ഡബ്ലിൻ നഗരത്തിൽ മാലിന്യം ശേഖരിക്കാനായി പുതിയ ‘ബാഗ് ബിന്നുകൾ’; എന്താണീ സംഭവം?

നഗരത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാനായി പുതിയ ‘Bagbin’ സംവിധാനവുമായി ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍. സിറ്റി സെന്ററിലെ Drury Street-ലാണ് ബാഗ് രൂപത്തിലുള്ള വേസ്റ്റ് ബിന്നുകള്‍ അധികൃതര്‍ പരീക്ഷണാര്‍ത്ഥം ഉപയോഗിക്കുന്നത്.

നഗരത്തിലെ മാലിന്യനിര്‍മ്മാര്‍ജ്ജനത്തിനായി നൂതനമായ ആശയങ്ങള്‍ ക്ഷണിക്കുന്നതായി സിറ്റി കൗണ്‍സില്‍ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു. നിലവില്‍ ഉപയോഗിച്ചുവരുന്ന സാധാരണ വേസ്റ്റ് കവറുകള്‍ പൊട്ടിയും മറ്റും മാലിന്യം പരക്കുന്നതിനെത്തുടര്‍ന്നായിരുന്നു പദ്ധതി പ്രഖ്യാപനം. തുടര്‍ന്ന് Owenbridge Ltd എന്ന കമ്പനി മുന്നോട്ടുവച്ച ആശയം കൗണ്‍സില്‍ അംഗീകരിക്കുകയും, ഇവരുടെ ബാഗ് ബിന്നുകള്‍ക്കായി കരാര്‍ നല്‍കുകയും ചെയ്തു.

സാധാരണ പ്ലാസ്റ്റിക്കില്‍ നിര്‍മ്മിക്കപ്പെടുന്ന വേസ്റ്റ് ബാഗുകളില്‍ നിന്നും വ്യത്യസ്തമാണ് ബാഗ് ബിന്നുകള്‍. പ്ലാസ്റ്റിക് ബാഗുകള്‍ കീറുന്നതും, അതുവഴി മാലിന്യം റോഡിലും മറ്റും പരക്കുന്നതും സാധാരണമാണെങ്കില്‍, കട്ടിയുള്ള മെറ്റീരിയല്‍ കൊണ്ട് നിര്‍മ്മിക്കപ്പെട്ടതിനാല്‍ ബാഗ് ബിന്നുകള്‍ കൂടുതല്‍ സുരക്ഷിതമാണ്. പട്ടികളോ മറ്റ് ജീവികളെ കടിച്ചുകീറി തുറക്കുന്നതും ഒഴിവാക്കാം.

വീലുകളുള്ള വലിയ ബിന്നുകള്‍ സ്ഥാപിക്കാന്‍ കഴിയാത്ത ചെറിയ സ്ഥലം മാത്രമുള്ള പ്രദേശങ്ങളില്‍ വലിയ ഉപകാരപ്രദമാണ് ബാഗ് ബിന്നുകള്‍.

ഒരൊറ്റ ബാഗ് ബിന്‍ സെറ്റില്‍ തന്നെ ധാരാളം ബാഗുകള്‍ ഉണ്ടാകും. മാലിന്യങ്ങള്‍ ഇവയില്‍ നിക്ഷേപിച്ച ശേഷം മടക്കി, തെരുവില്‍ പ്രത്യേകമായി സ്ഥാപിച്ച പോസ്റ്റില്‍ ലോക്ക് ചെയ്ത് വയ്ക്കാം. വലിപ്പം കൂടുതലുള്ളതിനാല്‍ ധാരാളം മാലിന്യങ്ങള്‍ കൊള്ളിക്കുകയും ചെയ്യാം.

മാലിന്യം ശേഖരിക്കുന്ന ജോലിക്കാര്‍ക്ക് തെരുവുകള്‍ നീളെ നടന്ന് ചെറിയ വേസ്റ്റ് ബാഗുകള്‍ സ്വീരിക്കേണ്ടിവരില്ല എന്ന ഉപകാരവുമുണ്ട്. വലിയ ബാഗ് ബിന്നുകള്‍ ഒരിടത്ത് കൂട്ടിവച്ചാല്‍ അതെടുത്ത് കൊണ്ടുപോകാന്‍ എളുപ്പമാണ്. വേസ്റ്റ് ശേഖരിക്കുന്ന സ്ഥാപനങ്ങളുടെ ലോഗോയും ഓരോ ബാഗിന് മുകളിലുമുണ്ടാകും. അതിനാല്‍ ഓരോ കമ്പനികള്‍ക്കും/സ്ഥാപനങ്ങള്‍ക്കും തങ്ങള്‍ ശേഖരിക്കേണ്ട മാലിന്യം മാത്രം തിരിച്ചറിഞ്ഞ് എടുത്തുകൊണ്ടുപോകാനും സൗകര്യം.

പദ്ധതി വിജയമാകുന്നപക്ഷം നഗരത്തിലെ മറ്റിടങ്ങളിലേയ്ക്കും വ്യാപിപ്പിക്കാനാണ് നീക്കം.

Share this news

Leave a Reply

%d bloggers like this: