ഹാലോവീൻ മുഖം മൂടി ധരിച്ച് കളിത്തോക്കുമായി കവർച്ച; ഡബ്ലിനിൽ പ്രതിക്ക് 4 വർഷം തടവ് വിധിച്ച് കോടതി

ഹാലോവീന്‍ മുഖംമൂടി ധരിച്ച് കളിത്തോക്കുമായി സൂപ്പര്‍ മാര്‍ക്കറ്റില്‍ കവര്‍ച്ച നടത്താന്‍ ശ്രമിച്ചയാള്‍ക്ക് അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി. ഇവിടെ മോഷണം പരാജയപ്പെട്ടത്തോടെ വേറെ സ്ഥലങ്ങളില്‍ മോഷണം നടത്തുകയും കൂടി ചെയ്ത പ്രതി, പിന്നീട് ഗാര്‍ഡ സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

2019 ഡിസംബര്‍ 30-നായിരുന്നു ഡബ്ലിന്‍ സിറ്റി സെന്ററിലെ Paddy Powers സൂപ്പര്‍ മാര്‍ക്കറ്റില്‍ മോഷണം നടത്താനായി പ്രതിയായ David Savage (29) തന്റെ സൈക്കിളില്‍ എത്തിയത്. ആളെ തിരിച്ചറിയാതിരിക്കാനായി ഒരു ഹാലോവീന്‍ മുഖംമൂടി ധരിച്ചിരുന്ന ഇയാള്‍ കളിത്തോക്കുപയോഗിച്ച് ആളുകളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ മാര്‍ക്കറ്റിലെ ജീവനക്കാര്‍ പാനിക് അലാം അമര്‍ത്തിയതോടെ ഇയാള്‍ ഇവിടെ നിന്നും രക്ഷപ്പെട്ടു.

സൂപ്പര്‍ മാര്‍ക്കറ്റിലെ മോഷണശ്രമം പാളിയതോടെ ഇയാള്‍ കുറച്ചകലെയുള്ള ഒരു പോസ്റ്റ് ഓഫീസിലും മോഷണത്തിന് ശ്രമിച്ചെങ്കിലും അതും പരാജയപ്പെട്ടു. പക്ഷേ തുടര്‍ന്ന് Rathmines-ലെ Lidl സ്റ്റോറില്‍ കാഷ്യറെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി 1,765 യൂറോ ഇയാള്‍ കവര്‍ന്നു. കളിത്തോക്കാണെന്ന് മനസിലാകാതെ കാഷ്യര്‍ പണം കൈമാറുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഗാര്‍ഡ തെളിവായി ഹാജരാക്കി.

പിന്നീട് 2020 ജനുവരി 14-ന് നഗരത്തിലെ ഒരു Burger King ഷോപ്പില്‍ കത്തിയുമായി ഭീഷണിപ്പെടുത്തി മറ്റൊരു മോഷണം കൂടി ഇയാള്‍ നടത്തി. ഡ്രോയറില്‍ നിന്നും പണമെടുക്കുമ്പോള്‍, ‘ക്ഷണിക്കണം. എനിക്ക് പണമാവശ്യമാണ്’ എന്ന് ഇയാള്‍ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ശേഷം 2020 ഫെബ്രുവരി 2-ന് ഇയാള്‍ Pearse Street Garda Station-ല്‍ കീഴടങ്ങി.

ഒരു മയക്കുമരുന്ന് വില്‍പ്പനയുമായി ബന്ധപ്പെട്ട് വലിയ കടം ഉണ്ടാകുകയും, അത് വീട്ടാന്‍ മറ്റ് വഴികളൊന്നും കാണാതാരിക്കുകയും ചെയ്തതോടെയായിരുന്നു താന്‍ മോഷണം നടത്താന്‍ തീരുമാനിച്ചതെന്ന് പ്രതി പിന്നീട് പറഞ്ഞു.

നല്ല കുടുംബസാഹചര്യത്തില്‍ നിന്നുമാണ് David Savage വരുന്നതെന്നും, മയക്കുമരുന്നിന് അടിമയായത് കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചുവെന്നും വിലയിരുത്തിയ ഡബ്ലിന്‍ സര്‍ക്യൂട്ട് ക്രിമിനല്‍ കോടതി അഞ്ച് വര്‍ഷത്തേയ്ക്ക് ശിക്ഷ വിധിച്ചു. പിന്നീട് അവസാനത്തെ ഒരു വര്‍ഷം ഉപാധികളോടെ ഇളവ് ചെയ്‌തെങ്കിലും ജയിലില്‍ നിന്നിറങ്ങിയ ശേഷം 12 മാസം പ്രതി നിരീക്ഷണത്തിലായിരിക്കണമെന്ന് കോടതി വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: