അയർലൻഡിൽ ലേണർ ഡ്രൈവർ പെർമിറ്റുകൾ ഇനി നീട്ടിനൽകില്ലെന്ന് മന്ത്രി; ടെസ്റ്റിനായി കാത്തിരിക്കുന്നത് 78,000-ഓളം പേർ

അയര്‍ലണ്ടില്‍ ലേണര്‍ ഡ്രൈവര്‍മാരുടെ പെര്‍മിറ്റ് കാലാവധി ഇനി നീട്ടിനല്‍കില്ലെന്ന് മന്ത്രി Hildegarde Naughton. കോവിഡ് കാരണം ടെസ്റ്റുകള്‍ കൃത്യമായി നടക്കാത്തതിനാല്‍ നേരത്തെ മൂന്ന് തവണ ലേണര്‍ പെര്‍മിറ്റ് കാലാവധി നീട്ടിനല്‍കിയിരുന്നു.

എട്ട് മാസം കാലാവധി നീട്ടിനല്‍കിയ ശേഷം 2020 മാര്‍ച്ച് 1-നും, ജൂണ്‍ 30-നും ഇടയില്‍ കാലാവധി അവസാനിച്ച പെര്‍മിറ്റുകള്‍ക്ക്, 10 മാസം കൂടി കാലാവധി നീട്ടിനല്‍കുന്ന തരത്തിലായിരുന്നു ആദ്യ ഉത്തരവ്. പിന്നീട് 2020 ജൂലൈ 1- ഒക്ടോബര്‍ 31 കാലയളവിനിടെ പെര്‍മിറ്റ് അവസാനിച്ചവയ്ക്ക് 10 മാസം കൂടി കാലാവധി നീട്ടിനല്‍കി. അവസാനമായി 2020 നവംബര്‍ 1-നും 2021 ജൂലൈ 31-നും അവസാനിച്ചവയ്ക്ക് 10 മാസത്തേയ്ക്ക് കൂടിയും പെര്‍മിറ്റ് നീട്ടിയിരുന്നു.

നിലവില്‍ രാജ്യത്ത് 67,684 പേരാണ് ഡ്രൈവിങ് ടെസ്റ്റിനായി കാത്തിരിക്കുന്നത്. ഇതിന് പുറമെ 10,094 പേര്‍ക്ക് ടെസ്റ്റ് തീയതി ലഭിച്ചിട്ടുമുണ്ട്.

കോവിഡ് കടുത്ത മാസങ്ങളില്‍ വളരെക്കുറച്ച് ടെസ്റ്റുകള്‍ മാത്രമായിരുന്നു ഗതാഗതവകുപ്പിന് നടത്താന്‍ സാധിച്ചത്. അതുതന്നെ കോവിഡ് പ്രതിരോധപ്രവര്‍ത്തകര്‍ക്ക് മുന്‍ഗണന നല്‍കുന്ന തരത്തിലുമായിരുന്നു. ഇപ്പോഴും സാധാരണക്കാരായ ഏറെപ്പേര്‍ ടെസ്റ്റ് തീയതി ലഭിക്കാതെ മാസങ്ങളായി കാത്തിരിക്കുകയാണ്.

അതേസമയം നിയന്ത്രണങ്ങള്‍ വലിയ രീതിയില്‍ പിന്‍വലിച്ച സാഹചര്യത്തില്‍ National Drivier Licence Services സെന്ററുകള്‍ വീണ്ടും പ്രവര്‍ത്തിക്കാനാരംഭിച്ചിട്ടുണ്ടെന്നും, വേണ്ട സുരക്ഷാ മുന്‍കരുതലുകളെടുത്തിട്ടുണ്ടെന്നും മന്ത്രി Naughton പറഞ്ഞു. ഇതിനാലാണ് ഇനി പെര്‍മിറ്റ് കാലാവധി നീട്ടേണ്ടെന്ന തീരുമാനമെടുത്തിരിക്കുന്നത്. Public Servive Card, വെരിഫൈ ചെയ്ത MyGovID എന്നിവ ഉള്ളവര്‍ക്കും അപേക്ഷിക്കാന്‍ സൗകര്യമൊരുക്കിയിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അടുത്ത 14 മാസത്തിനുള്ളില്‍ അപേക്ഷകളിലെ കാലതാമസം പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയും മന്ത്രി പങ്കുവച്ചു.

ടെസ്റ്റുകള്‍ നടത്താനായി 116 ഉദ്യോഗസ്ഥരെക്കൂടി ഗതാഗതവകുപ്പ് നിയമിച്ചിട്ടുണ്ട്. ഇതോടെ ദിവസവും 6-7 പേര്‍ക്ക് അധികമായി ടെസ്റ്റില്‍ പങ്കെുക്കാന്‍ സാധിക്കും. 2021-ല്‍ ഇതുവരെ 92,672 ടെസ്റ്റുകള്‍ നടത്തിയതായാണ് റിപ്പോര്‍ട്ട്. ടെസ്റ്റില്‍ പങ്കെടുത്ത ആര്‍ക്കും കോവിഡ് ബാധിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ടെസ്റ്റിനായി ഏറ്റവും കൂടുതല്‍ കാത്തിരുന്നവര്‍ക്കാണ് മുന്‍ഗണന നല്‍കുകയെന്നും ഇതുമായി ബന്ധപ്പെട്ട് മന്ത്രി പറഞ്ഞു. മുന്‍നിര ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മുന്‍ഗണന നല്‍കന്നതും തുടരും. അര്‍ഹരായ എല്ലാവര്‍ക്കും ടെസ്റ്റ് തീയതി ലഭിക്കാനായി അപേക്ഷിക്കാമെന്നും അവര്‍ വ്യക്തമാക്കി. ഓരോ ആഴ്ചയും 5,000 പേരെ വീതം ടെസ്റ്റില്‍ പങ്കെടുപ്പിക്കും.

അതേസമയം ചെറുപ്പക്കാരായ ഡ്രൈവര്‍മാര്‍, ആദ്യം തിയറി ടെസ്റ്റ് പാസാകുകയും, ആറ് മാസമെങ്കിലും ലേണര്‍ പെര്‍മിറ്റ് കൈവശം വയ്ക്കുകയും, 12 നിര്‍ബന്ധിത ക്ലാസുകളില്‍ പങ്കെടുക്കുകയും ചെയ്ത ശേഷം മാത്രമേ ടെസ്റ്റുകളില്‍ പങ്കെടുക്കാവൂ എന്ന് മന്ത്രി ഓര്‍മ്മിപ്പിച്ചു. ടെസ്റ്റില്‍ പങ്കെടുക്കുന്ന 44% പേരും പരാജയപ്പെടുന്നു എന്നതിനാല്‍ കൃത്യമായ പരിശീലനം നേടേണ്ടതുണ്ടെന്നും ഓര്‍ക്കണം.

Share this news

Leave a Reply

%d bloggers like this: