ബാങ്കിങ് രംഗത്തേയ്ക്ക് ചുവടുവച്ച് Revolut; ആദ്യ ഘട്ടത്തിൽ ലഭ്യമാക്കുക പേഴ്സണൽ ലോണുകൾ

അയര്‍ലണ്ടിലെ ജനകീയ ഇന്‍സ്റ്റന്റ് പേയ്‌മെന്റ് ആപ്പ് Revolut ബാങ്കിങ് മേഖലയിലേയ്ക്ക്. European Central Bank-ന്റെ അനുമതി ലഭിച്ചതോടെ വൈകാതെ തന്നെ രാജ്യത്തെ ഉപഭോക്താക്കള്‍ക്ക് പേഴ്‌സണല്‍ ലോണ്‍ നല്‍കാനുള്ള നടപടികളാരംഭിക്കുമെന്ന് Revolut വ്യക്തമാക്കി.

നിലവില്‍ 17 ലക്ഷത്തോളം ഉപഭോക്താക്കളാണ് Revolut-ന് അയര്‍ലണ്ടില്‍ ഉള്ളത്. കമ്പനിയുടെ മുഖമുദ്രയായ ‘ഇന്‍സ്റ്റന്റ് പേയ്‌മെന്റ്’ പോലെ ഇന്‍സ്റ്ററന്റ് ആയി തന്നെയാകും ലോണ്‍ നടപടികളുമെന്നാണ് Revolut പറയുന്നത്. ഉപഭോക്താക്കള്‍ക്ക് വളരെയെളുപ്പത്തില്‍ ലോണിന് അപേക്ഷിക്കുകയും, ലോണ്‍ പാസായോ, ഇല്ലയോ എന്നതിന് ഉടനടി മറുപടി ലഭിക്കുകയും ചെയ്യുന്ന തരത്തിലാണ് സംവിധാനം. സെക്കന്റുകള്‍ മാത്രമേ ഇതിന് വേണ്ടിവരികയുള്ളൂ എന്നും കമ്പനി പറയുന്നു.

ബാങ്കിങ് രംഗത്തെ ആദ്യ കാല്‍വെപ്പാണ് പേഴ്‌സണല്‍ ലോണ്‍ എന്നും, ഈ വര്‍ഷം തന്നെ ക്രെഡിറ്റ് കാര്‍ഡ് അടക്കമുള്ളവയും തങ്ങള്‍ അവതരിപ്പിക്കുമെന്നും Revolut വ്യക്തമാക്കി.

Ulster Bank, KBC, EBS പോലുള്ള ബാങ്കുകള്‍ ഐറിഷ് മാര്‍ക്കറ്റില്‍ നിന്നും പിന്‍വാങ്ങിയ സാഹചര്യത്തില്‍, Revolut-ന്റെ ബാങ്കിങ് മേഖലയിലേയ്ക്കുള്ള കടന്നുവരവിനെ പ്രതീക്ഷയോടെയാണ് സാമ്പത്തികവിദഗ്ദ്ധര്‍ നോക്കിക്കാണുന്നത്.

നേരത്തെ പേയ്‌മെന്റ് സര്‍വീസില്‍ Revolut-ന്റെ ജനപ്രീതി കാരണം അതിനെ മറികടക്കാനായി അയര്‍ലണ്ടിലെ പ്രമുഖ ബാങ്കുകള്‍ ചേര്‍ന്ന് മറ്റൊരു സംയുക്ത പേയ്‌മെന്റ് ആപ്പിന് രൂപം നല്‍കാനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. അതിനുള്ള അപേക്ഷ നിലവില്‍ Competition Commission പരിഗണനയിലാണ്.

Share this news

Leave a Reply

%d bloggers like this: