കെറിയിലെ വീട്ടിൽ ദമ്പതികളും മകനും വെടിയേറ്റ് മരിച്ച നിലയിൽ; കൊലപാതകം നടത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തതെന്ന് നിഗമനം

നോര്‍ത്ത് കെറിയിലെ വീട്ടില്‍ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണമാരംഭിച്ച് ഗാര്‍ഡ. ചൊവ്വാഴ്ച രാത്രിയാണ് സ്ത്രീ, ഭര്‍ത്താവ്, മകന്‍ എന്നിവരുടെ മൃതദേഹം Lixnaw-ലുള്ള Ballyreehan-ലെ വീട്ടില്‍ നിന്നും ഗാര്‍ഡ കണ്ടെത്തിയത്. ഭാര്യയെയും, മകനെയും വെടിവച്ച് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തതാകാം എന്നാണ് പ്രാഥമിക നിഗമനം.

അയല്‍ക്കാരന്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് രാത്രി 9 മണിയോടെ സ്ഥലത്തെത്തിയ ഗാര്‍ഡ വീട്ടിനകത്ത് സ്ത്രീയെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വീട്ടില്‍ മറ്റൊരു ഭാഗത്ത് ഇവരുടെ 20-ലേറെ പ്രായമുള്ള മകനെയും വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പിന്നീട് നടത്തിയ പരിശോധനയിലാണ് സമീപത്തെ വയല്‍പ്രദേശത്ത് നിന്നും സ്ത്രീയുടെ ഭര്‍ത്താവിന്റെ മൃതദേഹം കണ്ടെടുത്തത്. ഇദ്ദേഹത്തിന്റെ സമീപത്ത് നിന്നും ഒരു ഷോട്ട്ഗണ്‍ കണ്ടെടുക്കുകയും ചെയ്തു.

മരിച്ച ദമ്പതികള്‍ 60-ലേറെ പ്രായമുള്ളവരാണ്.

വീടും പ്രദേശവും കൂടുതല്‍ തെളിവെടുപ്പിനായി ഗാര്‍ഡ സീല്‍ ചെയ്തിരിക്കുകയാണ്. ബാലിസ്റ്റിക് സംഘവും സ്ഥലത്തെത്തും. ഇതിന് ശേഷമാകും ബോഡികള്‍ ആശുപത്രിയിലേയ്ക്ക് മാറ്റുക.

സംഭവവുമായി ബന്ധപ്പെട്ട് മറ്റാരിലേയ്ക്കും അന്വേഷണം വ്യാപിപ്പിക്കില്ലെന്നാണ് കരുതുന്നത്.

Share this news

Leave a Reply

%d bloggers like this: