ഡോണഗലിൽ HSE-ക്ക് കീഴിലുള്ള കെയർ ഹോമിലെ അന്തേവാസികൾക്ക് നേരെ ലൈംഗികാതിക്രമം; കമ്മീഷൻ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ മാപ്പ് പറഞ്ഞ് HSE

HSE-ക്ക് കീഴില്‍ ഡോണഗലിലെ Stranorlar-ല്‍ പ്രവര്‍ത്തിക്കുന്ന കെയര്‍ഹോമായ St Joseph’s hospital for adults with intellectual disabilities-ല്‍ അന്തേവാസികള്‍ക്ക് നേരെ ലൈംഗികാതിക്രമങ്ങള്‍ നടക്കുകയും, എല്ലാമറിയാവുന്ന മാനേജ്‌മെന്റ് നടപടികളൊന്നും സ്വീകരിക്കാതിരിക്കുകയും ചെയ്ത സംഭവത്തില്‍ അന്തേവാസികളോട് മാപ്പ് പറഞ്ഞ് Health Service Executive (HSE). ഹോമിലെ ഒരു വ്യക്തി (പേര് വെളിപ്പെടുത്തുന്നില്ല) വഴിയാണ് സംഭവങ്ങള്‍ പുറംലോകം അറിഞ്ഞതും, വിശദമായ അന്വേഷണത്തില്‍ സത്യാവസ്ഥ കണ്ടെത്തുന്നതും.

Brandon എന്ന നാമത്തില്‍ റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്ന ഒരു വ്യക്തിയായിരുന്നു കെയര്‍ ഹോമിലെ അന്തേവാസികള്‍ക്ക് നേരെ ലൈംഗികാതിക്രമം കാട്ടിയത്. ഇയാളും ഇവിടുത്തെ അന്തേവാസിയായിരുന്നു. ഇയാള്‍ മറ്റുള്ളവരോട് കാണിച്ച ലൈംഗികാതിക്രമങ്ങളെപ്പറ്റിയും, മാനേജ്‌മെന്റിന്റെ നിരുത്തരവാദിത്തപരമായ പെരുമാറ്റത്തെപ്പറ്റിയും HSE 2016-ല്‍ നിയോഗിച്ച അന്വേഷണ കമ്മീഷന്‍ Brandon report എന്ന പേരില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് ഈയിടെയാണ്.

അതിക്രമത്തിന് ഇരകളായ അന്തേവാസികളോടും, അവരുടെ കുടുംബംഗങ്ങളോടും തങ്ങള്‍ മാപ്പ് ചോദിക്കുന്നതായി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ HSE മേധാവി Paul Reid പറഞ്ഞു. റിപ്പോര്‍ട്ടില്‍ എല്ലാം വ്യക്തമാണെന്നും, അതിക്രമം നേരിട്ട പലരും കാലങ്ങള്‍ക്ക് ശേഷവും അതിന്റെ പരിണിതഫലം അനുഭവിക്കുന്നവരാണെന്നും Reid പറഞ്ഞു.

റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന Brandon 2020 ഏപ്രിലില്‍ മരിച്ചിരുന്നു. 2003 മുതല്‍ 2016 വരെയുള്ള കാലയളവിലെ സംഭവങ്ങളാണ് National Independent Review Panel (NIRP) അന്വേഷിച്ചത്. അതേസമയം 1991 മുതല്‍ Brandon ഈ കെയര്‍ഹോമില്‍ ഉണ്ടായിരുന്നു എന്നതിനാല്‍ പുറത്തറിയാതെ പോയ സംഭവങ്ങള്‍ വേറെയുമുണ്ടാകാം എന്നാണ് കരുതുന്നത്. 1997-ലാണ് ഇയാള്‍ ആദ്യമായി അതിക്രമം കാണിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

അതിക്രമങ്ങള്‍ നടത്തിയ Brandon-നെ കൃത്യമായി മാറ്റി പാര്‍പ്പിക്കാതെ, ഇയാള് താമസിക്കുന്ന വാര്‍ഡില്‍ നിന്നും മറ്റ് വാര്‍ഡുകളിലേയ്ക്ക് ഓരോ തവണയും മാറ്റുകയായിരുന്നു ഇവിടുത്തെ മാനേജ്‌മെന്റ് ചെയ്തിരുന്നത്. പക്ഷേ ഓരോ പുതിയ വാര്‍ഡില്‍ എത്തുമ്പോഴും അവിടെയുള്ള അന്തേവാസികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്താന്‍ Brandon-ന് കൂട്ടുനില്‍ക്കുന്ന തരത്തിലുള്ള നടപടയിയായിരുന്നു ഇത്. അതിക്രമങ്ങളൊന്നും ഇരകളുടെ കുടുംബാഗങ്ങളെ അറിയിക്കാന്‍ മാനേജ്‌മെന്റ് തയ്യാറായതുമില്ല. ‘കാലഹരണപ്പെട്ട ആരോഗ്യസംസ്‌കാരം’ എന്ന് രൂക്ഷഭാഷയിലാണ് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ മാനേജ്‌മെന്റിനെ വിമര്‍ശിച്ചിരിക്കുന്നത്.

108 ലൈംഗികാതിക്രമ സംഭവങ്ങള്‍ നടന്നതായാണ് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

റിപ്പോര്‍ട്ട് ലഭിച്ചതിനെത്തുടര്‍ന്ന് കെയര്‍ഹോമുകളില്‍ സുരക്ഷ ഉറപ്പാക്കാന്‍ നടപടികളെടുത്തതായി HSE പറഞ്ഞു. നിരന്തരമായി സുരക്ഷാകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന കൂടിക്കാഴ്ചകള്‍ നടക്കുന്നതായും HSE വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: