അയർലൻഡിലെ സ്‌കൂളുകളിൽ ഈ ആഴ്ചയോടെ 25,000 കാർബൺ ഡയോക്സൈഡ് മോണിറ്ററുകൾ സ്ഥാപിക്കും: മാർട്ടിൻ

ഈയാഴ്ച അവസാനത്തോടെ രാജ്യത്തെ സ്‌കൂളുകളില്‍ 25,000 കാര്‍ബണ്‍ ഡയോക്‌സൈഡ് മോണിറ്ററുകള്‍ വിതരണം ചെയ്യുമെന്ന് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍. കോവിഡ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ക്ലാസുകളില്‍ ശുദ്ധവായു കൃത്യമായി ലഭിക്കുന്നു എന്നും, അമിതമായ ആള്‍ക്കൂട്ടമില്ലെന്നും ഉറപ്പാക്കാനായാണ് CO2 മോണിറ്ററുകള്‍ സ്ഥാപിക്കണമെന്ന് ആരോഗ്യവിദഗ്ദ്ധര്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നത്.

രാജ്യമെമ്പാടുമുള്ള പ്രൈമറി, സെക്കന്‍ഡറി സ്‌കൂളുകളിലേയ്ക്ക് 35,000 മോണിറ്ററുകള്‍ വേണമെന്നായിരുന്നു കണക്കാക്കിയിരുന്നത്. എന്നാല്‍ നിലവില്‍ 25,000 മോണിറ്ററുകള്‍ക്കാണ് ഓര്‍ഡര്‍ നല്‍കിയിരിക്കുന്നതെന്ന് മാര്‍ട്ടിന്‍ അറിയിച്ചു. ഇതിനായി കിണഞ്ഞ് പരിശ്രമിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

25,000 മോണിറ്ററുകളെന്നാല്‍ എല്ലാ സ്‌കൂളുകളിലും കുറച്ചെങ്കിലും മോണിറ്ററുകള്‍ എന്ന സാഹചര്യമുണ്ടാകുമെന്നും മാര്‍ട്ടിന്‍ വ്യക്തമാക്കി. ബാക്കി 10,000 മോണിറ്ററുകള്‍ ഇപ്പോള്‍ ലഭിക്കാത്തത് നിര്‍മ്മാണം പൂര്‍ത്തിയാകാത്തതിനാലാണെന്നും, ഇത് വിദ്യാഭ്യാസവകുപ്പിന്റെ കഴിവിനും അപ്പുറത്താണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മറ്റ് നിര്‍മ്മാതാക്കളെ സമീപിച്ച് പ്രശ്‌നപരിഹരത്തിന് ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Lennox Laboratory Supplies Limited ആണ് നിലവില്‍ സ്‌കൂളുകള്‍ക്ക് CO2 മോണിറ്ററുകള്‍ നല്‍കുന്നത്. സെപ്റ്റംബര്‍ 17-ഓടെ ഇവ സ്‌കൂളുകളില്‍ സ്ഥാപിക്കും. പ്രൈമറി ലെവലില്‍ സ്‌പെഷ്യല്‍ സ്‌കൂളുകളടക്കം 96% സ്‌കൂളുകള്‍ക്കും പൂര്‍ണ്ണമായും മോണിറ്റര്‍ സംവിധാനം ലഭിക്കുമെന്ന് മാര്‍ട്ടിന്‍ പാര്‍ലമെന്റില്‍ ഉറപ്പുനല്‍കി.

Share this news

Leave a Reply

%d bloggers like this: