IRP കാർഡ് പുതുക്കാനായില്ലെങ്കിലും അടുത്ത വർഷം ജനുവരി 15 വരെ യാത്ര ചെയ്യാൻ അനുവാദം

യൂറോപ്പിന് പുറത്തു നിന്നും പഠനത്തിനും, ജോലിക്കുമായി അയര്‍ലണ്ടില്‍ തുടരുന്നവര്‍ക്കുള്ള Irish Residence Permit (IRP) കാര്‍ഡിന്റെ കാലാവധി കോവിഡ് മഹാമാരിയെ തുടര്‍ന്ന് പല തവണ അയര്‍ലണ്ട് സര്‍ക്കാര്‍ നീട്ടി നല്‍കിയിരുന്നു. സ്ഥിതിഗതികള്‍ ഇതുവരെ സാധാരണനിലയിലാകാത്തത് കാരണം IRP പുതുക്കാനുള്ള നടപടിക്രമങ്ങള്‍ വീണ്ടും വൈകുകയാണ്. അതിനാല്‍ത്തന്നെ പലരുടെയും അത്യാവശ്യ യാത്രകള്‍ മുടങ്ങിയിരിക്കുകയുമാണ്. ഈ സാഹചര്യത്തില്‍ IRP കാര്‍ഡിന്റെ കാലാവധി ഒരിക്കല്‍ക്കൂടി നീട്ടിനല്‍കിയിരിക്കുകയാണ് ഐറിഷ് സര്‍ക്കാര്‍.

കാലാവധി കഴിഞ്ഞ IRP കാര്‍ഡുള്ളവര്‍ രാജ്യത്തിന് പുറത്തു പോയാല്‍ തിരികെ പ്രവേശിക്കാന്‍ പുതിയ വിസ ആവശ്യമായിരുന്ന സാഹചര്യമാണ് നേരത്തെ ഉണ്ടായിരുന്നത്. എന്നാല്‍ പുതിയ പ്രഖ്യാപന പ്രകാരം രാജ്യത്തിന് പുറത്ത് പോയാലും, തിരികെ വരുമ്പോള്‍ കാലാവധി കഴിഞ്ഞതാണെങ്കിലും ജനുവരി 15 വരെ നിലവിലുള്ള IRP കാര്‍ഡ് ഉപയോഗിക്കാം. ക്രിസ്തുമസ് കാലയളവില്‍ യൂറോപ്പിതര പൗരന്മാര്‍ക്ക് സുഗമമായി യാത്ര ചെയ്യാന്‍ ഉതകുന്ന വിധമാണ് പുതിയ നടപടി.

മലയാളികള്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്ക് ഈ നടപടി വളരെയധികം പ്രയോജനം ചെയ്യും. ഈ കാലയളവില്‍ രാജ്യത്തിന് പുറത്തേയ്ക്ക് യാത്ര ചെയ്യുന്നവര്‍, ആവശ്യത്തിന് ശേഷം തിരികെ അയര്‍ലണ്ടിലേയ്ക്ക് വരുമ്പോള്‍ travel confirmation notice പ്രിന്റ് ചെയ്ത് നിലവിലെ IRP കൂടി കാണിച്ചാല്‍ പ്രവേശനം ലഭിക്കുന്നതാണ്. കാലാവധി തീര്‍ന്ന IRP ആണെങ്കിലും ജനുവരി 15 വരെ അതുപയോഗിച്ച് യാത്ര ചെയ്യാം.

16 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് രാജ്യത്ത് പ്രവേശിക്കാന്‍ റീ എന്‍ട്രി വിസ വേണമെന്ന ആവശ്യവും ജനുവരി 15 വരെ നിര്‍ത്തിവച്ചിട്ടുണ്ട്.

യാത്രകള്‍ക്ക് പുറമെ സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാക്കാനുള്ള തെളിവായും IRP ഉപയോഗിക്കാവുന്നതാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

Travel confirmation notice ഡൗണ്‍ലോഡ് ചെയ്യാനും, കൂടുതല്‍ വിവരങ്ങള്‍ക്കും: https://www.irishimmigration.ie/new-immigration-changes-announced/

Share this news

Leave a Reply

%d bloggers like this: