അരിച്ചാക്കിൻ്റെ കഥ/സ്റ്റോറി ഓഫ് റൈസ് ബാഗ്.(അനൂപ് ജോസഫ് )

ഇക്കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇന്ത്യയിൽ കണ്ടുവരുന്ന  ഒരു രാഷ്ട്രീയ പ്രവണതയാണ്, പ്രതികരണങ്ങളെ ആ വ്യക്തിയുടെ മതത്തിൻറെ പേരിൽ ചേർത്ത് കൊണ്ട് വിമർശിക്കുക എന്നുള്ളത്. ഉത്തരഭാരതത്തിൽ തുടങ്ങി ഇന്ന് ദക്ഷിണഭാരതത്തിൽ വരെ കണ്ടുവരുന്ന ഒരു പ്രവണതയും, വാക്യവും ആണ് “അരിച്ചാക്ക് അല്ലെങ്കിൽ റൈസ് ബാഗ്”. ഈ വാക്ക് സാധാരണഗതിയിൽ ഉപയോഗിക്കുന്നത് ഭാരതത്തിലെ ക്രിസ്ത്യൻ മത വിശ്വാസികളെ ഉന്നം വച്ചുള്ളതാണ്.

ക്രിസ്ത്യാനികളെ എന്തുകൊണ്ടാണ് അരിച്ചാക്ക് എന്ന് വിശേഷിപ്പിക്കുന്നത്? ഈ ചോദ്യത്തിന് ഉത്തരം തേടിപ്പോയാൽ നമുക്ക് കാണാൻ സാധിക്കുന്നത് കേരളത്തിലെ തന്നെ വിവിധ വിവിധ സഭാ ചരിത്രങ്ങളിൽ  സൂചിപ്പിച്ചിട്ടുള്ള ഒരു കാര്യമാണ്; പ്രത്യേകിച്ച് കേരളത്തിൻറെ  മധ്യതിരുവിതാംകൂർ ഭാഗത്തും, വടക്കൻ കേരളത്തിലും മതം മാറി വരുന്ന വ്യക്തികൾക്ക് ക്രിസ്ത്യൻ സഭകൾ സ്വന്തമായി ജീവിക്കാനും,കൃഷി ചെയ്യാനും ഉള്ള സ്ഥലവും അവർക്ക് നിശ്ചിത അളവിൽ വീട്ടുസാധനങ്ങളും നൽകിയിരുന്നു എന്നുള്ളതാണ്.  

അപ്പോൾ ഒരു സാധാരണ ക്രിസ്ത്യാനി എന്നു പറയുന്നത്, കുറച്ച് അരിക്കും മണ്ണിനുവേണ്ടി നാടിനെ അല്ലെങ്കിൽ സംസ്കാരത്തിന് മറന്നവർ എന്നാണോ? അങ്ങനെ പറഞ്ഞു കൊണ്ടാണ് സാധാരണഗതിയിൽ അരിച്ചാക്ക് എന്ന പദം ഉപയോഗിക്കുന്നത്.

എന്തുകൊണ്ടാണ് കേരളത്തിൽ വലിയ രീതിയിൽ മതപരിവർത്തനം ഉണ്ടായത്? കേരള ചരിത്രം പരിശോധിച്ചാൽ 1850-കളിൽ ആണ് കേരളത്തിൽ  ക്രിസ്ത്യാനികളായി ആളുകൾ മതപരിവർത്തനം നടത്തിയത് എന്ന് തിരിച്ചറിയാൻ സാധിക്കും. ചരിത്രരേഖകൾ പരിശോധിച്ചാൽ, മധ്യകേരളത്തിലെ ക്രിസ്തുമതപരിവർത്തനത്തിന്ന തുടക്കമിട്ടത് പത്തനം തിട്ടയിലെ കോഴഞ്ചേരിയിൽ കാളയോടൊപ്പം നുകത്തിൽ ബന്ധിപ്പിച്ച ദൈവത്താൻ എന്ന അടിമയെ  ജോൺ ഹോക്സ് വർത്ത് എന്ന യൂറോപ്യൻ നുകത്തിൽ നിന്നും മോചിപ്പിച്ച് ആബേൽ എന്ന പേര് നൽകി   ദലിത് ക്രിസ്ത്യാനിയാക്കി എന്ന് കുഞ്ഞുകുഴി മണിയും, 1853 ആഗസ്റ്റ് 19 ന് മിഷണറിയായ ജോൺ ഹോക്സ് വർത്ത് ദൈവത്താനെയും സഹോദരൻ ചേരാദിനെയും.തിരുവല്ലയിലെ മിഷനറി ബംഗ്ളാവിൽ വിളിച്ചു വരുത്തി  പരിപാഭാഷക്കാരൻ മുഖേന  എഴുപത്താറ് ചോദ്യം ചോദിച്ചെന്നും അതിൽ ഇരുപതെണ്ണത്തിന് ശരിയുത്തരം നൽകിയെന്നും  അങ്ങിനെ ഹാബേലും ഭാര്യ റാഹേൽ മക്കളായ രൂത്ത് ലേയ നവോമി എസ്ഥേർ എന്നിവരും സഹോദരനും ഭാര്യയും മതപരിവർത്തനം നടത്തി എന്നുമാണ് വിനിൽ പോൾ പറയുന്നത്.കാര്യങ്ങൾ എങ്ങനെയായാലും വലിയൊരു മതപരിവർത്തനം കേരളത്തിൽ പതിനെട്ടാം നൂറ്റാണ്ടുമുതൽ നടന്നിരുന്നു എന്നത് ചരിത്രമാണ്.

എന്തുകൊണ്ടാണ് കേരളത്തിൽ ഇത്രകണ്ട് മതപരിവർത്തനങ്ങൾ ഉണ്ടായത്! ഇവിടെയാണ് നമ്മൾ ചരിത്രം  അറിഞ്ഞിരിക്കേണ്ടതിൻ്റെ  ആവശ്യകത ഉണ്ടാവുന്നത്. പതിനെട്ടാം നൂറ്റാണ്ടിൽ കേരളത്തിൽ നിലനിന്നിരുന്ന തീവ്ര ജാതിവ്യവസ്ഥ മനുഷ്യജീവിതം നരകം ആക്കി തീർത്തിരുന്നു എന്നതാണ് യാഥാർത്ഥ്യം. കീഴ്ജാതിക്കാർക്കും, താഴ്ന്ന വർഗ്ഗക്കാർക്കും ജീവിതം തന്നെ  പണിയെടുക്കാനും, കരം കൊടുക്കാനും മാത്രമാണ് എന്ന അവസ്ഥയിലായിരുന്നു. അക്കാലഘട്ടത്തിൽ ഉണ്ടായിരുന്നു വിവിധ നീതി നിഷേധങ്ങൾ സാധാരണ ജനങ്ങളെ മനസ്സ് മടിപ്പിച്ചിരിന്നൂ എന്നതാണ് യാഥാർത്ഥ്യം. മാറു മറയ്ക്കാൻ സ്വാതന്ത്ര്യമില്ലാത്ത അവസ്ഥയും, കേരളത്തിൽ അറിയപ്പെടുന്ന മാറു മുറിച്ച് നങ്ങേലിയുടെ കഥയും, പന്തിഭോജനവും അതിലെ വേർതിരിവുകൾ പോലും സമൂഹത്തിൽ വല്ലാത്ത തരത്തിൽ മുറിവുകൾ ഉണ്ടാക്കിയിരുന്നു.

ഈ കാലഘട്ടത്തിലാണ് കേരളത്തിൽ ടിപ്പുവിൻറെ പടയോട്ടവും, അതിനെ നേരിടാൻ ബ്രിട്ടീഷ് നേതൃത്വത്തിലുള്ള ഉള്ള സൈനിക നീക്കങ്ങളും ഉടമ്പടികളും എല്ലാം കേരളത്തിൽ നടക്കുന്നത്. ഈ ഉടമ്പടിയിലൂടെ കേരളത്തിലങ്ങോളമിങ്ങോളം ബ്രിട്ടീഷുകാർക്ക്  ലഭിച്ച സ്വാതന്ത്ര്യവും അവകാശങ്ങളും, അവരുടെ കൂടെ വന്ന മിഷനറിമാർ നല്ലരീതിയിൽ പ്രയോജനപ്പെടുത്തുന്നത്.

ഒരു ക്രിസ്ത്യൻ അല്ലെങ്കിൽ മുസ്ലിം നാമധാരി ആയി മാറി കഴിഞ്ഞാൽ ഇത്രകാലം തലതാഴ്ത്തി പിടിച്ചു നടന്ന അതെ സമൂഹത്തിൽ തലയുയർത്തി മറ്റുള്ളവരുടെ കൂടെ നടക്കാം എന്നുള്ളതും, ഭയം ഏതുമില്ലാതെ ജോലി ചെയ്യാം, തുണി ഉടുക്കാം, വിദ്യാഭ്യാസം ചെയ്യാം, ഇഷ്ടമുള്ള തൊഴിലെടുക്കാം എന്ന അവസ്ഥ ഉണ്ടാകുമെന്നത് സാധാരണക്കാർക്ക് ഒരു തിരിച്ചറിവായിരുന്നു. ഈ തിരിച്ചറിവ് ഒരു നിശബ്ദ വിപ്ലവത്തിൻ്റെ തുടക്കമായിരുന്നു. കേരളത്തിലെ സാധാരണക്കാർ, അവർ ജനിച്ചുവളർന്ന മതം ഉപേക്ഷിച്ച് പുതിയ ഒരു മതം സ്വീകരിച്ചത്, കുറച്ച് അരിച്ചാക്കുകൾ വേണ്ടിയായിരുന്നില്ല മറിച്ച് അന്തസ്സോടെ ആത്മാഭിമാനത്തോടെ തലയുയർത്തിപ്പിടിച്ച് ജീവിക്കാൻ വേണ്ടിയായിരുന്നു.

വിവേകാനന്ദൻ ജാതിവ്യവസ്ഥയുടെ പാരമ്യതയിൽ നിലകൊണ്ട കേരളത്തെ അക്കാലഘട്ടത്തിൽ ആണ് ഭ്രാന്താലയമെന്ന് വിളിച്ചിരുന്നത്. ആ ഭ്രാന്താലയത്തിൽ നിന്ന് ഒരു മോചനം ആയിരുന്നു ഈ മത പരിവർത്തനങ്ങൾ. കേരളത്തിലെ ഈ നിശബ്ദ വിപ്ലവം, പക്ഷേ  പിന്നീട് ചരിത്രം ആയി മാറിയപ്പോൾ വെറുമൊരു മതപരിവർത്തനം ആയി മാത്രം മാറി; എന്നാൽ ഇതൊരു സാമൂഹിക പ്രതികരണമായിരുന്നു എന്നും; അക്കാലഘട്ടത്തിലെ ജാതിവ്യവസ്ഥയോട് ഉള്ള ജനങ്ങളുടെ എതിർപ്പാണ് എന്നും ഒന്നും ആരും തുറന്നു പറഞ്ഞില്ല.

കാലഘട്ടം വളരെയധികം മാറിയെങ്കിലും, ഇന്ന് നമ്മൾ വീണ്ടും പിന്നിലേക്ക് നടന്നു കൊണ്ടിരിക്കുകയാണ്. ഒരിക്കലും കാണാത്ത വിധം ഇന്ന് കേരളത്തിൽ ജാതി പിടിമുറുക്കുകയാണ്.

രാഷ്ട്രീയ പ്രതികരണം ആയാലും, സാമൂഹിക പ്രതികരണം ആയാലും, ആ പ്രതികരണങ്ങളുടെ മറുപടി ജാതി പറഞ്ഞുകൊണ്ട് ആവരുത്, മറിച്ച് സാമൂഹിക നീതി  മാനിച്ചു കൊണ്ടാവണം. ജാതി വത്കരണം തീർക്കുന്നത് ഒരു അപരവത്കരണം ആണ് എന്ന തിരിച്ചറിവ് സമൂഹത്തിന് ഉണ്ടാവേണ്ടതാണ്. നവോത്ഥാനകാലഘട്ടത്തിലെക്കുള്ള ഒരു മടക്കം ആയിരിക്കണം നമ്മൾക്ക് ഉണ്ടാവേണ്ടത്.

അനൂപ് ജോസഫ്

Share this news

Leave a Reply

%d bloggers like this: