കോർക്കിൽ ഭവനപ്രതിസന്ധി രൂക്ഷമാകുമ്പോഴും വില കൂടുമ്പോൾ വിൽക്കാനുദ്ദേശിച്ച് അടച്ചിട്ടിരിക്കുന്ന കെട്ടിടങ്ങൾ നിരവധി; നടപടിയെടുക്കാൻ ആവശ്യപ്പെട്ട് സാമൂഹിക പ്രവർത്തകരുടെ സംഘടന

അയര്‍ലന്‍ഡില്‍ ഭവനപ്രതിസന്ധി തുടരുന്നതിനിടെ കോര്‍ക്ക് നഗരത്തില്‍ ഉപയോഗിക്കാതെ അടച്ചുപൂട്ടിക്കിടക്കുന്ന കെട്ടിടങ്ങള്‍ക്ക് മുകളില്‍ പോസ്റ്ററുകള്‍ പതിച്ച് സാമൂഹികപ്രവര്‍ത്തകരുടെ പ്രതിഷേധം.

കെട്ടിടങ്ങളുടെ ചുമരിലും മറ്റും പതിച്ച പോസ്റ്ററുകളിലെ ക്യു.ആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍, അടഞ്ഞുകിടക്കുന്ന കെട്ടിടങ്ങള്‍ നവീകരിച്ച് തുറന്നുകൊടുക്കാനും, കൂടുതല്‍ പബ്ലിക് ഹൗസിങ് നിര്‍മ്മാണം നടത്താനുമുള്ള നിവേദനം കോര്‍ക്ക് സിറ്റി കൗണ്‍സിലിന് സമര്‍പ്പിക്കാനുള്ള വെബ് പേജ് ഓപ്പണ്‍ ചെയ്ത് വരികയും ചെയ്യും. വീടുകളില്ലാതെ കഷ്ടപ്പെടുന്നവര്‍ക്കും, വാടക്കാര്‍ക്കും, ഭവനവായ്പയെടുത്തവര്‍ക്കുമായി പ്രവര്‍ത്തിക്കുന്ന Community Action Tenants Union (CATU) എന്ന സംഘടനയാണ് പ്രതിഷേധത്തിന് പുറകില്‍.

ഭവനപ്രതിസന്ധി രൂക്ഷമായിരിക്കുന്നതിനിടെ അടച്ചുപൂട്ടിയിട്ട കെട്ടിടങ്ങള്‍ ഉപയോഗയോഗ്യമാക്കാന്‍ നടപടി കൈക്കൊള്ളാത്തതിനെതിരെ ഈ മാസം ‘കാല്‍നട പ്രതിഷേധം’ സംഘടിപ്പിക്കാനും CATU പദ്ധതിയിട്ടിട്ടുണ്ട്. ‘Walking Festival of Dereliction’ എന്നാണ് പ്രതിഷേധം അറിയപ്പെടുക.

കോര്‍ക്കില്‍ പലയിടത്തുമായി ഉപയോഗയോഗ്യമല്ലാതെ കിടക്കുന്ന നിരവധി കെട്ടിടങ്ങളുണ്ടെന്ന് സംഘടന ചൂണ്ടിക്കാട്ടുന്നു. അവയുടെ ഫോട്ടോകള്‍ തങ്ങളുടെ ട്വിറ്റര്‍ പേജിലൂടെ പങ്കുവച്ചിട്ടുമുണ്ട് CATU. ഈ കെട്ടിടങ്ങളില്‍ പലതും സമ്പന്നരായ ആളുകളുടേതാണ്. ഭവനവില ഇനിയും കൂടുമ്പോള്‍ വില്‍ക്കാനാണ് ഇവ ഇപ്പോള്‍ അടച്ചിട്ടിരിക്കുന്നതെന്നും സംഘടന പ്രവര്‍ത്തകര്‍ പറയുന്നു.

ഉപയോഗിക്കാത്ത കെട്ടിടങ്ങള്‍ക്ക് വേക്കന്റ് പ്രോപ്പര്‍ട്ടി ടാക്‌സ് ചുമത്തണമെന്നും CATU ആവശ്യപ്പെടുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: