‘ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും കഠിനമായ തീരുമാനം’പലായനത്തിന്റെ വേദന നിറഞ്ഞ അനുഭവങ്ങൾ പങ്കുവച്ച് അയർലൻഡിലെത്തിയ ഉക്രൈൻ കുടുംബം

ജനിച്ച നാടും, വളര്‍ന്ന വീടും വിട്ടെറിഞ്ഞ് ലക്ഷ്യമില്ലാതെ പലായനം ചെയ്യുന്ന ആയിരങ്ങള്‍, പ്രിയപ്പെട്ടവരെ പിറന്ന മണ്ണിനായി പോരാടാന്‍ വിട്ട് നിറകണ്ണുകളോടെ യാത്ര പറയുന്നവര്‍ ….അങ്ങനെ എത്രയെത്ര ചിത്രങ്ങളാണ് യുദ്ധം ബാക്കിയാക്കുന്നത്….ഓരോ യുദ്ധവും സനാഥരായിരുന്ന പതിനായിരങ്ങളെ അനാഥരാക്കുന്നു, ഇന്നലെ വരെ അവകാശികളായിരുന്നവരെ ഒരു സുപ്രഭാതത്തില്‍ അഭയാര്‍ഥികളാക്കുന്നു…യുദ്ധമുണ്ടായ കാലം മുതല്‍ ലോകം കാണുന്ന കാഴ്ചകളാണ് ഇവയത്രയും..ഏറ്റവും ഒടുവിലായി ഉക്രൈനിലും ഇത് ആവര്‍ത്തിക്കുന്നു. അത്തരത്തില്‍ ഉക്രൈനില്‍ നിന്നും പ്രിയപ്പെട്ട അച്ഛനെയും, സഹോദരനെയും രാജ്യത്തിനായി പോരാടാന്‍‍ വിട്ട് അയര്‍ലന്‍ഡിലേക്ക് അഭയം തേടിയെത്തിയ ഒരു കുടുംബം പലായനത്തിന്റെ വേദന നിറഞ്ഞ അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ്.

പത്തുപേരടങ്ങളുന്ന Dulchue കുടുംബം വെള്ളിയാഴ്ചയായിരുന്നു സ്വന്തം നാടായ ഒഡേസയില്‍ നിന്നും അഭയം തേടി ഡബ്ലിനിലേക്കെത്തിയത്. രണ്ടു വയസ്സു മുതല്‍ 70 വയസ്സുവരെ പ്രായമുള്ളവര്‍ ഉള്‍പ്പെടുന്നതാണ് ഈ കുടുംബം. യുദ്ധം തകര്‍ത്തെറിഞ്ഞ തങ്ങളുടെ നാട്ടില്‍ നിന്നും യാത്ര പറയുമ്പോള്‍ അവര്‍ കയ്യില്‍ കരുതിയത് കുറച്ചു വസ്ത്രങ്ങളും, അത്യാവശ്യത്തിനുള്ള ചില സാധനങ്ങളും മാത്രം.

“പ്രിയപ്പെട്ടതെല്ലാം, അച്ഛനെയും സഹോദരനെയും ഉള്‍പ്പെടെ ഞങ്ങള്‍ക്ക് ഉക്രൈനില്‍ ഉപേക്ഷിക്കേണ്ടി വന്നു, ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വിഷമം നിറഞ്ഞ തീരുമാനമായിരുന്നു ഇത്” എന്ന് കൂട്ടത്തിലെ 19 വയസ്സുകാരി Svevlana പറയുന്നു. “എന്നാല്‍ ഞങ്ങള്‍ കയ്യില്‍ കരുതിയവയില്‍ ഏറ്റവും വിലപ്പെട്ടതായി ഞങ്ങള്‍ കാണുന്നത് ഞങ്ങളുടെ കൂടെയുള്ള കുട്ടികളെയാണ്. ‍ഞങ്ങളുടെ നാടിന്റെ നല്ല ഭാവിക്കായി ഞങ്ങള്‍ അവരെ സംരക്ഷിക്കും” Svevlana പറഞ്ഞു. തന്റെ കുടുംബത്തോടൊപ്പം ഒരു നാള്‍ സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ കഴിയുമെന്ന പ്രത്യാശയും അവളുടെ വാക്കുകളില്‍ ഉണ്ടായിരുന്നു.

നിലവില്‍ അയര്‍ലന്‍ഡിലെ Kilkenny നഗരത്തിലെ Springhill ഹോട്ടലിലാണ് ഈ പത്തംഗകുടുംബം താമസിക്കുന്നത്. അയര്‍ലന്‍ഡിലെ ടെലികമ്മ്യൂണിക്കേഷന്‍ കമ്പനിയായ Entegro യുടെ ഉടമസ്ഥനായ Jim Doyleന്റെ സഹായത്തോടയാണ് ഇവര്‍ക്ക് ഇവിടെ താമസസൗകര്യം ലഭ്യമായത്. ഒഡേസയില്‍ നിന്നും മാല്‍ഡോവ വഴി റൊമാനിയയില്‍ എത്തിയ ഇവര്‍ക്ക് അയര്‍ലന്‍ഡിലേക്കുള്ള യാത്രാ സൗകര്യങ്ങളും ഒരുക്കിയത് Doyle തന്നെയായിരുന്നു.

യാത്രയില്‍ വച്ച് തന്റെ മുത്തശ്ശി നേരിട്ട ആരോഗ്യപ്രശ്നങ്ങളും തങ്ങളെ ഏറെ ആശങ്കപ്പെടുത്തിയിതായി Svevlana പറഞ്ഞു. ജീവിതത്തിന്റെ ഈ ഒരു ഘട്ടത്തില്‍ തന്റെ മുത്തശ്ശി രാജ്യം വിടാന്‍ നിര്‍ബന്ധിതരാവുകയാണ്, കുടുംബത്തിലെ ഇളയ കുട്ടികള്‍ക്ക് തങ്ങള്‍ പ്രിയപ്പെട്ടവരില്‍ നിന്നും അകന്നുപോവുന്നതിന്റെ കാരണം പോലുമറിയില്ലെന്നും അവള്‍ പറഞ്ഞു.

ഉക്രൈനില്‍ തുടരുന്ന പിതാവുമായും സഹോദരനുമായും തുടക്കത്തില്‍ ഇവര്‍ക്ക് ആശയവിനിമയം സാധ്യമായിരുന്നുവെങ്കിലും പിന്നീട് ഇതില്‍ തടസ്സം നേരിട്ടു, ബങ്കറിനുള്ളില്‍ ഭക്ഷണവും വെള്ളവുമില്ലാതെ അവര്‍ പോരാടുന്നതിനെക്കുറിച്ചാണ് ഞങ്ങളുടെ ആശങ്ക. എന്നാല്‍ അവരുടെ ജീവന്‍ അപകടത്തിലാണെന്ന് പോലും ഓര്‍ക്കാതെ അവര്‍ ‍ഞങ്ങളുടെ അവസ്ഥയോര്‍ത്ത് ആശങ്കപ്പെടുകയാണ് Svevlana പറഞ്ഞു.

സാഹചര്യങ്ങള്‍ പ്രതികൂലമാണെങ്കിലും പരാജയം സമ്മതിക്കാന്‍ മനസ്സില്ലാത്ത ഉക്രൈന്‍ ജനതയുടെ പ്രത്യാശ മുഴുവന്‍ Svevlana എന്ന 19 കാരിയുടെ കണ്ണുകളില്‍ ഉണ്ടായിരുന്നു. “ നല്ലത് സംഭവിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു” എന്ന ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചുകൊണ്ടായിരുന്നു Svevlana തന്റെ വാക്കുകള്‍ അവസാനിപ്പിച്ചത്.

Share this news

Leave a Reply

%d bloggers like this: