വിവാദങ്ങൾക്ക് ശേഷവും സഹായമഭ്യർത്ഥിച്ച് വരുന്ന ഫോൺ കോളുകൾ കട്ട് ചെയ്യുന്നത് തുടർന്ന് ഗാർഡ; ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെന്ന് കമ്മിഷണർ

സഹായമഭ്യര്‍ത്ഥിച്ച് വിളിക്കുന്ന ഫോണ്‍ കോളുകള്‍ ഗാര്‍ഡ കട്ട് ചെയ്യുന്നു എന്ന് വിവാദമുയര്‍ന്ന ശേഷവും, ഗാര്‍ഡയുടെ 999 നമ്പറില്‍ വന്ന ഫോണ്‍ കോളുകള്‍ ഉദ്യോഗസ്ഥര്‍ വേണ്ടവിധ പരിശോധിച്ചില്ലെന്ന് റിപ്പോര്‍ട്ട്. ഇതെത്തുടര്‍ന്ന് വകുപ്പില്‍ ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടതായി ഗാര്‍ഡ മാനേജ്‌മെന്റ് അറിയിച്ചു.

അടിയന്തരസഹായം അഭ്യര്‍ത്ഥിച്ച് ഗാര്‍ഡയെ വിളിച്ച ആയിരക്കണക്കിന് കോളുകള്‍ വേണ്ടവിധം പരിശോധിക്കാതിരിക്കുകയോ, കട്ട് ചെയ്യുകയോ ചെയ്തതായുള്ള റിപ്പോര്‍ട്ട് രാജ്യത്ത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു. 2019-2020-ലെ 12 മാസത്തിനിടെ 200,000-ലേറെ കോളുകള്‍ ഗാര്‍ഡ വേണ്ടവിധം പരിഗണിച്ചില്ലെന്നായിരുന്നു കണ്ടെത്തല്‍. ഇതില്‍ മിക്ക കോളുകളും വ്യാജമായിരുന്നുങ്കിലും 23,000 പരാതികളില്‍ അടിയന്തരമായി ഇടപെടേണ്ടതുണ്ടായിരുന്നു. പല കോളുകളും ഗാര്‍ഹിക പീഢനങ്ങളോ, അക്രമങ്ങളോ പോലുള്ള അടിയന്തര ഇടപെടല്‍ വേണ്ടതായിരുന്നിട്ടും ഗാര്‍ഡ വലിയ വീഴ്ച വരുത്തുകയാണുണ്ടായത്.

തുടര്‍ന്ന് ഇത് ആവര്‍ത്തിക്കില്ലെന്ന് കമ്മിഷണര്‍ Drew Harris ഉറപ്പു നല്‍കിയിരുന്നെങ്കിലും, വിവാദങ്ങള്‍ക്ക് ശേഷവും 53 കോളുകള്‍ ഗാര്‍ഡ ഇത്തരത്തില്‍ കട്ട് ചെയ്തതായാണ് പുതിയ റിപ്പോര്‍ട്ട്.

സംഭവത്തെത്തുടര്‍ന്ന് വിശദമായ അന്വേഷണം ആരംഭിച്ചതായും, പല ഉദ്യോഗസ്ഥരും അന്വേഷണപരിധിയിലാണെന്നും Harris പറഞ്ഞു. ഉദ്യോഗസ്ഥരുടെ അലംഭാവം നിരാശാജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോള്‍ കട്ട് ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്കനടപടിയുണ്ടാകുമെന്നും Harris സൂചിപ്പിച്ചു.

Share this news

Leave a Reply

%d bloggers like this: