ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കർ അന്തരിച്ചു

മുംബൈ: ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കര്‍ (92) അന്തരിച്ചു. കോവിഡും, പിന്നീട് ന്യൂമോണിയയും ബാധിച്ചതിനെത്തുടര്‍ന്ന് ഒരു മാസത്തോളമായി മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

സ്വരമാധുരിയാല്‍ വിസ്മസ്പ്പിച്ച ലത, ഇന്ത്യന്‍ ഭാഷകളിലും, വിദേശഭാഷകളിലുമായി 30,000-ലേറെ ഗാനങ്ങള്‍ പാടിയിട്ടുണ്ട്. ഭാരതരത്‌നം, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍, ദാദാ സാഹിബ് ഫാല്‍ക്കേ അവാര്‍ഡ് എന്നിങ്ങനെ ഒട്ടനവധി പുരസ്‌കാരങ്ങള്‍ നല്‍കി രാജ്യം അവരെ ആദരിച്ചു. ഫ്രഞ്ച് സര്‍ക്കാരിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ലീജിയന്‍ ഓഫ് ഓണറും ലതയ്ക്ക് നല്‍കപ്പെട്ടു.

1929 സെപ്റ്റംബര്‍ 28-ന് മദ്ധ്യപ്രദേശിലെ ഇന്‍ഡോറിലാണ് ലതാ മങ്കേഷ്‌കര്‍ ജനിച്ചത്. പിതാവായ പണ്ഡിറ്റ് ദീനനാഥ് മങ്കേഷ്‌കര്‍ പ്രശസ്ത സംഗീതജ്ഞനായിരുന്നതിനാല്‍ ലതയും നാല് സഹോദരരും സംഗീതത്തിന്റെ വഴിയിലൂടെ തന്നെ സഞ്ചരിച്ചു. പ്രശസ്ത ഗായിക ആശാ ഭോസ്ലെയാണ് ലതയുടെ സഹോദരങ്ങളില്‍ ഒരാള്‍. അമ്മ ശിവന്തി.

1942-ലാണ് ലത ആദ്യമായി ചലച്ചിത്ര പിന്നണി ഗാന രംഗത്തേയ്ക്ക് വരുന്നത്. ആദ്യ കാലത്ത് ഏതാനും മറാഠി, ഹിന്ദി സിനിമകളില്‍ പാടിയ ലത, 1945-ല്‍ മുംബൈയിലെത്തുകയും, ഉസ്താദ് അമന്‍ അലി ഖാന്റെ ശിക്ഷണത്തില്‍ ഹിന്ദുസ്ഥാനി സംഗീതം പഠിക്കാനാരംഭിക്കുകയും ചെയ്തു.

1946-ല്‍ ആപ് കി സേവാ മേം എന്ന ചിത്രത്തിലെ ഗാനങ്ങളാലപിച്ചതോടെ ലതയെ ലോകം തിരിച്ചറിഞ്ഞുതുടങ്ങി. പിന്നീട് പാടിയ പല ഗാനങ്ങളും സൂപ്പര്‍ ഹിറ്റായതോടെ ലതയ്ക്ക് തിരക്കേറി. ഇന്ത്യയിലെ പ്രശസ്തരായ ഒട്ടുമിക്ക സംഗീതസംവിധായകരോടൊപ്പവും ജോലി ചെയ്യാന്‍ അവസരം ലഭിച്ച അവര്‍ മൂന്ന് തവണയാണ് മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയത്. ആലാപനമാധുരിയില്‍ ആസ്വാദകരെ അലിയിച്ച ലതയ്ക്ക് വാനമ്പാടി എന്ന വിളിപ്പേരും വീണു.

മലയാളത്തിലും സാന്നിദ്ധ്യമറിച്ച ലത, നെല്ല് എന്ന സിനിമയ്ക്കായി പാടിയ ‘കദളീ ചെങ്കദളീ’ എന്ന ഗാനം മലയാളികള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. മലയാളത്തില്‍ അവര്‍ പാടിയ ഏക ഗാനവും ഇതാണ്.

ലത യാത്രയാകുമ്പോള്‍ ബാക്കിയാകുന്നത് തലമുറകളെ ആസ്വാദനത്തിന്റെ വിവിധ ലോകങ്ങളിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയ ഒരുപിടി ഗാനങ്ങളാണ്.

കടപ്പാട്: മനോരമ.

Share this news

Leave a Reply

%d bloggers like this: