ഡബ്ലിനിൽ ഗാർഡ എന്ന് അവകാശപ്പെട്ട രണ്ടുപേർ വീട് പരിശോധിച്ച് പണം മോഷ്ടിച്ചെന്ന് ഡെലിവറൂ ഡ്രൈവറുടെ പരാതി; എത്തിയത് യഥാർത്ഥ ഗാർഡയെന്ന് തിരിച്ചറിഞ്ഞതോടെ കുഴങ്ങി അന്വേഷകർ

ഗാര്‍ഡയെന്ന് അവകാശപ്പെട്ട് വീട്ടില്‍ പരിശോധനയെക്കെത്തിയ രണ്ടുപേര്‍ പണവും മറ്റ് സാധനങ്ങളും മോഷ്ടിച്ചതായി ഡെലിവറൂ ഡ്രൈവറുടെ പരാതി. റോഡിലൂടെ പോകുകയായിരുന്ന തന്നെ തടഞ്ഞുനിര്‍ത്തിയ രണ്ടുപേര്‍, തങ്ങള്‍ ഗാര്‍ഡ ഓഫിസര്‍മാരാണെന്ന് പറയുകയും, തുടര്‍ന്ന് ഡെലിവറൂ ജോലിക്കാരിയായ തന്റെ വീട്ടിലെത്തി പരിശോധന നടത്തുകയുമായിരുന്നു എന്നാണ് ഡബ്ലിനിലെ പെണ്‍കുട്ടിയുടെ പരാതി.

പരിശോധനയ്ക്ക് ശേഷം പണം അടക്കമുള്ള സാധനങ്ങള്‍ ഇവര്‍ എടുത്തുകൊണ്ടുപോയതായും പെണ്‍കുട്ടി പറയുന്നു. ഇതോടെ പരിശോധനയ്‌ക്കെത്തിയത് ഗാര്‍ഡയല്ലെന്ന് സംശയം തോന്നിയ ഇവര്‍ സമീപത്തെ ഗാര്‍ഡ സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

പരാതി ലഭിച്ചതിനെത്തുടര്‍ന്ന് പ്രതികളെന്ന് സംശയിക്കപ്പെടുന്ന രണ്ടുപേരുടെയും രേഖാചിത്രം തയ്യാറാക്കി, എല്ലാ സ്റ്റേഷനുകളിലേയ്ക്കും ഗാര്‍ഡ അയയ്ക്കുകയും ചെയ്തു.

തുടര്‍ന്ന് സംഭവത്തില്‍ ഉള്‍പ്പെട്ട ഗാര്‍ഡ അംഗങ്ങളിലൊരാള്‍ ചിത്രത്തില്‍ ഒന്ന് താനാണെന്ന് തിരിച്ചറിയുകയും, താനും മറ്റൊരു സഹപ്രവര്‍ത്തകനും ചേര്‍ന്ന് നിയമപ്രകാരമാണ് പരിശോധന നടത്തിയതെന്ന് അറിയിക്കുകയും ചെയ്തു.

എന്നാല്‍ സംഭവത്തില്‍ പണം അടക്കമുള്ള സാധനങ്ങള്‍ നഷ്ടപ്പെട്ടതായി ആരോപണം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഇതേപ്പറ്റി അന്വേഷണം നടത്തിവരികയാണ്. വിഷയത്തില്‍ ഇതുവരെ തീരുമാനം പറയാറായിട്ടില്ലെന്നും ഡബ്ലിന്‍ ഫീനിക്‌സ് പാര്‍ക്കിലെ ഗാര്‍ഡ ഹെഡ്ക്വാര്‍ട്ടേഴ്‌സ് അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: