ഷോപ്പ് മാനേജർ ഫേസ്ബുക്ക് വഴി സഹപ്രവർത്തകയെ അപമാനിച്ചു; Costa Coffee ഉടമകൾ യുവതിക്ക് 20,000 യൂറോ നഷ്ടപരിഹാരം നൽകണമെന്ന് കോടതി

കോഫി ഷോപ്പിലെ സഹപ്രവര്‍ത്തകയെ ഷോപ്പ് മാനേജര്‍ ഫേസ്ബുക്ക് വഴി ലൈംഗികമായി അപമാനിച്ച സംഭവത്തില്‍ 20,000 യൂറോ നഷ്ടപരിഹാരം നല്‍കാന്‍ വിധി. ഡബ്ലിനിലെ Belgard-ലുള്ള Costa Coffee ഷോപ്പ് മാനേജറാണ് ലൈംഗികച്ചുവയുള്ള പോസ്റ്റ് വഴി സഹപ്രവര്‍ത്തകയായ Shauna Quilty (19)-യെ അപമാനിച്ചത്.

ഷോപ്പ് ജീവനക്കാര്‍ക്കുള്ള ഒരു ഫേസ്ബുക്ക് ഗ്രൂപ്പ് മെസഞ്ചറില്‍, ‘Shauna എവിടെ’ എന്ന് മാനേജര്‍ ചോദിച്ചപ്പോള്‍ പരാതിക്കാരി മറുപടി നല്‍കിയിരുന്നില്ല. തുടര്‍ന്ന് താന്‍ ഷോര്‍ട്ട്‌സ് ധരിച്ച് നില്‍ക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്ത മാനേജര്‍ ‘what about Shauna?’ എന്ന് കമന്റ് ചെയ്യുകയായിരുന്നു.

ഇത് കൂടാതെ കോഫിയുണ്ടാക്കുന്ന ഒരാള്‍ പുരുഷലിംഗം വരയ്ക്കുന്ന വീഡിയോ പോസ്റ്റ് ചെയ്ത ഇയാള്‍, ഇതുപോലെ വരയ്ക്കുന്നവരെ പരിചയസമ്പത്തില്ലെങ്കിലും നേരെ Barista Maestro (പ്രധാന പാചകക്കാരന്‍/പാചകക്കാരി) ആക്കി മാറ്റുമെന്ന് മറ്റൊരു പോസ്റ്റും ഇട്ടിരുന്നു. ഷോര്‍ട്ട്‌സ് ധരിച്ച് നില്‍ക്കുന്ന വേറെ ഫോട്ടോയും പോസ്റ്റ് ചെയ്ത് അശ്ലീലച്ചുവയുള്ള കമന്റിട്ടു. 2019 ഡിസംബറിലായിരുന്നു ഈ സംഭവങ്ങളെല്ലാം.

ഇതേ കേസില്‍ മുമ്പ് 3,500 യൂറോ നഷ്ടപരിഹാരമായി നല്‍കാനായിരുന്നു Workplace Relations Commission (WRC) ഉത്തരവിട്ടത്. എന്നാല്‍ Quilty അപ്പീല്‍ പോകുകയായിരുന്നു. തുടര്‍ന്ന് പരാതിക്കാരിക്ക് 20,000 യൂറോ നഷ്ടപരിഹാരം നല്‍കാന്‍ Costa Coffee ഉടമകളായ MBCC Foods Ireland Ltd-ന് ലേബര്‍ കോടതി ഉത്തരവ് നല്‍കി.

പരാതിക്കാരിക്ക് മാനേജറുടെ പക്കല്‍ നിന്നും അപമാനകരമായ പോസ്റ്റുകളോ, പെരുമാറ്റമോ ഇല്ലാതെ ജോലിക്ക് പോകാന്‍ അവകാശമുണ്ടെന്ന് കേസ് പരിഗണിക്കവേ ജഡ്ജ് Tom Geraghty പ്രസ്താവിച്ചു. ശാരീരികമായ അപമാനമല്ലെങ്കില്‍ പോലും ഇത് ഗൗരവമുള്ള കാര്യമാണെന്നും കോടതി നിരീക്ഷിച്ചു.

സംഭവത്തെത്തുടര്‍ന്ന് നേരത്തെ തന്നെ മാനേജറെ സസ്‌പെന്‍ഡ് ചെയ്തിരുന്നതായും, സംഭവം അന്വേഷിച്ച് പിഴ ഈടാക്കിയതായും കോടതി പറഞ്ഞു. എന്നാല്‍ പരാതിക്കാരിക്ക് വേണ്ട സഹായങ്ങളൊന്നും ചെയ്യാന്‍ ഷോപ്പ് ഉടമകള്‍ തയ്യാറായില്ലെന്ന് ജഡ്ജ് വിമര്‍ശിച്ചു. ജോലിക്കാരുടെ സോഷ്യല്‍ മീഡിയയിലെ പെരുമാറ്റം എങ്ങനെയായിരിക്കണമെന്നത് സംബന്ധിച്ച് കൃത്യമായ നയം രൂപീകരിക്കാനും കോടതി ഷോപ്പ് ഉടമകളോട് ഉത്തരവിട്ടു.

WRC തീര്‍പ്പ് കല്‍പ്പിച്ച കേസില്‍ അപ്പീല്‍ പോയ ശേഷം ലേബര്‍ കോടതിയില്‍ അനുകൂലവിധി വന്നതില്‍ സന്തുഷ്ടനാണെന്ന് പറഞ്ഞ പരാതിക്കാരിയുടെ വക്കീല്‍, ഈ നടപടി നിലവിലെ WRC രീതികളെ പൊളിച്ചെഴുതുന്നതാണെന്നും പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: