ഐറിഷ് പൗരത്വ അപേക്ഷയിലെ പുതിയ മാറ്റങ്ങൾ എന്തെല്ലാം? ഈ വർഷം അപേക്ഷിക്കുന്നവർ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

അഡ്വ. ജിതിന്‍ റാം

അയര്‍ലണ്ടില്‍ ഈ വര്‍ഷം മുതല്‍ പൗരത്വ അപേക്ഷകളില്‍ കാതലായ മാറ്റങ്ങള്‍ വരുത്തിയതായി സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. പൗരത്വ അപേക്ഷയുടെ നപടിക്രമങ്ങള്‍ കൂടുതല്‍ എളുപ്പവും, സുതാര്യവുമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് മാറ്റങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം ഇന്ത്യക്കാര്‍ അടക്കമുള്ള നിരവധി കുടിയേറ്റക്കാര്‍ക്ക് ഈ പുതിയ മാനദണ്ഡങ്ങളെക്കുറിച്ച് ആശയക്കുഴപ്പവും, ആശങ്കയുമുണ്ട്. അത് ദുരീകരിക്കുകയും, പൗരത്വ അപേക്ഷാ നടപടികള്‍ ലളിതമായി വിശദീകരിക്കുകയുമാണ് ഇവിടെ.

സാധാരണയായി കുറഞ്ഞത് അഞ്ച്‌ വര്‍ഷമെങ്കിലും അയര്‍ലണ്ടില്‍ സ്ഥിരതാമസമാക്കിയവര്‍ക്കാണ് പൗരത്വത്തിന് അപേക്ഷിക്കാനുള്ള യോഗ്യത.

അപേക്ഷ നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും സമര്‍പ്പിക്കേണ്ട രേഖകളും

1. അപേക്ഷാ ഫീസ് 175 യൂറോ ആണ്. ഇത് ബാങ്ക് ഡ്രാഫ്റ്റ് ആയി മാത്രമാണ് സ്വീകരിക്കുക. Secretary General, Department of Justice എന്ന പേരിലാണ് അഡ്രസ് എഴുതേണ്ടത്.

2. ഒറിജിനില്‍ പാസ്‌പോര്‍ട്ടിന്റെയും, പഴയ പാസ്‌പോര്‍ട്ടുകളുടെയും എല്ലാ പേജുകളുടെയും കളര്‍ ഫോട്ടോ കോപ്പി അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിക്കണം. ഇവ അംഗീകൃത ഉദ്യോഗസ്ഥരെ കൊണ്ട് സാക്ഷ്യപ്പെടുത്തണം (ഇതെപ്പറ്റിയുള്ള വിശദ വിവരങ്ങള്‍ ചുവടെ)

3. അപേക്ഷ നല്‍കുന്നതിന് 30 ദിവസത്തിനിടെയുള്ള രണ്ട് കളര്‍ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകള്‍. ഇവയും ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരെ  കൊണ്ട് സാക്ഷ്യപ്പെടുത്തണം.

4. Garda National Immigration Bureau (GNIB) നല്‍കുന്ന Immigrant Registration Card-ന്റെ കോപ്പി. അതല്ലെങ്കില്‍ Immigration Service Delivery (ISD).

5. അയര്‍ലണ്ടില്‍ സ്ഥിരമായി താമസിച്ചു എന്ന് തെളിയിക്കുന്ന രേഖകള്‍ പ്രകാരം ഓരോ വര്‍ഷവും കുറഞ്ഞത് 150 പോയിന്റ് അപേക്ഷകര്‍ക്ക് ലഭിച്ചിരിക്കണം (സ്‌കോര്‍ കാര്‍ഡ് സംവിധാനം എന്നറിയപ്പെടുന്ന ഇതിന്റെ വിശദാംശങ്ങള്‍ ചുവടെ).

6. അയര്‍ലണ്ടില്‍ സ്ഥിരമായി താമസിച്ചുവരികയാണ് എന്ന് തെളിയിക്കുന്ന രേഖകള്‍ (ഈ രേഖകള്‍ ഏതെല്ലാമെന്ന് ചുവടെ വിശദമാക്കുന്നുണ്ട്).

7. ഐറിഷ് പൗരത്വമുള്ള ഒരാളെ വിവാഹം കഴിക്കുകയോ, സിവില്‍ പാര്‍ട്ട്ണര്‍ ആയിരിക്കുകയോ ചെയ്തിരിക്കെ ആ വ്യക്തി മരണപ്പെട്ടതാണെങ്കില്‍ ബന്ധം വ്യക്തമാക്കുന്നതിന്റെ സര്‍ട്ടിഫിക്കറ്റുകളുടെയോ, കോടതി രേഖകളുടെയോ കോപ്പി. (if applicable)

8. Online residency checker പൂര്‍ത്തിയാക്കിയതിന്റെ കോപ്പി (1825 ദിവസങ്ങള്‍ അയര്‍ലണ്ടില്‍ സ്ഥിരമായി താമസിച്ചുഎന്നിതിന്റെ തെളിവ്).

9. പ്രായപൂര്‍ത്തിയായ വ്യക്തിയാണെങ്കില്‍ Tax Clearance Certificate (TCC) സമര്‍പ്പിക്കേണ്ടതുണ്ട്. കൃത്യമായി ടാക്‌സ് അടച്ചിട്ടുണ്ട് എന്ന് തെളിയിക്കുന്ന ഈ രേഖ റവന്യൂ വകുപ്പിന്റെ Revenue electronic Tax Clearance (eTC) system മുഖനേ ലഭിക്കുന്നതാണ്. നിങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന Tax Clearance Access Number (TCAN) അല്ലെങ്കില്‍ Tax Clearance Certificate (TCC) ആണ് സമര്‍പ്പിക്കേണ്ടത്.

പുതിയ മാറ്റങ്ങളും നിബന്ധനകളും

സ്‌കോര്‍ കാര്‍ഡ്

2022 ജനുവരി മുതലുള്ള പൗരത്വ അപേക്ഷകള്‍ സ്‌കോര്‍ കാര്‍ഡ് സംവിധാനം അടിസ്ഥാനമാക്കിയാണ് സ്വീകരിക്കപ്പെടുക. ഏതാനും മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് അപേക്ഷിക്കുന്നയാളിന്റെ സ്‌കോര്‍ നിശ്ചയിക്കുന്നത്.

അയര്‍ലണ്ടില്‍ താമസിക്കുന്ന ഓരോ വര്‍ഷവും കുറഞ്ഞത് 150 എന്ന സ്‌കോറെങ്കിലും അപേക്ഷിക്കുന്നയാളിന് ലഭിച്ചിരിക്കണം. ഇത്തരത്തില്‍ സ്‌കോര്‍ കണക്കാക്കുന്നതില്‍ പ്രധാനപ്പെട്ട മാനദണ്ഡമാണ് പ്രൂഫ് ഓഫ് റെസിഡന്‍സ് അഥവാ അയര്‍ലണ്ടില്‍ നിങ്ങള്‍ സ്ഥിരമായി താമസിച്ചുവരിയാണ് എന്ന് തെളിയിക്കുന്ന രേഖ/രേഖകള്‍.

ഓരോ രേഖകള്‍ക്കും നേരത്തെ തീരുമാനിക്കപ്പെട്ട പ്രകാരം പ്രത്യേകം പോയിന്റുകളുണ്ട്.

ഉദാ: Employment Detail Summary-ക്ക് നിശ്ചയിച്ചിട്ടുള്ള പോയിന്റ് 70 ആണ്. Social Welfare വകുപ്പിന്റെ വാര്‍ഷിക സ്റ്റേറ്റ്‌മെന്റിന് 50 പോയിന്റ്. കറന്റ് അക്കൗണ്ട് ബാങ്ക് സ്‌റ്റേറ്റ്‌മെന്റിന് 50 പോയിന്റുകള്‍ ലഭിക്കും. ഈ മൂന്ന് രേഖകളും പ്രൂഫ് ഓഫ് റെസിഡന്‍സ് ആയി സമര്‍പ്പിക്കുന്നയാള്‍ക്ക് ആ വര്‍ഷം 170 പോയിന്റ് ആണ് ലഭിക്കുക. കുറഞ്ഞത് 150 പോയിന്റാണ് വേണ്ടത് എന്നതിനാല്‍ രേഖകള്‍ പ്രകാരം ഈ വ്യക്തി പൗരത്വ അപേക്ഷ നല്‍കാന്‍ അര്‍ഹ/അര്‍ഹന്‍ ആണ്. മേല്‍ പറഞ്ഞ രേഖകളില്‍ ഏതെങ്കിലും ഒന്ന് നിര്‍ബന്ധമായും സമര്‍പ്പിച്ചിരിക്കണം.

മറ്റെല്ലാ യോഗ്യതകളും ഉണ്ടായിരിക്കുകയും, സ്‌കോര്‍ 150 എത്താതിരിക്കുകയും ചെയ്താല്‍ അവര്‍ ഇമിഗ്രേഷന്‍ വകുപ്പുമായി ബന്ധപ്പെടണം.

താഴെ പറയുന്ന രേഖകളാണ് പ്രൂഫ് ഓഫ് റെസിഡന്‍സ് ആയി സ്വീകരിക്കപ്പെടുക:

നിര്‍ബന്ധമായവ (ഇവയില്‍ ഏതെങ്കിലും ഒന്ന്)

1). Employment Detail Summary / Notice of Assessments

2). Department of Social welfare annual statement

3). Current a/c Bank statements: For each of the required number of years – annually Six consecutive months

മറ്റുള്ള പ്രൂഫുകള്‍

 1. Mortgage statement
 2. Rent agreement / registered with the local authority/ AHB / PTB
 3. Credit card statements: For each of the required number of  years – annually Six consecutive months 
 4. Primary / Secondary School in Ireland attendance record 
 5. Third level College in Ireland  – attendance record 
 6. Doctor / Hospital attendance record
 7. Medical Practitioner Employment History Summary 
 8. Property tax – proof of payment 
 9. Car tax – proof of payment
 10. TV Licence – proof of payment
 11. Dog or Fishing  licence  – proof of payment 
 12. Electric supplier – service bill – proof of payment 
 13. Gas supplier – service bill – proof of payment
 14. Medical insurance  – proof of payment 
 15. Home or Car Insurance bills – proof of payment 

ഓരോ രേഖകള്‍ക്കുമുള്ള പോയിന്റ് എത്രയെന്നറിയാന്‍ ഇവിടം സന്ദര്‍ശിക്കുക: https://www.irishimmigration.ie/wp-content/uploads/2021/12/2022-Scorecard-for-proofs-re-Identity-and-Residency.xlsx

ഡോക്ടര്‍മാരുടെ പ്രൂഫ് ഓഫ് ഐഡന്റിറ്റി

ഇനിമുതല്‍ അയര്‍ലണ്ടില്‍ HSE-ക്ക് വേണ്ടിയോ, Voluntary Hospital-കളിലോ ജോലി ചെയ്യുന്ന ഡോക്ടര്‍മാരുടെ Medical Practitioner Employment History Summary-യും പ്രൂഫ് ഓഫ് റെസിഡന്‍സ് ആയി സ്വീകരിക്കുമെന്ന് ഇമിഗ്രേഷന്‍ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇതിന് 25 പോയിന്റുകള്‍ ലഭിക്കും.

പൗരത്വ അപേക്ഷയും ഒറിജിനല്‍ പാസ്‌പോര്‍ട്ടും

ജനുവരി 1 മുതല്‍ പൗരത്വ അപേക്ഷ നല്‍കുന്നവര്‍, അപേക്ഷയ്‌ക്കൊപ്പം ഒറിജിനല്‍ പാസ്‌പോര്‍ട്ട് ആദ്യ ഘട്ടത്തില്‍ സമര്‍പ്പിക്കേണ്ടതില്ലെന്ന് ഇമിഗ്രേഷന്‍ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. പകരം ഒറിജിനല്‍ പാസ്‌പോര്‍ട്ടിന്റെ എല്ലാ പേജുകളുടെയും കളര്‍ ഫോട്ടോകോപ്പികള്‍ സമര്‍പ്പിക്കാം. ഒപ്പം സ്റ്റാംപുകള്‍ അടങ്ങിയിരിക്കുന്ന പഴയ പാസ്‌പോര്‍ട്ടുകളുടെ കളര്‍ ഫോട്ടോകോപ്പികളും ഇത്തരത്തില്‍ സമര്‍പ്പിക്കാം. ഇത് അപേക്ഷകന്‍/അപേക്ഷക എത്ര നാള്‍ അയര്‍ലണ്ടില്‍ താമസിച്ചുവരുന്നു എന്ന് വ്യക്തമാക്കാന്‍ സഹായിക്കും. ഫോട്ടോകോപ്പി എടുക്കുമ്പോള്‍ മുന്‍പിലത്തെയും, പുറകിലത്തെയും പേജുകള്‍ കൂടി കോപ്പി ചെയ്യാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

പാസ്‌പോര്‍ട്ട് കോപ്പി സാക്ഷ്യപ്പെടുത്തല്‍

ആദ്യഘട്ട അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിക്കുന്ന പാസ്‌പോര്‍ട്ടുകളുടെ ഫോട്ടോകോപ്പികള്‍ ഒരു അംഗീകൃത സൊളിസിറ്റര്‍, commissioner for oaths അല്ലെങ്കില്‍ notary public എന്നിവരില്‍ ഒരാളെ കൊണ്ട് സാക്ഷ്യപ്പെടുത്തേണ്ടത് (ഒറിജിനലിന്റെ പകര്‍പ്പാണെന്ന് certify ചെയ്യുക) അത്യാവശ്യമാണ്. അല്ലാത്തപക്ഷം അപേക്ഷകള്‍ നിരസിക്കപ്പെട്ടേക്കും.

കോപ്പികള്‍ സാക്ഷ്യപ്പെടുത്താന്‍ കൊണ്ടുപോകുമ്പോള്‍ ഒറിജിനല്‍ രേഖകളും ഒപ്പം കരുതണം. ഇതുമായി താരതമ്യം ചെയ്താണ് സാക്ഷ്യപ്പെടുത്തുന്ന ഉദ്യോഗസ്ഥ/ഉദ്യോഗസ്ഥന്‍ കോപ്പികള്‍ ഒറിജിനലിന്റേത് തന്നെയാണെന്ന് ഉറപ്പിക്കുക. ശരിയായ കോപ്പികള്‍ ആണെങ്കില്‍ ‘True copy of the original’ എന്നെഴുതി സാക്ഷ്യപ്പെടുത്തും. അപേക്ഷ നല്‍കുന്നയാള്‍ തന്നെ നേരിട്ട് പോകണം.

പാസ്‌പോര്‍ട്ടും കോപ്പിയും

നേരത്തെ പറഞ്ഞതുപോലെ പാസ്‌പോര്‍ട്ടിന്റെ കളര്‍ ഫോട്ടോകോപ്പിയാണ് എടുക്കേണ്ടത്. ഒപ്പം താഴെ പറയുന്ന കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കുക:

1. പാസ്‌പോര്‍ട്ടിന്റെ മുമ്പിലത്തെയും, പുറകിലത്തെയും കവറുകള്‍ കോപ്പിയെടുക്കണം.

2. Biometric വിവരങ്ങള്‍ ഉള്‍പ്പെട്ട പേജുകള്‍ കോപ്പി ചെയ്യണം. ഇവയിലാണ് ഫോട്ടോ, പേര് മുതലായ വിവരങ്ങള്‍ ഉണ്ടാകുക. ഇത് നോക്കിയാണ് സാക്ഷ്യപ്പെടുത്തുന്നയാള്‍ ഈ പാസ്‌പോര്‍ട്ട് അപേക്ഷ നല്‍കുന്നയാളിന്റേത് തന്നെയാണെന്ന് ഉറപ്പിക്കുക.

3. തുടര്‍ന്നുള്ള പേജുകളും ഇതേ പാസ്‌പോര്‍ട്ടിന്റേത് തന്നെയാണെന്ന് സാക്ഷ്യപ്പെടുത്തുന്നയാള്‍ക്ക് ബോധ്യപ്പെടുത്തേണ്ടതുണ്ട്. അതിനാല്‍ പേജുകള്‍ കൃത്യമാണെന്ന് നേരത്തെ പരിശോധിച്ച് ഉറപ്പിക്കുക.

4. സ്റ്റാംപുകളും, ബ്ലാങ്ക് ആയി കിടക്കുന്ന പേജുകളും അടക്കം എല്ലാ പേജുകളും കളര്‍ ഫോട്ടോകോപ്പി ചെയ്യണം.

5. ശേഷം ഈ കോപ്പികളെല്ലാം ഒറിജിനല്‍ പാസ്‌പോര്‍ട്ടിന്റേത് തന്നെയാണെന്നും, അപേക്ഷ നല്‍കുന്നയാളിന്റെ പാസ്‌പോര്‍ട്ട് തന്നെയാണ് ഇതെന്നും പറയുന്ന ഒരു കത്ത് അപേക്ഷകന്‍/അപേക്ഷക സാക്ഷ്യപ്പെടുത്തുന്ന ഉദ്യോഗസ്ഥന് മുന്നില്‍ സമര്‍പ്പിക്കണം.

അപേക്ഷ സ്വീകരിച്ച് നടപടികള്‍ ആരംഭിച്ചുകഴിഞ്ഞാല്‍ വെരിഫിക്കേഷന് വേണ്ടി ഇമിഗ്രേഷന്‍ വകുപ്പ് ഒറിജിനല്‍ പാസ്‌പോര്‍ട്ട് ആവശ്യപ്പെട്ടേക്കാം. ഇത്തരത്തില്‍ ആകെ അപേക്ഷകരില്‍ 10% പേരെങ്കിലും ഒറിജിനല്‍ പാസ്‌പോര്‍ട്ട് വെരിഫിക്കേഷന് നല്‍കേണ്ടിവരും. ഇതില്‍ തീരുമാനമെടുക്കാനുള്ള അധികാരം ഇമിഗ്രേഷന്‍ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയില്‍ (നിലവില്‍ നീതിന്യായവകുപ്പ്, ഇമിഗ്രേഷന്‍ വകുപ്പ് മന്ത്രി ഹെലന്‍ മക്കന്റീ) നിക്ഷിപ്തമാണ്.

അഡ്വ. ജിതിന്‍ റാം
Louis Kennedy Solicitors, Dublin
Ph: +353 89 211 3987
Email-info@louiskennedysolicitors.ie

comments

Share this news

Leave a Reply

%d bloggers like this: