കോർക്കിൽ കെട്ടിട നിർമ്മാണ പ്രദേശത്ത് നിന്നും ആറ് മനുഷ്യരുടെ അസ്ഥികൂടങ്ങൾ കണ്ടെടുത്തു

കോര്‍ക്ക് സിറ്റിയിലെ കെട്ടിടനിര്‍മ്മാണ പ്രദേശത്ത് നിന്നും ആറ് പേരുടെ അസ്ഥികൂടങ്ങള്‍ കണ്ടെത്തി. Barrack Street-ലെ പഴയ Nancy Spain’s പബ്ബ് പൊളിച്ച് പുതിയ ഹൗസിങ് പദ്ധതിക്കായുള്ള കെട്ടിടത്തിന്റെ പണി നടക്കുന്ന പ്രദേശത്താണ് അസ്ഥികൂടങ്ങള്‍ കണ്ടെത്തിയത്. രണ്ടാഴ്ച മുമ്പും ഇവിടെ നിന്നും മനുഷ്യരുടെ അസ്ഥികൂടങ്ങള്‍ ലഭിച്ചിരുന്നു.

അതേസമയം അസ്ഥികൂടങ്ങള്‍ക്ക് വളരെക്കാലത്തെ പഴക്കമുണ്ടെന്നതിനാല്‍ ഗാര്‍ഡ വിഷയത്തില്‍ ഇടപെട്ടിട്ടില്ല. നിലവില്‍ പുരാവസ്തു വകുപ്പാണ് നടപടികള്‍ കൈക്കൊള്ളുന്നത്.

നഗരങ്ങളില്‍ ഇത്തരം നിര്‍മ്മാണപ്രവൃത്തിക്കിടെ മനുഷ്യരുടെ അസ്ഥികൂടങ്ങള്‍ ലഭിക്കുന്നത് അപൂര്‍വ്വമല്ലെന്ന് കോര്‍ക്ക് സിറ്റി പുരാവസ്തു ഗവേഷകയായ Ciara Brett പറഞ്ഞു. അതേസമയം സ്ഥിരം നടക്കുന്ന കാര്യവുമല്ല.

ലഭിച്ച അസ്ഥികൂടങ്ങള്‍ കൂടുതല്‍ പരിശോധനയ്ക്കായി കൊണ്ടുപോകുമെന്ന് പുരാവസ്തു വകുപ്പ് അറിയിച്ചിട്ടുണ്ട്. അസ്ഥികൂടങ്ങള്‍ക്കൊപ്പം പുരാവസ്തുക്കളൊന്നും തന്നെ കണ്ടെടുത്തിട്ടില്ലെന്ന് Brett പറഞ്ഞു. റേഡിയോ കാര്‍ബണ്‍ ഡേറ്റിങ് നടത്തി അസ്ഥികൂടങ്ങളുടെ പഴക്കം നിര്‍ണ്ണയിക്കാമെന്ന് കരുതുന്നതായും അവര്‍ വ്യക്തമാക്കി. ഇവരുടെ പ്രായം, ലിംഗം തുടങ്ങിയ കാര്യങ്ങളറിയാനായി osteoarchaeologist-ന്റെ സഹായം തേടുമെന്നും Brett കൂട്ടിച്ചേര്‍ത്തു.

പണ്ടുകാലത്ത് അസുഖങ്ങളോ മറ്റോ കാരണമാകാം ഇത്രയും പേര്‍ ഒരുമിച്ച് മരിച്ചതും, അടക്കം ചെയ്യപ്പെട്ടതെന്നുമാണ് കരുതപ്പെടുന്നത്.

കെട്ടിടനിര്‍മ്മാണത്തിനായി ഇവിടെ ഭൂമി കുഴിക്കുന്ന പ്രവൃത്തി അടുത്തയാഴ്ചയോടെ അവസാനിക്കും.

Share this news

Leave a Reply

%d bloggers like this: