ഇന്ത്യയുടെ കോവിഷീൽഡിന് ഓസ്‌ട്രേലിയയുടെ അംഗീകാരം; വാക്സിൻ എടുത്തവരെ പ്രവേശിപ്പിക്കും

ഇന്ത്യന്‍ നിര്‍മ്മിത കോവിഡ് പ്രതിരോധ വാക്‌സിനായ കോവിഷീല്‍ഡിന് ഓസ്‌ട്രേലിയയുടെ അംഗീകാരം. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വിമാനസര്‍വീസ് പുനരാരംഭിക്കുന്ന മുറയ്ക്ക് കോവിഷീല്‍ഡ് കുത്തിവെപ്പ് എടുത്തവര്‍ക്ക് വാക്‌സിനേറ്റ് ചെയ്തവര്‍ എന്ന നിലയില്‍ രാജ്യത്തേയ്ക്ക് പ്രവേശനം അനുവദിക്കുമെന്നും ഓസ്‌ട്രേലിയ വ്യക്തമാക്കി. അടുത്ത മാസത്തോടെ സര്‍വീസ് പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷ.

മലയാളികള്‍ അടക്കമുള്ള ഒട്ടേറെ ഇന്ത്യക്കാര്‍ ജോലി, പഠന ആവശ്യങ്ങള്‍ക്കായി ഓസ്‌ട്രേലിയയിലുണ്ട്. വിമാനസര്‍വീസ് നിര്‍ത്തലാക്കിയതോടെ ഏറെപ്പേര്‍ തിരികെ പോകാനാകാതെ ഇന്ത്യയില്‍ തന്നെയാണ്. പലരും ഉന്നതപഠനത്തിനായി വിസയ്ക്ക് അപേക്ഷിച്ചിരിക്കുകയുമാണ്. ഈ സാഹചര്യത്തില്‍ വലിയ ആശ്വാസമാണ് ഓസ്‌ട്രേലിയയുടെ ഈ തീരുമാനം.

കോവിഷീല്‍ഡിന് പുറമെ ചൈന നിര്‍മ്മിക്കുന്ന സിനോവാക് കോവിഡ് വാക്‌സിനും അംഗീകാരം നല്‍കുന്നതായി ഓസ്‌ട്രേലിയ അറിയിച്ചു.

ഇന്ത്യയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് യു.കെയിലെ ഓക്‌സ്ഫര്‍ഡുമായി ചേര്‍ന്ന് കോവിഷീല്‍ഡ് നിര്‍മ്മിക്കുന്നത്. രാജ്യാന്തരതലത്തില്‍ ആസ്ട്രാസെനിക്ക എന്നാണ് ഈ വാക്‌സിന്‍ അറിയപ്പെടുന്നത്. എന്നാല്‍ യു.കെ, ഇന്ത്യന്‍ നിര്‍മ്മിത ആസ്ട്രാസെനിക്കയ്ക്ക് അംഗീകാരം നല്‍കാത്ത പശ്ചാത്തലത്തില്‍ വാക്‌സിനെടുത്ത യു.കെ പൗരന്മാര്‍ക്കും ഇന്ത്യയിലെത്തുമ്പോള്‍ ക്വാറന്റൈന്‍ അടക്കമുള്ള കര്‍ശനനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഇന്ത്യ കഴിഞ്ഞ ദിവസം പ്രതിഷേധമറിയിച്ചിരുന്നു.

Share this news

Leave a Reply

%d bloggers like this: