ബിച്ചു തിരുമല അന്തരിച്ചു

മലയാളികള്‍ക്ക് മറക്കാനാകാത്ത അനവധി ഗാനങ്ങള്‍ക്ക് വരികളെഴുതിയതിലൂടെ അനശ്വരതയിലേക്കുയര്‍ന്ന കലാകാരന്‍ ബിച്ചു തിരുമല (80) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ഏതാനും മുമ്പ് തിരുവനന്തപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം, ഇന്ന് പുലര്‍ച്ചെയാണ് വിടവാങ്ങിയത്. സംസ്‌കാരം ഇന്ന് വൈകിട്ട് 4.30-ന് ശാന്തികവാടത്തില്‍ നടക്കും.

1942 ഫെബ്രുവരി 13-ന് ചേര്‍ത്തല അയ്യനാട്ടുവീട്ടില്‍ സി.ജി ഭാസ്‌കരന്‍ നായരുടെയും, പാറുക്കുട്ടിയുടെയും മൂത്തമകനായാണ് ബി. ശിവശങ്കരന്‍ നായര്‍ എന്ന ബിച്ചു തിരുമലയുടെ ജനനം. തിരുവനന്തപുരത്തെ തിരുമലയിലേയ്ക്ക് താമസം മാറിയതോടെയാണ് ബിച്ചു തിരുമല എന്ന പേരില്‍ അറിയപ്പെടാനാരംഭിച്ചത്.

സഹോദരിക്ക് മത്സരങ്ങളില്‍ പാടാനായി കവിതകള്‍ രചിച്ച് കാവ്യജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് നാടകങ്ങളും രചിക്കുകയും, സംവിധാന സഹായിയായി പ്രവര്‍ത്തിക്കുകയും ചെയ്തു.

1975-ല്‍ നടന്‍ മധുവിന്റെ സംവിധാനത്തിലിറങ്ങിയ ‘അക്കല്‍ദാമ’ എന്ന സിനിമയാണ് ഗാനരചയിതാവ് എന്ന നിലയില്‍ അദ്ദേഹത്തിന് ശ്രദ്ധ നേടിക്കൊടുക്കുന്നത്. പിന്നീടിങ്ങോട്ട് പ്രഗത്ഭ സംഗീതസംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ച ബിച്ചു തിരുമല, അതിര്‍വരമ്പുകളില്ലാത്ത ആസ്വാദനത്തിന്റെ സംഗീതലോകമൊരുക്കി. ഇളയരാജ, ശ്യാം, രവീന്ദ്രന്‍ മാഷ്, എ.ടി ഉമ്മര്‍, ജെറി അമല്‍ദേവ്, ദക്ഷിണാമൂര്‍ത്തി, ദേവരാജന്‍ മാസ്റ്റര്‍, ഔസേപ്പച്ചന്‍ എന്നിങ്ങനെ മലയാളത്തിലെ പ്രമുഖ സംഗീതസംവിധായകരുടെയെല്ലാം ഈണങ്ങള്‍ക്ക് കാവ്യഭംഗിയേകിയ വരികള്‍ രചിക്കാന്‍ ബിച്ചു തിരുമലയ്ക്ക് സാധിച്ചു. എ.ആര്‍ റഹ്മാന്‍ മലയാളത്തില്‍ സംഗീതസംവിധാനം നിര്‍വ്വഹിച്ച ഏക സിനിമയായ യോദ്ധയിലെ ഗാനങ്ങളെഴുതിയും ബിച്ചു തിരുമലയാണ്.

ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ലപ്പൈങ്കിളീ, കണ്ണനാരാരോ ഉണ്ണി കണ്‍മണിയാരാരോ, എന്‍പൂവേ പൊന്‍ പൂവേ, കണ്ണാം തുമ്പീ പോരാമോ, ഒറ്റക്കമ്പി നാദം, ഏഴു സ്വരങ്ങളും, ആയിരം കണ്ണുമായ് എന്നിങ്ങനെ ഒരിക്കലും മറക്കാനാകാത്ത വരികളിലൂടെ ബിച്ചു തിരുമല തലമുറകളെ കോരിത്തരിപ്പിച്ചു.

മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്‌കാരം രണ്ട് തവണ നേടിയിട്ടുണ്ട് അദ്ദേഹം. സുകുമാര്‍ അഴീക്കോട് തത്വമസി പുരസ്‌കാരം, കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്റെ ചലച്ചിത്ര രത്‌നം പുരസ്‌കാരം, സ്വാതി-പി. ഭാസ്‌കരന്‍ ഗാനസാഹിത്യപുരസ്‌കാരം എന്നിവയ്ക്കും അര്‍ഹനായി.

വാട്ടര്‍ അതോറിറ്റി ജീവനക്കാരിയായി വിരമിച്ച പ്രസന്നകുമാരിയാണ് ഭാര്യ. മകന്‍ സംഗീത സംവിധായകന്‍ കൂടിയായ സുമന്‍ ശങ്കര്‍ ബിച്ചു. പ്രശസ് ഗായിക സുശീലാ ദേവി, വിജയകുമാര്‍, ഡോ. ചന്ദ്ര, ശ്യാമ, ദര്‍ശന്‍ രാമന്‍ എന്നിവര്‍ സഹോദരങ്ങള്‍.

comments

Share this news

Leave a Reply

%d bloggers like this: