വടക്കന്‍ അയര്‍ലണ്ടിലെ Down കൗണ്ടിയില്‍ ബാന്‍ഡ് പരേഡിനിടയിലൂടെ കാറോടിച്ച് രണ്ട് പേരെ പരിക്കേല്‍പ്പിച്ച കൗമാരക്കാരന്‍ പോലീസ് പിടിയില്‍. വെള്ളിയാഴ്ച രാത്രിയാണ് Rathfriland-ലെ Newry Street പ്രദേശത്ത് 16-കാരനായ പ്രതി, പോലീസ് കൈകാണിച്ച് നിര്‍ത്താതെ തന്റെ കാര്‍ സമീപത്തെ ബാന്‍ഡ് സംഘത്തിനുള്ളിലേയ്ക്ക് ഓടിച്ച് കയറ്റിയത്.
ആളുകള്‍ക്കിടയിലൂടെ ഇയാള്‍ കാറോടിക്കുന്നതും, പിന്നീട് വാഹനം ഫുട്പാത്തിലേയ്ക്ക് കയറുന്നതുമായ വീഡിയോ ദൃശ്യം തെളിവായി ലഭിച്ചിരുന്നു. കാര്‍ നിര്‍ത്താനായി ജനങ്ങള്‍ ഒച്ചവയ്ക്കുന്നതും, എന്നാല്‍ വേഗതയില്‍ പ്രതി കാറോടിച്ച് ഇവിടെ നിന്നും രക്ഷപ്പെടുന്നതും വീഡിയോയില്‍ കാണാം. കാറിടിച്ച രണ്ട് പേര്‍ക്ക് ചെറിയ പരിക്കേല്‍ക്കുകയും ചെയ്തു.
അപകടകരമായ രീതിയില്‍ വാഹനമോടിക്കുക, പോലീസ് കൈകാണിച്ചിട്ടും നിര്‍ത്താതിരിക്കുക, ഇന്‍ഷുറന്‍സ് ഇല്ലാതിരിക്കുക എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് പ്രതിക്ക് മേല്‍ ചുമത്തയിട്ടുള്ളത്. ഇയാള്‍ പോലീസ് കസ്റ്റഡിയിലാണ്. അതേസമയം സംഭവം വിദ്വേഷകുറ്റകൃത്യമായി നിലവില്‍ കണക്കാക്കുന്നില്ലെന്നും പോലീസ് അറിയിച്ചു.