അയർലണ്ടിൽ 1,372 പേർക്ക് കൂടി കോവിഡ്; മൂന്ന് ദിവസത്തിനിടെ വാക്ക്-ഇൻ സെന്ററുകൾ വഴി വാക്സിൻ സ്വീകരിച്ചത് 30,000-ലേറെ പേർ

അയര്‍ലണ്ടില്‍ ഇന്നലെ 1,352 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 177 ആയി ഉയരുകയും ചെയ്തിട്ടുണ്ട്. 27 പേരാണ് ഐസിയുവില്‍ കഴിയുന്നത്.

അതേസമയം ശനിയാഴ്ച മുതല്‍ തിങ്കളാഴ്ച വരെ രാജ്യത്ത് പ്രവര്‍ത്തിച്ച വാക്ക്-ഇന്‍ കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ വഴി 30,000-ലേറെ പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായി HSE അറിയിച്ചു. വിചാരിച്ചതിലും അധികം പേര്‍ വാക്‌സിനേഷനായി എത്തിയതില്‍ HSE തലവന്‍ Paul Reid സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. വിവിധ പ്രായത്തിലുള്ളവര്‍ വാക്‌സിന്‍ എടുക്കാന്‍ എത്തിയതായും, വരും ദിവസങ്ങളില്‍ കൂടുതല്‍ സെന്ററുകള്‍ തുറക്കാന്‍ ആലോചിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബാങ്ക് അവധി ദിവസങ്ങളായതിനാലാണ് 20-ഓളം സെന്ററുകള്‍ വഴി ബുക്കിങ്ങില്ലാതെ നേരിട്ട് വാക്‌സിന്‍ സ്വീകരിക്കാന്‍ HSE സൗകര്യമൊരുക്കിയത്. ഡെല്‍റ്റ വകഭേദം പടരുന്ന സാഹചര്യത്തില്‍ ചെറുപ്പക്കാരക്കം കൂടുതല്‍ പേരിലേയ്ക്ക് വാക്‌സിന്‍ എത്തിക്കുകയായിരുന്നു ലക്ഷ്യം.

12-15 പ്രായക്കാരായ കുട്ടികള്‍ക്കുള്ള വാക്‌സിന്‍ വിതരണം രണ്ടാഴ്ചയ്ക്കുള്ളില്‍ ആരംഭിക്കാനാണ് നിലവിലെ തീരുമാനമെന്നും HSE പറഞ്ഞു. രക്ഷിതാക്കളുടെ സമ്മതപ്രകാരം ആയിരിക്കും ഇവര്‍ക്ക് വാക്‌സിന്‍ നല്‍കുക. ഇതിനുള്ള സംവിധാനം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.

വടക്കന്‍ അയര്‍ലണ്ടില്‍ ഇന്നലെ 872 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്.

Share this news

Leave a Reply

%d bloggers like this: