ഡബ്ലിനിൽ ഇന്ത്യക്കാരിക്ക് കൗമാരക്കാരുടെ ക്രൂര മർദ്ദനം; കണ്ണിന് പരിക്ക്; സുഹൃത്തിനും മർദ്ദനമേറ്റു

ഡബ്ലിനിലെ St Stephen’s Green Park-ല്‍ ഇന്ത്യക്കാരിയായ വിദ്യാര്‍ത്ഥിക്കും, സുഹൃത്തിനും ക്രൂരമര്‍ദ്ദനം. മര്‍ദ്ദനത്തില്‍ ഇന്ത്യക്കാരിയായ അഞ്ജലി ശര്‍മ്മയുടെ ഒരു കണ്ണിന് താല്‍ക്കാലികമായി കാഴ്ച നഷ്ടപ്പെടുകയും, സുഹൃത്തിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. തിങ്കളാഴ്ച രാത്രിയായിരുന്നു ഒരു കൂട്ടം കൗമാരക്കാര്‍ ഇവരെ ആക്രമിച്ചത്.

പാര്‍ക്കിന്റെ പ്രവേശനകവാടത്തില്‍ നില്‍ക്കുകയായിരുന്ന അഞ്ജലിയെയും സുഹൃത്തിനെയും കുഴപ്പക്കാരായ ഒരു കൂട്ടം കൗമാരക്കാര്‍ സമീപിക്കുകയായിരുന്നു. സുഹൃത്തിനെ ഇടിക്കാനും, ഇയര്‍ഫോണ്‍ തട്ടിയെടുക്കാനുമെല്ലാം ശ്രമിച്ചതോടെ ഇരുവരും ഇവിടെ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ ഇതോടെ കൂട്ടത്തിലെ രണ്ടു മൂന്ന് പേര്‍ സുഹൃത്തിനെ ക്രൂരമായി അടിക്കാനും ഇടിക്കാനും തുടങ്ങുകയായിരുന്നുവെന്ന് അഞ്ജലി പറയുന്നു. അവരിലൊരാള്‍ അഞ്ജലിയുടെ ബാഗ് തട്ടിപ്പറിക്കാന്‍ ശ്രമിക്കുകയും, കണ്ണിന് നേരെ ഒരു ക്യാന്‍ എറിയുകയും ചെയ്തു. ശരിക്ക് കാഴ്ച കിട്ടാതെ താന്‍ കരയാന്‍ തുടങ്ങുകയും, അര മണിക്കൂറോളം ഒന്നും കാണാന്‍ സാധിച്ചില്ലെന്നും അഞ്ജലി പറയുന്നു. ഈ സമയം അക്രമികളായ കൗമാരക്കാര്‍ ഓടിമറഞ്ഞു.

അഞ്ജലിയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും, റെറ്റിനയ്ക്ക് പരിക്കേറ്റതിനാല്‍ ഏതാനും ആഴ്ചകളെടുത്ത് മാത്രമേ പരിക്ക് ഭേദമാകൂവെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

അക്രമം കണ്ട് നിരവധി പേര്‍ അഞ്ജലിയെയും സുഹൃത്തിനെയും സഹായിക്കാനെത്തുകയും, ഗാര്‍ഡിനെയും, ആംബുലന്‍സും വിളിക്കുകയും ചെയ്തിരുന്നു. കാഴ്ച തിരിച്ചു കിട്ടിയെങ്കിലും പരിക്ക് കാരണം കടുത്ത വേദനയിലാണ് അഞ്ജലി. അതിലേറെയാണ് മാനസിക വിഷമമെന്നും അഞ്ജലി പറയുന്നു.

ഇതേ ദിവസം തന്നെ പരിസരത്ത് രാത്രി 8.30-ഓടെ മറ്റൊരു കൗമാരക്കാരനെയും ഏതാനും അക്രമികള്‍ ചേര്‍ന്ന് പരിക്കേല്‍പ്പിച്ചിരുന്നു. രണ്ട് സംഭവത്തിലും ഇതുവരെ അറസ്റ്റൊന്നും രേഖപ്പെടുത്തിയിട്ടില്ല.

ഡബ്ലിനിലെ പല പ്രദേശങ്ങളിലും കൗമാരക്കാരുടെ സംഘങ്ങള്‍ ഇത്തരം ആക്രമണങ്ങള്‍ നടത്തുന്നതായി നേരത്തെ പലതവണ പരാതിയുയര്‍ന്നിട്ടുണ്ട്. മുമ്പ് ഡെലിവറി ഡ്രൈവര്‍മാരുടെ സൈക്കിളുകള്‍ തട്ടിയെടുത്തതായും, ഇവരെ പരിക്കേല്‍പ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Share this news

Leave a Reply

%d bloggers like this: