അയർലണ്ടിലെ വിദേശ നഴ്സുമാരുടെ റജിസ്ട്രേഷൻ നടപടിക്രമങ്ങളിലെ കാലതാമസം: NMBI -യുമായി MNI (മൈഗ്രന്റ് നഴ്സസ് അയർലൻഡ്) ചർച്ച നടത്തി

യൂറോപ്പിന് പുറത്തുള്ള നഴ്സുമാരുടെ  റജിസ്ട്രേഷൻ   നടപടികളിൽ മേലുള്ള ദീർഘമായ കാലതാമസം ഉദ്യോഗാർത്ഥികളെ വലയ്ക്കാൻ തുടങ്ങിയിട്ട് ഏറെനാളായി. ഈ വിഷയത്തിൽ മൈഗ്രന്റ് നഴ്സസ് അയർലൻഡിന് (Migrant Nurses Ireland – MNI) ലഭിച്ച നിരവധി പരാതികളുടെ അടിസ്ഥാനത്തിൽ ഈ വിഷയത്തിൽ സംഘടന ഒരു ഓൺലൈൻ പെറ്റീഷൻ തുടങ്ങുകയും ചെയ്തിരുന്നു. ഇന്ത്യയിലെ നഴ്സുമാർക്കൊപ്പം സിംബാബ്വെ, ബ്രസീൽ, സൗത്ത് ആഫ്രിക്ക, ഘാന തുടങ്ങിയ രാജ്യങ്ങളിൽ നിന്നും 714 നഴ്സുമാർ ഓൺലൈൻ പെറ്റീഷനിൽ ഒപ്പു വച്ചു. 


ഡിസംബർ 7 ചൊവ്വാഴ്ച രാവിലെ കൂടിയ യോഗത്തിൽ ഓൺലൈൻ പെറ്റീഷന്റെ റിപ്പോർട്ട് മൈഗ്രന്റ് നഴ്സസ്   അയർലണ്ടിന്റെ ഭാരവാഹികൾ അവതരിപ്പിച്ചു.  റിപ്പോർട്ട് NMBI (Nursing and Midwifery Board of Ireland) സി.ഇ.ഓ ഷീല മക്ക്ലെലണ്ടിനു ഇമെയിൽ വഴി സമർപ്പിച്ചു. യോഗത്തിൽ നഴ്സിംഗ് ആൻഡ് മിഡ്വൈഫറി ബോർഡ് ഓഫ് അയർലണ്ട് സി.ഇ.ഓ. ഷീല മക്ക്ലെലൻഡ്, സ്റ്റാഫുമാരായ റേ ഹീലി, കരോലിൻ ഹോഗൻ, ഗ്രെഗ് ഹാർക്കിൻ, കാത്തി ആൻ ബാരെറ്റ്, ഓർലാ ബ്രണ്ണൻ എന്നിവരും ഐറിഷ് നഴ്സസ് ആൻഡ് മിഡ്വൈവ്സ് ഓർഗനൈസേഷൻ (INMO) ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ഡോ: എഡ്വാർഡ് മാത്യൂസ്, മൈഗ്രന്റ് നഴ്സസ് ഭാരവാഹികളായ വർഗീസ് ജോയ്, ഐബി തോമസ്, രാജിമോൾ മനോജ്, വിനു കൈപ്പിള്ളി, ആഗ്നസ് ഫെബിന  എന്നിവരും പങ്കെടുത്തു. 


റജിസ്ട്രേഷൻ  നടപടികളിലെ കാലതാമസം എന്ന പ്രശ്നം നിലനിൽക്കുന്നു എന്ന് യോഗത്തിൽ സി.ഇ.ഓ ഷീല മക്ക്ലെലൻഡ് അംഗീകരിക്കുകയും അത് പരിഹരിക്കാനുള്ള നടപടികൾ എത്രയും വേഗം കൈക്കൊള്ളും എന്നുറപ്പു നൽകുകയും ചെയ്തു. നഴ്സിംഗ് ആൻഡ് മിഡ്വൈഫറി ബോർഡ് ഓഫ് അയർലൻണ്ടിനു കൂടുതൽ സ്റ്റാഫിങ് അടക്കമുള്ള സൗകര്യങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ടു ചീഫ് നഴ്സിംഗ് ഓഫീസർക്ക് കത്തയക്കുമെന്നു ഐറിഷ് നഴ്സസ് ആൻഡ് മിഡ്വൈവ്സ് ഓർഗനൈസേഷൻ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ഡോ: എഡ്വാർഡ് മാത്യൂസ് യോഗത്തെ അറിയിച്ചു.

comments

Share this news

Leave a Reply

%d bloggers like this: