അയർലണ്ടിൽ വരണ്ട കാലാവസ്ഥ തുടരുന്നു; ഡ്രൈവർമാർക്കുള്ള സുരക്ഷാ നിർദ്ദേശങ്ങൾ ശ്രദ്ധിച്ച് വായിക്കുക

ഏതാനും ദിവസമായി വരണ്ട കാലാവസ്ഥ തുടരുന്ന പശ്ചാത്തലത്തില്‍ അയര്‍ലണ്ടിലെ ഡ്രൈവര്‍മാര്‍ വാഹനമോടിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പുമായി Road Safety Authority (RSA). അന്തരീക്ഷ താപനില 30 ഡിഗ്രി സെല്‍ഷ്യസിലധികമായി രേഖപ്പെടുത്തുന്നതിനെത്തുടര്‍ന്ന് രാജ്യത്ത് പലതവണ അതീവ താപനില മുന്നറിയിപ്പുകളും നല്‍കിയിരുന്നു. ഇന്നലെ കൊടുങ്കാറ്റോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

വരണ്ട കാലാവസ്ഥ തുടര്‍ന്നാല്‍ റോഡില്‍ റബ്ബര്‍, ഓയില്‍ എന്നിവ പറ്റിപ്പിടിക്കാന്‍ ഇടയുണ്ടെന്നും, മഴ പെയ്യുകയാണെങ്കില്‍ ഇവയെല്ലാം കൂടിക്കലരുകയും, ഇവയ്ക്ക് മുകളിലൂടെ വാഹനമോടിക്കുമ്പോള്‍ അപകടസാധ്യത വര്‍ദ്ധിക്കുമെന്നും RSA വ്യക്തമാക്കി. റോഡില്‍ വഴുവഴുപ്പ് രൂപപ്പെടുകയും, പെട്ടെന്ന് ബ്രേക്ക് ചെയ്താല്‍ കൃത്യമായി വാഹനം നിര്‍ത്താന്‍ സാധിക്കാത്ത അവസ്ഥ വരികയും ചെയ്യും. വാഹനം തെന്നിപ്പോകാനും സാധ്യത ഏറെയാണ്.

ഇക്കാരണങ്ങളാല്‍ ഡ്രൈവര്‍മാര്‍ കൂടുതല്‍ ശ്രദ്ധയോടെ വാഹനമോടിക്കണമെന്ന് RSA മുന്നറിയിപ്പ് നല്‍കുന്നു. മറ്റ് വാഹനങ്ങളുമായി ബ്രേക്കിങ് ദൂരം കിട്ടാനായി സുരക്ഷിത അകലം പാലിച്ച് മാത്രമേ ഓടിക്കാവൂ. RSA നല്‍കുന്ന മറ്റ് സുരക്ഷാ നിര്‍ദ്ദേശങ്ങള്‍:

ബസ്സുകള്‍, ട്രക്കുകള്‍ എന്നിവയ്ക്ക് പിന്നാലെ ഡ്രൈവ് ചെയ്യുമ്പോള്‍ അവയിലെ ടയറില്‍ നിന്നും റോഡിലെ വെള്ളം ചിന്നിത്തെറിക്കാന്‍ സാധ്യതയുണ്ട്. ഇത് കാഴ്ച മറച്ചേക്കാം.

കാല്‍നടയാത്രക്കാര്‍, സൈക്കിള്‍ യാത്രക്കാര്‍, ബൈക്ക് യാത്രക്കാര്‍ എന്നിവര്‍ക്ക് പ്രത്യേക പരിഗണന കൊടുക്കുക.

ശരിയായ കാഴ്ച കിട്ടാത്ത സാഹചര്യങ്ങളില്‍ ഡിപ്പ് ചെയ്ത ഹെഡ്‌ലൈറ്റുകള്‍ ഓണ്‍ ചെയ്യുക. പാര്‍ക്ക് ലൈറ്റും, സൈഡ് ലൈറ്റും, ഫോഗ് ലൈറ്റും മതിയായെന്ന് വരില്ല.

3 മില്ലിമീറ്ററില്‍ കുറവാണ് ടയറിന്റെ കട്ടിയെങ്കില്‍ ടയര്‍ എത്രയും വേഗം മാറ്റുക.

100-120 കി.മീ വേഗത അനുവദനീയമായ റോഡുകളില്‍ വെള്ളം കെട്ടിക്കിടക്കുകയാണെങ്കില്‍ വേഗത്തില്‍ വാഹനമോടിച്ചാല്‍, വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാന്‍ സാധ്യതയണ്ട്.

കാല്‍നടയാത്രക്കാരെയും, സൈക്കിള്‍ യാത്രക്കാരെയും മറികടക്കുമ്പോള്‍ കൂടുതല്‍ സ്‌പേസ് നല്‍കുക.

Share this news

Leave a Reply

%d bloggers like this: