കുട്ടികളുടെ സുരക്ഷയ്ക്കായി പുതിയ ഫീച്ചറുകളുമായി ഫേസ്ബുക്ക്; വെറും പ്രഹസനമെന്ന് വിമർശകർ

ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ ആപ്പുകള്‍ കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും ദോഷകരമാകുന്നുവെന്ന് വ്യാപക വിമര്‍ശനമുയര്‍ന്ന സാഹചര്യത്തില്‍ ആപ്പുകളില്‍ പുതിയ സുരക്ഷാ ഫീച്ചറുകള്‍ അവതരിപ്പിക്കുമെന്ന് ഉടമകളായ ഫേസ്ബുക്ക്.

ഇന്‍സ്റ്റഗ്രാമില്‍ കൗമാരക്കാരെ മോശമായ തരത്തില്‍ സ്വാധീനിക്കുന്ന പോസ്റ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന ഫീച്ചറാണ് ഇതില്‍ പ്രധാനം. ഇത്തരം പോസ്റ്റുകള്‍ പലതവണയായി കൗമാരക്കാര്‍ കാണുകയാണെങ്കില്‍ പോസ്റ്റ് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കുന്ന ഈ ഫീച്ചര്‍ ‘Nudging’ എന്നാണ് അറിയപ്പെടുക. അതോടൊപ്പം തുടര്‍ച്ചയായി ആപ്പ് ഉപയോഗിക്കുകയാണെങ്കില്‍ ഒരു ഇടവേളയെടുക്കാന്‍ മെസേജ് നല്‍കുന്ന സംവിധാനവും അവതരിപ്പിക്കുമെന്ന് കമ്പനി പറയുന്നു.

കുട്ടികളുടെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം ഉപയോഗം നിരീക്ഷിക്കാനായി രക്ഷിതാക്കള്‍ക്ക് സൗകര്യമൊരുക്കുന്നതാണ് മറ്റൊരു ഫീച്ചര്‍. ഫേസ്ബുക്ക് ആഗോളകാര്യ പ്രസിഡന്റായ Nick Clegg ആണ് പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കാനുള്ള നീക്കത്തെ പറ്റി വെളിപ്പെടുത്തിയിരിക്കുന്നത്.

വിമര്‍ശനം വ്യാപകമായതോടെ നേരത്തെ പ്രഖ്യാപിച്ച ‘Instagram for Kids’ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതായി ഫേസ്ബുക്ക് കഴിഞ്ഞ മാസം അറിയിച്ചിരുന്നു.

അതേസമയം ഫേസ്ബുക്കിന്റെ പുതിയ പ്രഖ്യാപനങ്ങള്‍ വ്യക്തതയില്ലാത്തതാണെന്നും, ഈ ഫീച്ചറുകളൊന്നും തന്നെ ഉദ്ദേശിച്ച ഗുണം ചെയ്യുമെന്ന് കരുതുന്നില്ലെന്നും സോഷ്യല്‍ മീഡിയ നിരീക്ഷകരും, സംഘടനകളും പറയുന്നു. പല കുട്ടികളും രഹസ്യ അക്കൗണ്ടുകള്‍ സൃഷ്ടിച്ച് ഉപയോഗിക്കുന്ന സാഹചര്യത്തില്‍ അക്കൗണ്ടുകള്‍ നിരീക്ഷിക്കാന്‍ രക്ഷിതാക്കള്‍ക്ക് അവസരമൊരുക്കുക എന്നത് വെറും പ്രഹസനമാണ്.

അതുപോലെ കൂടുതലായുള്ള ഉപയോഗത്തപ്പറ്റി മുന്നറിയിപ്പ് നല്‍കിയാല്‍ കുട്ടികള്‍ ഉപയോഗം കുറയ്ക്കുമെന്ന കാര്യം ഗവേഷണം നടത്തിയ തെളിയിക്കേണ്ടതാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

Frances Haugen

ഫേസ്ബുക്ക് നിലവിലുള്ള പല അല്‍ഗൊരിതങ്ങളും മാറ്റണമെന്ന ആവശ്യവും ശക്തമാണ്. ജനുവരി 6-ന് യുഎസിലെ ക്യാപിറ്റോളില്‍ നടന്ന കലാപത്തിനടക്കം ഫേസ്ബുക്ക് ഉപയോഗപ്പെടുത്തിയ സാഹചര്യത്തിലാണ് നിര്‍ദ്ദേശം.

ഇതിനിടെ കമ്പനിക്കുള്ളില്‍ തന്നെ നടത്തിയ അന്വേഷണത്തില്‍ ഫേസ്ബുക്ക് കൗമാരക്കാര്‍ക്കിടയില്‍ മോശമായ സ്വാധീനമുണ്ടാക്കുന്നതായി വെളിപ്പെട്ടെങ്കിലും കമ്പനി അധികൃതര്‍ നടപടിയൊന്നും സ്വീകരിച്ചില്ലെന്ന മുന്‍ ജോലിക്കാരിയുടെ വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയ ഭീമനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ഫേസ്ബുക്കിന്റെ സിവിക് ഇന്റഗ്രിറ്റി യൂണിറ്റില്‍ ജോലി ചെയ്തിരുന്ന Frances Haugen എന്ന സ്ത്രീയാണ് ഫേസ്ബുക്കില്‍ ജോലി ചെയ്തിരുന്ന കാലയളവില്‍ രഹസ്യമായി കോപ്പി ചെയ്ത ഫയലുകളുടെ അടക്കം പിന്തുണയോടെ ഇക്കാര്യം വെളിപ്പെടുത്തിയത്. കൗമാരക്കാരുടെ സുരക്ഷയ്ക്ക് തങ്ങള്‍ പ്രാധാന്യം കല്‍പ്പിക്കുന്നുവെന്ന ഫേസ്ബുക്കിന്റെ പരസ്യപ്രസ്താവന വെറും കള്ളമാണെന്നും അവര്‍ പറഞ്ഞിരുന്നു. യുഎസ് കോണ്‍ഗ്രസിന് മുന്നിലായിരുന്നു ഇവരുടെ തുറന്നുപറച്ചില്‍.

Share this news

Leave a Reply

%d bloggers like this: