അയർലൻഡിൽ കോളജുകളിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാർ അടക്കമുള്ള വംശീയ ന്യൂനപക്ഷങ്ങൾക്ക് ലഭിക്കുന്ന ശമ്പളം കുറവ്; കണ്ടെത്തൽ ഉന്നതവിദ്യാഭ്യാസ അതോറിറ്റിയുടേത്

അയര്‍ലന്‍ഡിലെ ഉന്നതവിദ്യാഭ്യാസമേഖലയില്‍ ജോലി ചെയ്യുന്ന വംശീയ ന്യൂനപക്ഷക്കാര്‍ക്ക് ലഭിക്കുന്ന വരുമാനം മറ്റുള്ളവരെ അപേക്ഷിച്ച് കുറവെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ കോളജുകള്‍, യൂണിവേഴ്‌സിറ്റികള്‍, ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റികള്‍ എന്നിവിടങ്ങളിലായി Higher Education Authority (HEA) ആണ് സര്‍വേ നടത്തി വിവരങ്ങള്‍ സ്വീകരിച്ചത്. രാജ്യത്ത് ഇതാദ്യമായാണ് വംശീയമായ തുല്യത ലക്ഷ്യമാക്കി ഇത്തരമൊരു സര്‍വേ നടത്തുന്നത്.

ഏഷ്യക്കാര്‍, ആഫ്രിക്കക്കാരായ കറുത്തവര്‍ഗ്ഗക്കാര്‍ തുടങ്ങിയവര്‍ക്ക് വര്‍ഷം 60,000 യൂറോ വരെ ശമ്പളം മാത്രമേ ലഭിക്കുന്നുള്ളൂവെന്നാണ് സര്‍വേയിലെ പ്രധാന കണ്ടെത്തല്‍. ആകെ ജോലി ചെയ്യുന്ന ന്യൂനപവിഭാഗത്തില്‍ 77% പേരും ഈ കുറവ് ശമ്പളത്തിനാണ് ജോലി ചെയ്യുന്നത്. അതേസമയം അയര്‍ലന്‍ഡിലെ വെളുത്ത വര്‍ഗ്ഗക്കാരില്‍ 45% പേര്‍ക്ക് മാത്രമേ വര്‍ഷം 60,000 യൂറോയില്‍ താഴെ ശമ്പളം ലഭിക്കുന്നുള്ളൂ.

75,000 യൂറോയിലേറെ മെച്ചപ്പെട്ട സമ്പാദ്യം ലഭിക്കുന്നവരില്‍ ഏറ്റവും കുറവ് പ്രാതിനിധ്യവും വംശീയമായി ന്യൂനപക്ഷമായ ജോലിക്കാര്‍ക്കാണ്. ഇവരില്‍ വെറും 17% പേര്‍ക്ക് മാത്രമേ വര്‍ഷത്തില്‍ 75,000 യൂറോയ്ക്ക് മേല്‍ ശമ്പളം ലഭിക്കുന്നുള്ളൂ. അതേസമയം വെളുത്ത വര്‍ഗ്ഗക്കാരായ ഐറിഷുകാരില്‍ 38% പേരും ഈ തുക ലഭിക്കുന്നവരാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.

ഇതുകൂടാതെ ഉന്നതവിദ്യാഭ്യാസ്ഥാപനങ്ങളില്‍ സ്ഥിരജോലി ലഭിക്കുന്നതിനെക്കാള്‍ താല്‍ക്കാലിക ജോലിയാണ് ന്യൂനപക്ഷ വിഭാഗക്കാര്‍ക്ക് ഏറെയും ലഭിക്കുന്നത് എന്നതും ഇവര്‍ക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ല എന്ന കാര്യം വ്യക്തമാക്കുന്നു.

സ്ഥാപനങ്ങള്‍ക്ക് ഭാവിയില്‍ നല്‍കുന്ന ഗവേഷണ ഫണ്ട്, വംശീയമായ തുല്യത കൂടി പരിഗണിച്ചാകുമെന്നതിനാല്‍ കൂടുതല്‍ ന്യൂനപക്ഷ വിഭാഗക്കാരെ കോളജുകളില്‍ സ്ഥിരം സ്റ്റാഫായി നിയമിക്കാന്‍ റിപ്പോര്‍ട്ട് അധികൃതരില്‍ സമ്മര്‍ദ്ദം ചെലുത്തിയേക്കും. ‘തുല്യ പ്രതിനിധ്യം, തുല്യ അവസരം, തുല്യമായ ഫലം’ എന്നാണ് ന്യൂനപക്ഷ വിഭാഗക്കാര്‍ക്ക് തുല്യത എന്നത് കൊണ്ട് റിപ്പോര്‍ട്ട് അര്‍ത്ഥമാക്കുന്നത്. 2020 അവസാനവും, 2021-ന്റെ തുടക്കത്തിലുമായാണ് സര്‍വേ നടത്തപ്പെട്ടത്.

Central Statistics Office (CSO)-ന്റെ കണക്ക് പ്രകാരം അയര്‍ലന്‍ഡിലെ 10% ജനങ്ങളും വെളുത്ത വര്‍ഗ്ഗക്കാരല്ല. അതിനാല്‍ത്തന്നെ തുല്യത എന്നത് അനിവാര്യമാണെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. പക്ഷേ ഉന്നതിവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജോലിക്കാരുടെ കാര്യമെടുക്കുമ്പോള്‍ ഇവരുടെ പ്രാതിനിധ്യം വളരെ കുറവാണെന്ന കാര്യമാണ് വെളിവാകുന്നത്. വംശീയമായ തുല്യതയില്ലായ്മ മേഖലയില്‍ നിലനില്‍ക്കുന്നതായി സര്‍വേയില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും അഭിപ്രായപ്പെടുകയും ചെയ്തു.

ഈ വിഭാഗക്കാരെക്കൂടി നിയമനങ്ങളില്‍ ഉള്‍പ്പെടുത്താന്‍ സ്ഥാപനങ്ങള്‍ മുന്‍കൈയെടുക്കണമെന്ന് പറയുന്ന റിപ്പോര്‍ട്ടില്‍, ജോലി ലഭിക്കുന്നതില്‍ വിവേചനം കാണിച്ചുവെന്ന് തോന്നിയാല്‍ എത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് മിക്കവര്‍ക്കും അറിവില്ലെന്നും വ്യക്തമാക്കുന്നു. ഇതിനുള്ള നടപടികള്‍ അപര്യാപ്തമാണെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.

Share this news

Leave a Reply

%d bloggers like this: