കൊടുമ്പിരിക്കൊണ്ട വിവാദത്തിനൊടുവിൽ സർക്കാരിന് ജയം; മന്ത്രി Coveney-ക്ക് എതിരായ അവിശ്വാസപ്രമയേം പരാജയപ്പെടുത്തി

അയര്‍ലണ്ട് രാഷ്ട്രീയത്തിലെ ചൂടേറിയ വിവാദങ്ങള്‍ക്കും, വാദപ്രതിവാദങ്ങള്‍ക്കുമൊടുവില്‍ തനിക്കെതിരായ അവിശ്വാസപ്രമേയ വോട്ടെടുപ്പ് മറികടന്ന് മന്ത്രി Simon Coveney. ബുധനാഴ്ച വൈകിട്ട് 7.30-ഓടെ പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പില്‍ 59-നെതിരെ 92 പേരുടെ പിന്തുണ നേടിയാണ് Coveney തനിക്കെതിരായ അവിശ്വാസപ്രമേയം പരാജയപ്പെടുത്തിയത്.

പ്രതിപക്ഷമായ Sinn Fein ആയിരുന്നു മന്ത്രിക്കെതിരെ അവിശ്വാസപ്രമേയം കൊണ്ടുവന്നത്. സര്‍ക്കാര്‍ എതിര്‍ക്കുകയും ചെയ്തു. 2020 മാര്‍ച്ചിന് ശേഷം ആദ്യമായി എല്ലാ TD-മാരും, സെനറ്റര്‍മാരും ഇന്നലെ Leinster House-ല്‍ സന്നിഹിതരായിരുന്നു.

മുന്‍മന്ത്രി Catherine Zappone-യെ യു.എന്നിലെ സ്ഥാനത്തേയ്ക്ക് നിയമിക്കാനായി മന്ത്രി Coveney വഴിവിട്ട ശ്രമം നടത്തി എന്ന ആരോപണത്തെത്തുടര്‍ന്നായിരുന്നു കൊടുമ്പിരിക്കൊണ്ട വിവാദങ്ങള്‍ക്കൊടുവില്‍ അവിശ്വാസപ്രമേയം അവതരിപ്പിക്കുന്നതിലേയ്ക്ക് കാര്യങ്ങളെത്തിയത്. യു.എന്നിന്റെ Special Envoy to the UN for freedom of opinion and expression സ്ഥാനത്തേയ്ക്ക് അയര്‍ലണ്ട് പ്രതിനിധിയായി Zappone-യെ നിയമിക്കാനായിരുന്നു നീക്കം. എന്നാല്‍ ഇക്കാര്യം പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്റെ അറിവോടെയായിരുന്നില്ല എന്ന കാരണത്താല്‍ ജൂലൈ 28-ന് നടന്ന മന്ത്രിസഭായോഗത്തില്‍ നിയമനം വേണ്ടെന്ന് വച്ചു.

Zappone-യെ നിയമിക്കാനായി പിന്തുടര്‍ന്ന രീതി തെറ്റായിരുന്നുവെന്ന് സമ്മതിച്ച മന്ത്രി Coveney, ഇതെത്തുടര്‍ന്ന് Oireachtas Foreign Affairs Committee-ക്ക് മുമ്പില്‍ ക്ഷമ ചോദിച്ചിരുന്നു. Zappone-യും Coveney-യുമായുള്ള മെസേജുകള്‍ അദ്ദേഹം ഡിലീറ്റ് ചെയ്തതും വിവാദമായി.

ഏതെങ്കിലും തരത്തില്‍ Zappone-യെ സഹായിക്കുകയായിരുന്നില്ല തന്റെ ഉദ്ദേശ്യമെന്ന് മന്ത്രി പറഞ്ഞെങ്കിലും, സര്‍ക്കാര്‍ സ്വജനപക്ഷപാതം കാണിച്ചുവെന്നാരോപിച്ച പ്രതിപക്ഷം, വിഷയം വിവാദമാക്കുകയായിരുന്നു. തന്റെ സഹപ്രവര്‍ത്തകയെ മന്ത്രി വഴിവിട്ട് സഹായിച്ചു എന്നും അവര്‍ ആരോപണമുയര്‍ത്തി.

ഇന്നലെ നടന്ന പാര്‍ലമെന്റ് ചര്‍ച്ചയ്ക്കിടെ പ്രധാനമന്ത്രി മാര്‍ട്ടിന്‍ Coveney-യെ പിന്തുണച്ച് സംസാരിച്ചു. താല്‍ക്കാലികമായ ഒരു സ്ഥാനമായിരുന്നു ഇതെന്നും, അതുകൊണ്ട് ആര്‍ക്കും പ്രത്യേകിച്ച് ഒരു നേട്ടവും ഉണ്ടാകുമായിരുന്നില്ലെന്നും പറഞ്ഞ അദ്ദേഹം, അവിശ്വാസപ്രമേയം പ്രതിപക്ഷത്തിന്റെ അനാവശ്യശ്രദ്ധയാകര്‍ഷിക്കാനുള്ള ശ്രമമാണെന്നും കുറ്റപ്പെടുത്തി. ആരെയും ഈ സ്ഥാനത്ത് നിയമിച്ചിട്ടില്ല എന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെടാന്‍ എന്തുകൊണ്ടും Zappone യോഗ്യതയുള്ള ആളായിരുന്നുവെന്ന് സര്‍ക്കാരിനെ പിന്തുണച്ചുകൊണ്ട് ഗ്രീന്‍ പാര്‍ട്ടി നേതാവും, ഗതാഗതമന്ത്രിയുമായ ഈമണ്‍ റയാനും പറഞ്ഞു. പ്രതിപക്ഷം വിലകുറഞ്ഞ പ്രകടനമാണ് നടത്തിയതെന്ന് ഉപപ്രധാനമന്ത്രി ലിയോ വരദ്കര്‍ വിമര്‍ശിച്ചു.

അതേസമയം സര്‍ക്കാര്‍ പിന്തുടരുന്ന സ്വജനപക്ഷപാതത്തിനെതിരെയാണ് തങ്ങള്‍ പ്രമേയം കൊണ്ടുവന്നതെന്ന് Sinn Fein നേതാവ് Mary Lou McDonald പറഞ്ഞു. പ്രധാനമന്ത്രി മാര്‍ട്ടിന്‍, തന്റെ ജോലി Coveney-യെ ഏല്‍പ്പിച്ചുവെന്നും, അതിനാലാണ് തങ്ങള്‍ക്ക് ഇടപെടേണ്ടി വന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

comments

Share this news

Leave a Reply

%d bloggers like this: