പോരാട്ടത്തിന്റെ ഭാവം മാറിയിരിക്കുന്നു, ഡെൽറ്റ വകഭേദത്തിന് ചിക്കൻ പോക്സിന് സമാനമായ വ്യാപനശേഷി; മുന്നറിയിപ്പുമായി യുഎസ് ആരോഗ്യവിദഗ്ദ്ധർ

ലോകമെങ്ങും ഡെല്‍റ്റ വകഭേദം പടരുന്ന സാഹചര്യത്തില്‍ കോവിഡ്-19-ന് എതിരായ പോരാട്ടത്തിന്റെ ‘ഭാവം മാറിയിരിക്കുകയാണ്’ എന്ന മുന്നറിയിപ്പുമായി US Centres for Disease Control (CDC). എല്ലാ ആരോഗ്യപ്രവര്‍ത്തകര്‍ക്കും എത്രയും വേഗം വാക്‌സിന്‍ നല്‍കുക, എല്ലാവരും മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കുക എന്നിങ്ങനെയുള്ള ആരോഗ്യമുന്‍കരുതലുകളെടുക്കാനും CDC അധികൃതര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയില്‍ ആദ്യമായി കണ്ടെത്തുകയും, നിലവില്‍ ലോകമെങ്ങും ഏറ്റവും കൂടുതലായി കണ്ടുവരികയും ചെയ്യുന്ന കൊറോണ വൈറസിന്റെ ഡെല്‍റ്റ വകഭേദം, ചിക്കന്‍ പോക്‌സ് പോലെ വേഗത്തില്‍ പടര്‍ന്നുപിടിക്കാന്‍ സാധ്യതയുള്ളതാണെന്നും CDC റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സാധാരണ പനി, ജലദോഷം എന്നിവയെക്കാള്‍ വ്യാപന ശേഷി ഈ വൈറസിന് വളരെ കൂടുതലാണ്. മുന്‍ വകഭേദങ്ങളെക്കാള്‍ ഗുരുതരമായ രോഗാവസ്ഥയിലേയ്ക്ക് നയിക്കാന്‍ ഡെല്‍റ്റയ്ക്ക് കഴിവുണ്ടെന്നും, വാക്‌സിന്‍ എടുത്തവരില്‍ പോലും വൈറസ് ബാധ ഉണ്ടായേക്കാമെന്നും അധികൃതര്‍ പ്രത്യേകം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. വാക്‌സിന്‍ എടുക്കാത്തവരിലാകട്ടെ പത്തിരട്ടിയിലേറെയാണ് ഈ വകഭേദത്തിന്റെ വ്യാപന ശേഷി. ഇത് പിന്നീട് മരണത്തിലേയ്ക്കും നയിച്ചേക്കാം. ഡെല്‍റ്റ വകഭേദം പടരുന്നതിനാല്‍ നിലവിലെ കോവിഡ് മുന്‍കരുതലുകളില്‍ മാറ്റം വരുത്താന്‍ ലക്ഷ്യമിട്ടാണ് റിപ്പോര്‍ട്ട് തയ്യാറാക്കപ്പെട്ടത്.

വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് രോഗം വരാന്‍ സാധ്യത കുറവാണെങ്കിലും, മറ്റ് വകഭേദങ്ങളെക്കാള്‍ ഡെല്‍റ്റ ഇവരില്‍ നിന്നും മറ്റുള്ളവരിലേയ്ക്ക് പകരാന്‍ സാധ്യത വളരെ കൂടുതലാണെന്ന് CDC റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മസാച്യുസെറ്റ്‌സിലുണ്ടായ രോഗവ്യാപനത്തില്‍ രണ്ട് ഡോസ് വാക്‌സിനുമെടുത്ത 75% പേര്‍ക്കും വൈറസ് ബാധയുണ്ടായതും ഇതിന് ഉദാഹരണമായി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ത്തന്നെ മുഴുനായി വാക്‌സിനേറ്റ് ചെയ്യപ്പെട്ടാലും മാസ്‌ക് ധരിക്കുക എന്നത് വളരെ പ്രധാനമാണ്.

ലോകത്ത് ഇപ്പോഴും കൃത്യമായി വാക്‌സിന്‍ ലഭിക്കാത്ത ജനതയ്ക്കിടയില്‍ ഡെല്‍റ്റ വകഭേദം അതിവേഗം പടരുകയാണ്. അതുപോലെ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും, മരണവും വര്‍ദ്ധിക്കുന്നു. വാക്‌സിന്‍ എടുത്താല്‍ കോവിഡ് മരണങ്ങള്‍ വലിയൊരു പരിധി വരെ കുറയ്ക്കാം.

യുഎസില്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അനുകൂലികളടക്കമുള്ളവര്‍ വാക്‌സിന്‍ എടുക്കാതെ പ്രതിഷേധിക്കുന്നത് അപകടകരമായ വസ്തുതയായി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇത്തരത്തിലുള്ള വാക്‌സിന്‍ വിരുദ്ധര്‍ കാരണം മറ്റുള്ളവരുടെ ജീവന്‍ കൂടിയാണ് അപകടത്തിലാകുന്നതെന്നും അവര്‍ ഓര്‍മ്മിപ്പിക്കുന്നു.

Share this news

Leave a Reply

%d bloggers like this: