽ വെൽഫെയർ ഡിപ്പാർമെൻറ് ആണെന്നും നിങ്ങളുടെ പേരിൽ 2 കേസുകൾ ഉണ്ടെന്നുമാണ് ഒരാൾ  അറിയിച്ചത്. മയക്കു മരുന്നുമായി ബന്ധപ്പെട്ട ഒരു കേസും, Money  Laundering – മായി ബന്ധപ്പെട്ട അടുത്ത കേസും.  സോഷ്യൽ വെൽഫെയർ ഡിപ്പാർമെൻറ് എന്ന് അവകാശപ്പെട്ടു വിളിച്ച ആൾക്ക് ഇവരുടെ മുഴുവൻ പേര് , PPS നമ്പർ , ഇമെയിൽ തുടങ്ങി ഒരു വിവരങ്ങളും ഇല്ലെന്നതാണ് രസം. ഇങ്ങനെ നമ്മളെ ഫോൺ വിളിക്കുന്ന ഒരാൾക്ക് നമ്മൾ നമ്മുടെ വിവരങ്ങൾ പങ്ക് വയ്‌ക്കേണ്ട ആവശ്യം ഇല്ല എന്നത് ശ്രദ്ധിക്കുക.


PPS നമ്പർ പറഞ്ഞു കഴിഞ്ഞപ്പോൾ ആ പേരിൽ തന്നെയാണ് രണ്ടു കേസുകളും എന്നതും , രണ്ടു കേസുകളുടെ മുഴുവൻ ചാർജ്ജ് ഷീറ്റും വിശ്വസിപ്പിക്കാനായി  വായിച്ചു കേൾപ്പിക്കുകയും ആണ് ഉണ്ടായത്. അതിനു   ശേഷം Garda ആണെന്ന് പരിചയപ്പെടുത്തി അടുത്ത ആൾക്ക് കോൾ  കൈമാറുകയും ചെയ്തു.

തുടർന്ന് ഗാർഡ  യഥാർത്ഥ കുറ്റവാളിയെ വെളിയിൽ കൊണ്ടുവരാൻ സഹായിച്ചില്ലെങ്കിൽ 48 മണിക്കൂറിനകം നിങ്ങളെ വീട്ടിൽ വന്ന് അറസ്റ്റ് ചെയ്യുമെന്ന് ഭീക്ഷണിപ്പെടുത്തി. വീട്ടിൽ മറ്റ് അംഗങ്ങൾ ഉള്ളതറിഞ്ഞു അവരുടെ അടുത്ത് നിന്നും മാറി നിൽക്കാനും നിർദ്ദേശിച്ചു. അടുത്ത ദിവസം കേസ് അന്വേഷണത്തിന്റെ ഭാഗമായി ഗാർഡ , സോഷ്യൽ വെൽഫയർ ഓഫീസർ എന്നിവർ വീട്ടിൽ  വരുമെന്നും, അതിനായി 1000 യൂറോ അടച്ചു receipt വാങ്ങണം എന്നും നിർദ്ദേശിച്ചതോടെ പണം തട്ടിപ്പിന്റെ അടുത്ത ഘട്ടത്തിലേയ്ക് കാര്യങ്ങൾ നീങ്ങി.


നിങ്ങളുടെ PPS ൽ മയക്ക് മരുന്ന് കച്ചവടവും, പണം തട്ടിപ്പും നടത്തിയതിനാൽ അത്  ക്യാൻസൽ ചെയ്യുകയും , നാളെ തന്നെ പുതിയ PPS നമ്പർ തരികയും ചെയ്യുമെന്ന് തട്ടിപ്പുകാർ അറിയിച്ചു. ചിന്തിക്കാൻ അവസരം തരാതെ വേറൊരാളോട് സംസാരിക്കാൻ അനുവദിക്കാതെ വളരെ തന്ത്രപരമാണ് അവരുടെ നീക്കങ്ങൾ. 1000 യൂറോ അടയ്ക്കാനുള്ള ലിങ്ക് ഇമെയിൽ വഴിയാണ് അയച്ചത്.
Bitcoin വാങ്ങാനുള്ള paybis.com വെബ്സൈറ്റ് ലിങ്കാണ് തട്ടിപ്പുകാർ അയച്ചത്, മലയാളിയുടെ ഭാഗ്യത്തിന് പലതവണ ശ്രമിച്ചതിന് ശേഷവും അതുവഴി പണം അടയ്ക്കാൻ പറ്റിയില്ല. ഇതിനിടെ നേരിട്ട് ബ്രേയിലെ ഗാർഡ സ്റ്റേഷനിൽ എത്താമെന്ന് പറഞ്ഞതും  ഭീഷണി പ്പെടുത്തി ഒഴിവാക്കി.

മയക്ക് മരുന്ന് കേസിൽ ഒരു വിദേശ രാജ്യത്ത് ഇങ്ങനെ അകപ്പെടും എന്ന പേടിയിൽ മറ്റൊന്നും ആലോചിക്കാൻ മലയാളിയ്ക്ക് അപ്പോഴത്തെ അവസരത്തിൽ സാധിച്ചില്ല. തുടർന്ന് നേരിട്ട് ബാങ്കിൽ പോയി പണം പിൻവലിക്കാനും ആവശ്യപ്പെട്ടതിന് പ്രകാരം മലയാളി ബാങ്കിൽ പോയി. ബാങ്കിൽ സംശയം തോന്നി ചോദിച്ചാൽ ഒരു വിവരങ്ങളും വെളിപ്പെടുത്തരുതെന്നും, അക്കൗണ്ടിൽ ഉള്ള മുഴുവൻ പണവും പിൻവലിക്കാനും അവർ നിർദ്ദേശിച്ചു. ബാങ്കിൽ പോകുമ്പോഴും ‘ഗാർഡ’ തട്ടിപ്പുകാരൻ ഫോണിൽ തുടർന്നു , ബാങ്ക് അക്കൗണ്ടിൽ നിന്നും മുഴുവൻ പണവും പിൻവലിച്ചില്ലെങ്കിൽ അത് നഷ്ടപ്പെടുമെന്നും ഒക്കെയായിരുന്നു ഭീക്ഷണി.

എന്തായാലും ബാങ്കിൽ നിന്നും പരമാവധി 5000 യൂറോ മാത്രമേ എടുക്കാൻ സാധിച്ചുള്ളൂ. 5000 യൂറോ ഉണ്ടെന്നറിഞ്ഞുന്നെങ്കിൽ ആ പണവും തട്ടാനുള്ള പുതിയ തന്ത്രങ്ങൾ അവതരിപ്പിക്കാൻ സാധ്യത ഉണ്ടായിരുന്നു.

ഈ പണം അവർ നിർദ്ദേശിക്കുന്ന സ്ഥലത്തെ ATM വഴി നിക്ഷേപിക്കാൻ ഉള്ള നിർദ്ദേശമാണ് പിന്നെ കിട്ടിയത്. ഇതിന് പ്രകാരം ഒറ്റയ്ക്ക് അവിടെ പോകാൻ ടാക്സി വരെ ബുക്ക് കാത്തിരുന്ന മലയാളി വീട്ടിലെ പങ്കാളിയോട് സംസാരിക്കുന്നതും ആദ്യം അവർ വിലക്കി. ചിലപ്പോൾ നിങ്ങളുടെ പങ്കാളി ആവും കുറ്റവാളി, അത് കൊണ്ട് പങ്കാളിയോട് സംസാരിക്കുന്നത് അപകടം ആണെന്നൊക്കെയാണ് പറഞ്ഞത്. എങ്കിലും ഈ ഭീക്ഷണികൾക്ക് വഴങ്ങാതെ പങ്കാളിയോട് സംസാരിച്ചതിന് ശേഷമാണ് തട്ടിപ്പിനെപ്പറ്റി സംശയം തോന്നിയതും അടുത്ത സുഹൃത്തിനെ ബന്ധപ്പെട്ട് ഉറപ്പാക്കുകയും ചെയ്തത്. ‘

പല തവണയായി വിളിച്ച നമ്പറുകൾ ഇതാണ്.

049 3435928
049 4173423
28 67771
041 1627318
048 9681876
048 7806796
041 2374129
045 2419216
അയർലണ്ടിൽ അധികം പരിചയം ഇല്ലാത്ത ആളുകൾ ഇത്തരം തട്ടിപ്പുകളിൽ വീണ് പോകും. ഒരു വിദേശ രാജ്യത്ത് മയക്ക് മരുന്ന് കേസിൽ അകത്താകും എന്നൊക്കെയുള്ള ഭീക്ഷണികൾ മറ്റൊന്നും ആലോചിക്കാൻ ഇടനൽകില്ല.

പിന്നീട് ഈ  വിവരം ഗാർഡയിലും , ബാങ്കിലും ഇവർ  അറിയിച്ചു. ഇതേ തട്ടിപ്പിന് പലരും ഇരയായതായി ഗാർഡ അറിയിച്ചു. യാതൊരു കാരണവശാലും ഇത്തരം അവസരങ്ങളിൽ ഗാർഡ ഫോൺ വഴി അല്ല, നേരിട്ട് ആവും ബന്ധപ്പെടുക എന്നും അറിയിച്ചു.

അപരിചിത നമ്പറുകളിൽ നിന്നും ഉള്ള കോളുകൾ റെക്കോർഡ് ചെയ്യുക.ഇങ്ങനെ വരുന്ന വിളികളിൽ സംശയം തോന്നിയാൽ കട്ട് ചെയ്തു ഫോൺ നമ്പർ ഗൂഗിൾ തപ്പി നോക്കുക.സർക്കാർ വകുപ്പുകളുടെ നമ്പർ ഇൻറർനെറ്റിൽ നോക്കുക.വിഷയം പങ്കാളികളോടും സുഹൃത്തുക്കളോടും സംസാരിക്കുക. 

Share this news

Leave a Reply

%d bloggers like this: