റോഡിൽ വാഹങ്ങൾ തടഞ്ഞ് മണിക്കൂറുകളോളം പ്രതിഷേധം; ചോദ്യം ചെയ്ത നടൻ ജോജുവിന്റെ കാർ കോൺഗ്രസ് പ്രവർത്തകർ അടിച്ചുതകർത്തു

കൊച്ചി നഗരത്തില്‍ മണിക്കൂറുകളോളം റോഡ് ബ്ലോക്കാക്കിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ചോദ്യം ചെയ്ത നടന്‍ ജോജു ജോര്‍ജ്ജിന്റെ കാര്‍ പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തു. രാജ്യത്തെ ഇന്ധനവില വര്‍ദ്ധനവിനെതിരെ പ്രതിഷേധിക്കുന്നതിന്റെ ഭാഗമായായിരുന്നു തിരക്കേറിയ നഗരത്തില്‍ 1500 വാഹനങ്ങള്‍ നിര്‍ത്തിയിട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്ന് രാവിലെ പ്രതിഷേധം നടത്തിയത്. എന്നാല്‍ ഇതുമൂലം കിലോമീറ്ററുകളോളം ബ്ലോക്ക് സൃഷ്ടിക്കപ്പെടുകയും, ആളുകള്‍ മണിക്കൂറുകളോളം വാഹനം നിര്‍ത്തിയിടേണ്ടിവരികയും ചെയ്തതിനെത്തുടര്‍ന്നായിരുന്നു ബ്ലോക്കില്‍ കിടക്കുകയായിരുന്ന ജോജു, കാര്യം പറയാനായി നേതാക്കന്മാരുടെ അടുത്തെത്തിയത്. ഇടപ്പള്ളിയില്‍ വച്ചായിരുന്നു സംഭവം.

ഇതോടെ ജോജുവും, കോണ്‍ഗ്രസ് പ്രവര്‍ത്തകരും, നേതാക്കന്മാരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുകയും, പ്രവര്‍ത്തകര്‍ കാര്‍ തല്ലിത്തകര്‍ക്കുകയുമായിരുന്നു. ജോജു മദ്യപിച്ചിട്ടുണ്ടെന്ന് ആരോപിച്ച പ്രവര്‍ത്തകര്‍, വനിതാ പ്രവര്‍ത്തകരോട് മോശമായി പെരുമാറിയെന്നും ആരോപിച്ചു. എന്നാല്‍ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ നടത്തിയ രക്തപരിശോധനയില്‍ ജോജു മദ്യപിച്ചിട്ടില്ലെന്ന് തെളിഞ്ഞു. ആരോടും മോശമായി പെരുമാറിയിട്ടില്ലെന്ന് പറഞ്ഞ ജോജു, അവിടെയുണ്ടായിരുന്ന കോണ്‍ഗ്രസ് നേതാക്കള്‍ തന്റെ അമ്മയെയും, അപ്പനെയും മോശം വാക്കുകളുപയോഗിച്ച് ചീത്ത വിളിച്ചതായും പറഞ്ഞു. ജോജുവിന് നേരെ മര്‍ദ്ദനമുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. പോലീസെത്തിയാണ് ജോജുവിനെ ഇവിടെ നിന്നും മാറ്റിയത്.

താന്‍ ഒരു നടനായത് കൊണ്ട് ഷോ കാണിക്കാനല്ല പ്രതികരിച്ചതെന്നും, തന്റെ കാറിന് സമീപം മറ്റൊരു വാഹനത്തില്‍ കീമോ തെറാപ്പി ചെയ്യാനുള്ള കുട്ടിയടക്കം ബ്ലോക്കില്‍ കാത്തുകിടക്കുകയായിരുന്നുവെന്നും ജോജു പറയുന്നു. ആരും പ്രതികരിക്കാത്തത് കണ്ടപ്പോഴാണ് താന്‍ നേതാക്കന്മാര്‍ക്കടുത്തേയ്ക്ക് പോയത്. പ്രായമായവരടക്കം ബുദ്ധിമുട്ടുന്നത് കണ്ടപ്പോള്‍ ഒരു സാധാരണക്കാരന്‍ എന്ന നിലയിലാണ് താന്‍ പ്രതികരിച്ചതെന്നും, നടനായാല്‍ പ്രതികരിക്കാന്‍ പാടില്ലെന്നുണ്ടോ എന്നും ജോജു ചോദിച്ചു.

ഇന്ധനവില ഒരു പ്രശ്‌നമാണെന്നും, എന്നാല്‍ ഇത്തരത്തില്‍ ആളുകളെ ബുദ്ധിമുട്ടിക്കുന്ന പ്രതിഷേധരീതി ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ധനവില വര്‍ദ്ധനവിന്റെ കെടുതി അനുഭവിക്കുന്ന സാധാരണക്കാരുടെ വാഹനങ്ങള്‍ തടഞ്ഞ് പ്രതിഷേധിക്കുന്ന രീതിക്കെതിരെ നാട്ടുകാരില്‍ നിന്നും വന്‍ വിമര്‍ശനവുമുണ്ടായി. പരീക്ഷയെഴുതാനടക്കമുള്ള ധാരാളം പേരാണ് പ്രതിഷേധം കാരണം മണിക്കൂറുകളോളം ബ്ലോക്കില്‍ പെട്ട് വലഞ്ഞത്.

അതേസമം കോണ്‍ഗ്രസുകാര്‍ക്കെതിരെയല്ല താനെന്നും, തന്റെ അമ്മ കോണ്‍ഗ്രസുകാരിയാണെന്നും ജോജു പറഞ്ഞു. ഇത്തരത്തില്‍ മറ്റുള്ളവരെ ബുദ്ധിമുട്ടിച്ച് പ്രതിഷേധം നടത്തിയവര്‍ ശരിക്കും കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ചീത്തപ്പേരുണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കാര്‍ തകര്‍ത്ത സംഭവം നിയമപരമായി നേരിടുമെന്നും ജോജു വ്യക്തമാക്കി.

ഇതിനിടെ റോഡില്‍ വഴിതടഞ്ഞ് പ്രതിഷേധം നടത്താന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ അനുമതി തേടിയിരുന്നില്ലെന്ന് കൊച്ചി കമ്മീഷണര്‍ ഐശ്വര്യ ഡോങ്‌റെ പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: