ബജറ്റ് 2022: അയർലൻഡിൽ ഇന്ന് മുതൽ നിലവിൽ വരുന്ന മാറ്റങ്ങൾ ഇവ

ഐറിഷ് സര്‍ക്കാരിന്റെ 2022 പൊതു ബജറ്റ് ഇന്നലെ Dail-ല്‍ അവതരിപ്പിക്കപ്പെട്ടിരിക്കുകയാണ്. 4.7 ബില്യണ്‍ യൂറോയുടെ പാക്കേജാണ് വിവധ മേഖലകളെ കൈപിടിച്ചുയര്‍ത്താനായി ധനമന്ത്രി പാസ്‌കല്‍ ഡോണഹു പ്രഖ്യാപിച്ചിരിക്കുന്നത്. ക്ഷേമധനസഹായം, അധിക ആരോഗ്യപ്രവര്‍ത്തകര്‍, അദ്ധ്യാപകര്‍ എന്നിവരുടെ നിയമനം, ചൈല്‍ഡ് കെയര്‍ ആനുകൂല്യങ്ങള്‍, അധിക പാരന്റല്‍ ലീവ്, ഇന്ധന അലവന്‍സ് എന്നിങ്ങനെ ഒട്ടനവധി പദ്ധതികള്‍ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളതിനാല്‍ത്തന്നെ പൊതുവില്‍ ബജറ്റിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.

ബജറ്റില്‍ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള മാറ്റങ്ങള്‍ അടുത്ത വര്‍ഷത്തോടെയാണ് പ്രാബല്യത്തില്‍ വരികയെങ്കിലും ചില സുപ്രധാന മാറ്റങ്ങള്‍ ഉടനടി നിലവില്‍ വരുമെന്ന് മന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു. അവ ഏതെല്ലാമാണെന്ന് നോക്കാം.

കാര്‍ബണ്‍ ടാക്‌സ്/ ഇന്ധന വില

കാര്‍ബണ്‍ ടാക്‌സിന് ഏര്‍പ്പെടുത്തിയ 7.50 യൂറോ വര്‍ദ്ധന നടപ്പിലായി. ഇതോടെ ടണ്ണിന് 41 യൂറോ വില വര്‍ദ്ധിച്ചിരിക്കുകയാണ്. പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിക്കാനാണ് ഇത് കാരണമാകുക. ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ ഒരു ലിറ്റര്‍ പെട്രോളിന് 2.1 സെന്റ്, ഡീസലിന് 2.5 സെന്റ് എന്നിങ്ങനെ വില വര്‍ദ്ധിച്ചിട്ടുണ്ട്.

ഇന്ധന അലവന്‍സ്

5 യൂറോ വര്‍ദ്ധിപ്പിച്ച ഇന്ധന അലവന്‍സ് ഇന്നു മുതല്‍ നിലവില്‍ വരും. ഇന്ധനവില വര്‍ദ്ധിക്കുന്നത് സാധാരണക്കാരെ അമിതമായി ബാധിക്കാതിരിക്കാനാണ് അലവന്‍സ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. അലവന്‍സ് ലഭിക്കാനുള്ള പരമാവധി വരുമാനം 120 യൂറോ ആക്കി വര്‍ദ്ധിപ്പിച്ചിട്ടുമുണ്ട്.

സിഗരറ്റ്

സിഗരറ്റിന് 50 സെന്റ് വര്‍ദ്ധിപ്പിച്ചത് ഇന്നുമുതല്‍ നിലവില്‍ വരും. ഇതോടെ 20 സിഗരറ്റുകളുള്ള ഒരു പാക്കിന് ശരാശരി വില 15 യൂറോ ആകും. ഒപ്പം മറ്റ് പുകയില ഉല്‍പ്പന്നങ്ങള്‍ക്കും ആനുപാതികമായി നിരക്ക് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. തുടര്‍ച്ചയായി ആറാം വര്‍ഷമാണ് സിഗരറ്റിന് വില വര്‍ദ്ധിപ്പിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: