അയർലണ്ടിൽ indoor dining നാളെ മുതൽ; മാർഗ്ഗ നിർദ്ദേശങ്ങൾ അറിയാം

അയര്‍ലണ്ടില്‍ കെട്ടിടങ്ങള്‍ക്കകത്ത് വച്ച് ഭക്ഷണ പാനീയങ്ങള്‍ വിളമ്പാന്‍ (indoor dining) റെസ്റ്ററന്റുകള്‍ക്കും പബ്ബുകള്‍ക്കും തിങ്കളാഴ്ച മുതല്‍ അനുമതി. കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചിരിക്കുന്ന സാഹചര്യത്തിലും മേഖലയിലെ ബിസിനസുകാരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് സര്‍ക്കാര്‍ തീരുമാനമെടുത്തിരിക്കുന്നത്. അതേസമയം കര്‍ശന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും അനുമതിയോട് അനുബന്ധിച്ച് സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. പ്രധാന നിര്‍ദ്ദേശങ്ങള്‍ ഇവ:

  1. 13 നു മുകളില്‍ പ്രായമുള്ള പരമാവധി 6 പേരെ മാത്രമേ ഒരു ടേബിളില്‍ അനുവദിക്കൂ. അതേസമയം 12 അല്ലെങ്കില്‍ അതിനു താഴെ പ്രായമുള്ള കുട്ടികള്‍ അടക്കം 15 പേര്‍ക്ക് വരെ ഒരു ടേബിളില്‍ ഭക്ഷണം കഴിക്കാം. പക്ഷെ ഒന്നിലധികം ടേബിളുകള്‍ ഒന്നിച്ച് ബുക്ക് ചെയ്യാന്‍ സാധിക്കില്ല.
  2. EU Digital Covid Certificate (DCC) ആണ് വാക്‌സിന്‍ എടുത്തു അല്ലെങ്കില്‍ രോഗമുക്തി നേടി എന്നതിന് പ്രധാന തെളിവായി സ്വീകരിക്കുക. മറ്റു തെളിവുകളായി എന്തെല്ലാം ഉപയോഗിക്കാം എന്ന കാര്യത്തില്‍ ഇന്ന് വ്യക്തത വരുത്തും.
  3. DCC രേഖയ്ക്കൊപ്പം ഫോട്ടോ പതിച്ച ഐഡി കാര്‍ഡ് കൂടി കാണിക്കേണ്ടി വരും.
  4. സര്‍ട്ടിഫിക്കറ്റുകള്‍ സാധുത ഉള്ളതാണോ എന്ന് ഉറപ്പ് വരുത്താന്‍ QR Code സ്‌കാനറുകള്‍ പബ്ബുകളിലും മറ്റും ഉപയോഗിക്കും.
  5. EU-വിനു പുറത്ത് നിന്നും വരുന്നവരില്‍ നിന്നും തെളിവായി സ്വീകരിക്കുന്ന രേഖകള്‍ എന്തെല്ലാമെന്നും ഇന്ന് വ്യക്തത വരുത്തും.
  6. Indoor dining നടത്തുന്ന സ്ഥാപനങ്ങള്‍ രാത്രി 11.30 നു നിര്‍ബന്ധമായും അടയ്ക്കണം. അതേസമയം ഉപഭോക്താക്കള്‍ക്ക് അകത്ത് ചെലവഴിക്കാവുന്ന പരമാവധി സമയത്തിന് നിയന്ത്രണമില്ല.
  7. സന്ദര്‍ശകരുടെ എല്ലാവരുടെയും സമ്പര്‍ക്ക വിവരങ്ങള്‍ ശേഖരിക്കുകയും, ഭാവിയില്‍ ആവശ്യമെങ്കില്‍ ഉപയോഗിക്കുകയും ചെയ്യും.
  8. പബ്ബുകളില്‍ ആയാലും ടേബിള്‍ സര്‍വീസ് മാത്രം. കൗണ്ടര്‍ സര്‍വീസ് പാടില്ല. ഉച്ചത്തിലുള്ള പാട്ട്/ ലൈവ് പരിപാടികള്‍ അടക്കമുള്ളവയും പാടില്ല.
  9. ഭക്ഷണം കഴിക്കാനായി സീറ്റില്‍ ഇരിക്കുന്ന സമയം ഒഴികെ മറ്റെല്ലായ്‌പ്പോഴും മാസ്‌ക് ധരിക്കണം. റസ്റ്ററന്റില്‍ തൊഴിലാളികള്‍ സദാസമയവും മാസ്‌ക് വയ്ക്കണം.
  10. ടേബിളുകള്‍ തമ്മില്‍ 2 മീറ്റര്‍ അകലം പാലിക്കണം. ഇതിനു കഴിയാത്ത സാഹചര്യങ്ങളില്‍ കുറഞ്ഞത് 1 മീറ്റര്‍.
  11. Indoor dining ഏരിയയില്‍ നന്നായി കാറ്റും വെളിച്ചവും കടക്കണം.
  12. പുകവലിക്കാനോ മറ്റോ പുറത്തേക്ക് പോകുകയാണെങ്കില്‍ സ്റ്റാഫിനെ അറിയിക്കണം. അപ്പോള്‍ ഒരു റീ എന്‍ട്രി പാസ് നല്‍കുന്നതാണ്.

ഈ മാര്‍ഗ നിര്‍ദേശങ്ങള്‍ ഏതാനും ദിവസങ്ങള്‍ക്ക് ശേഷം അപ്പോഴത്തെ സാഹചര്യം വിലയിരുത്തി, പുനഃ:പരിശോധിക്കുമെന്ന് ഉപപ്രധാനമന്ത്രി ലിയോ വരദ്കര്‍ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: