Z+ കാറ്റഗറി സുരക്ഷയിൽ ഒരു തീവണ്ടി യാത്ര…!

സെബി പാലാട്ടി

19/01/22 ഉച്ചക്ക് 1 മണിക്ക് അങ്കമാലി റെയിൽവേ സ്റ്റേഷനിൽ കൂകിവിളിച്ച് മുക്രയിട്ടു വന്നുനിന്ന തിരുവനന്തപുരത്തേക്കുള്ള പരശുറാം എക്സ്പ്രസിന്റെ എ സി ബോഗിയിലേക്കു വലിഞ്ഞു കയറി കൂടെ രണ്ട് വലിയ പെട്ടികളും, ഒരു വിധത്തിൽ പെട്ടികളെല്ലാം ഒതുക്കി വച്ചശേഷം എന്റെ സീറ്റ് അന്വേഷിച് തെല്ലൊരു സംശയത്തോടെ അലസമായി ശുഭ്ര വസ്ത്രം ധരിച്ചിരിക്കുന്ന ഒരു ചെറുപ്പക്കാരന്റെ അടുത്തേക്ക് ചെന്നു . ഒറ്റ നോട്ടത്തിൽ ടി ടി ആർ ആണെന്ന് തോന്നില്ല എങ്കിലും ആള് തന്നെയായിരുന്നു ടി ടി ആർ.

ചീകിയൊതുക്കാത്ത ചകിരി പോലുള്ള മുടി പുറകിലോട്ട് മാടി വച്ച് എന്റെ ടിക്കറ്റു വാങ്ങി നോക്കിയശേഷം സൗമ്യമായ ചിരിയോടെ ആ ന്യൂ ജെൻ ടി ടി ആർ എന്റെ സീറ്റ് കാണിച്ചു തന്നു. തൊട്ടടുത്ത സീറ്റ് കാലിയായത് കൊണ്ട് ഞാൻ എന്റെ സീറ്റിൽ വിസ്തരിച് ഇരുന്നു. പിന്നെ പതുക്കെ “നാളികേരത്തിന്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ട് ” എന്ന ഗൃഹാതുരത്വം ഉണർത്തുന്ന പാട്ടും പാടി പുറത്തെ കാഴ്ചകളെല്ലാം ആവോളം ആസ്വദിച്ചുകൊണ്ടിരുന്നു.

അപ്പോഴേക്കും ആലുവയിലെത്തി ട്രെയിൻ നിർത്തിയതും ഒരു പൊലീസ് നായയും കുറേ പോലീസുകാരും ഞങ്ങളുടെ ബോഗിയിലേക്ക് ഇരച്ചു കയറി. അവർ ആ ബോഗിയിലെ എല്ലാവരുടെ ബാഗും പെട്ടികളും ആ പട്ടിയെകൊണ്ട് മണപ്പിക്കുകയും അവരുടെ കയ്യിലുള്ള ഡിറ്റക്ടർ കൊണ്ട് അപകടകരമായി ഒന്നും ഇല്ലാ എന്ന് ഉറപ്പുവരുത്തുകയും ചെയ്തു . ആ പട്ടി എന്റെ പെട്ടി മണത്തപ്പോൾ ഞാൻ തെല്ലൊന്നു അമ്പരന്നു, കാരണം പെട്ടിയിൽ ‘അമ്മ തന്നുവിട്ട വിവിധ തരത്തിലുള്ള അച്ചാറുകളും ഉമ്മക്കമീൻ വറുത്തതും, ഉണക്ക ഇറച്ചിയും എന്ന് വേണ്ടാ നാട്ടിൽ കിട്ടാവുന്ന എല്ലാ നാടൻ രുചികളും പെട്ടിയിൽ ഉണ്ടായിരുന്നു. അതെങ്ങാൻ മണത്തിട്ടു പട്ടിയെങ്ങാൻ കുരച്ചാൽ എന്റെ കാര്യം കട്ടപ്പൊക. എന്തോ പട്ടി പെട്ടിയുടെ അടുത്ത് അധികനേരം നിന്നില്ല.

പക്ഷേ ആ പോലീസുകാർ എന്റടുത്ത് കുറച്ചധികനേരം നിന്നു എന്നെ അടിമുടി അവർ ഒന്ന് സ്കാൻ ചെയ്‌തു . എന്റെ രൂപവും കഴുത്തിലെ ചങ്ങലയുമൊക്കെ ആയിരിക്കാം അവരെ അതിനു പ്രേരിപ്പിച്ചത്. കുറച്ചു കഴിഞ്ഞപ്പോൾ നമ്മുടെ ന്യൂ ജെൻ ടി ടി ആർ സൗമ്യമായ ചിരിയോടെ എന്റടുത്ത് വന്നിരുന്നു എന്നിട്ട് ഒരു അമർഷം കലർന്ന പുഛഭാവത്തോടെ എന്നോട് പറഞ്ഞു ” ഏതോ ഒരു വി ഐ പി വരുന്നുണ്ട് അതിനാണീ കോപ്രായമെല്ലാം “. അങ്ങനെ ട്രെയിൻ എറണാകുളം സ്റ്റേഷനിൽ എത്തിയപ്പോൾ പൊലീസ് നായയും പോലീസുകാരും ധൃതിപ്പെട്ട് ബോഗിയിൽനിന്നും ഇറങ്ങിപ്പോയീ . എനിക്കിവിടെ ഇറങ്ങണം എന്നും ഇവിടെനിന്നും വേറേ ടി ടി ആർ കയറും എന്നും പറഞ് ചെറു പുഞ്ചിരിയോടെ ന്യൂ ജെൻ ടി ടി ആർ ഇറങ്ങിപ്പോയീ.

പ്ലാറ്റ്ഫോമിലാകെ പൊലീസ് മയം , എല്ലാവരും ഉന്നത പദവിയുള്ള ഉദ്യോഗസ്ഥർ അലസമായി വസ്ത്രധാരണം നടത്തിയ സൗമ്യനായ ന്യൂ ജെൻ ടി ടി ആറിന് പകരം ഏകദേശം 50-55 വയസ്സ് പ്രായം തോന്നിക്കുന്ന കണ്ഠകൗപീനവും കോട്ടും അണിഞ്ഞ ഒറ്റ നോട്ടത്തിൽ തന്നെ കാർക്കശ്യക്കാരനും “കാര്യപ്രാപ്‌തിയുമുള്ള” മറ്റൊരു ടി ടി ആർ തിരക്കിട്ട് അകത്തേക്ക് കയറി, ബാഗ് അയാളുടെ സീറ്റിൽ വച്ചിട്ട് വേഗം ബോഗിയുടെ മധ്യഭാഗത്തേക്ക് ഓടി അവിടെയിരുന്ന കുറച്ചു യാത്രക്കാരെ അവരുടെ സീറ്റിൽ നിന്നും മാറ്റി ബോഗിയിൽ ഒഴിഞ്ഞുകിടക്കുന്ന മറ്റ് സീറ്റുകളിൽ ഇരുത്തി അതിൽ ഒരാളെ എന്റെ അടുത്തുള്ള ടി ടി ആറിന്റെ സീറ്റിൽ കൊണ്ടിരുത്തി. അവിടെയിരുന്ന ടി ടി ആറിന്റെ ബാഗ് എന്റെ മടിയിലും വച്ചു തന്നു,എന്നിട്ട് പുള്ളി ഒന്ന് വെളുക്കെ ചിരിച്ചു കുഴപ്പമില്ല എന്ന മട്ടിൽ ഞാനും തലയാട്ടി. എന്റെ അടുത്ത് വന്നിരുന്നയാൾ ഇന്ത്യൻ റെയിൽവേയേയും ടി ടി ആറിനെയും വരാൻ പോകുന്ന വി ഐ പി യെയും വ്യവസ്ഥിതിക്കെതിരെയും ശാപവാക്കുകൾ ചൊരിഞ്ഞു തന്നെ തന്റെ സീറ്റിൽ നിന്നും മാറ്റിയതിന്റെ അമർഷം അറിയിച്ചു.

ബോഗിയുടെ ഉള്ളിൽ എല്ലാ സജ്ജീകരണങ്ങളും നടത്തിയ ശേഷം, തന്നെ ഏല്പിച്ച “ദൗദ്യം” പൂർത്തീകരിച്ച അഭിമാനത്തോടെ ടി ടി ആർ ധൃതിപ്പെട്ട് പുറത്തേക്കു ഓടി ആരോടോ എല്ലാം ഒക്കെ എന്ന നിർദേശം കൊടുത്തു . പൊടുന്നനെ ആ ബോഗിയിലേക്ക് സ്യുട്ട് ധാരികളായ നല്ല ആകാരവടിവും ബലിഷ്ഠരുമായ പത്തിരുപത് കമാൻഡോകൾ ഓടിക്കയറി . അവർ ആ ബോഗിയുടെ മുക്കും മൂലയും അരിച്ചു പെറുക്കി അതിന് ശേഷം അവരുടെയെല്ലാം തലവൻ എന്ന് തോന്നിക്കുന്ന എല്ലാവർക്കും നിർദേശങ്ങൾ കൊടുക്കുന്ന ഒരാൾ ആർക്കോ ഒരു വയർലെസ്സ് സന്ദേശം അയച്ചു .

പ്ലാറ്റ്‌ഫോമിൽ തിരക്ക് പിടിച്ച ഒരുക്കങ്ങളാണ് നടക്കുന്നത് കുറഞ്ഞത് യൂണിഫോമിലുള്ള 50 പോലീസുകാരും അല്ലതെ മഫ്തിയിലുള്ള വേറേ കുറേ ഉദ്യോഗസ്ഥരും പൊലീസ് നായകളും എന്ന് വേണ്ടാ ആകെ ഒരു കോലാഹലമാണ് പ്ലാറ്റ്‌ഫോമിൽ. പെട്ടന്ന് തന്നെ പ്ലാറ്റ്‌ഫോമിലുണ്ടായിരുന്ന പോലീസുകാരെല്ലാം വി ഐ പി ക്ക് പാതയൊരുക്കാനായി ഇരുവശങ്ങളിലുമായി സുരക്ഷാ മതിൽ തീർത്തു . ആ ട്രെയിനിലും പ്ലാറ്റ്‌ഫോമിലും ഉണ്ടായിരുന്ന സർവ്വ ജനങ്ങളും കൗതുകത്തോടെ നോക്കി നിക്കുമ്പോൾ എല്ലാവരുടെയും ആകാംഷക്ക് വിരാമമിട്ടുകൊണ്ട് അതാ വരുന്നു പത്തോളം യൂണിഫോം ധാരികളായ, യന്ത്രതോക്കേന്തിയ NSG കമാൻഡോസ് , അവരുടെ നടുവിലൂടെ അഞ്ച് അഞ്ചേകാൽ അടി പൊക്കമുള്ള 80-85 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു അപ്പൂപ്പൻ. നല്ല ഭംഗിയുള്ള തിളങ്ങുന്ന കഷണ്ടിയും നല്ല വെളുത്ത മുടിയും മീശയും , നെറ്റിയിൽ കുറിയുമായി അങ്ങനെ ധൃതിപ്പെട്ട് നടന്നു വരുന്നത് മറ്റാരുമല്ല ആർ എസ്സ് എസ്സിന്റെ തലവനായ മോഹൻ ഭഗവത് ആണ് . കൂടെ കേരളത്തിലെ ആറേഴു നേതാക്കന്മാരും ഉണ്ട്.

നേതാവും പരിവാരങ്ങളും ബോഗിയുടെ മധ്യഭാഗത്ത് ഒഴിപ്പിച്ചിട്ടിരുന്ന രണ്ട് മൂന്ന് നിര സീറ്റുകളിൽ സ്ഥാനം ഉറപ്പിച്ചു . നേതാവിന്റെ സീറ്റിനോട് ചേർന്ന് തന്നെ യന്ത്രതോക്കേന്തിയ രണ്ട് NSG കമാൻഡോകൾ നിലയുറപ്പിച്ചു ബാക്കിയുള്ള NSG കമാൻഡോകൾ ബോഗിയുടെ ഇരുവശത്തുള്ള വാതിലിനോട് ചേർന്നും . സ്യുട്ട് ധാരികളായ സുരക്ഷാ ഉദ്യോഗസ്ഥർ ബോഗിയുടെ പലഭാഗത്തായി നിലയുറപ്പിച്ചു അവരുടെയെല്ലാം കണ്ണുകൾ ഓരോ യാത്രക്കാരന്റെയും ചലനങ്ങളെ സൂക്ഷമായി നിരീക്ഷിച്ചു കൊണ്ടിരുന്നു . അങ്ങനെ ട്രെയിൻ പതുക്കെ നീങ്ങി തുടങ്ങി . ഓരോ സ്റ്റേഷനിൽ എത്തുമ്പോഴും ഈ ബോഗി ചെന്ന് നിൽക്കുന്നിടത്ത് പൊലീസ് നായയോട് കൂടിയ വലിയൊരു പോലീസ്‌ സംഘം നിലയുറപ്പിച്ചിട്ടുണ്ടാവും എന്തിനേറെ പറയുന്നു ട്രെയിന് സ്റ്റോപ്പില്ലാത്ത സ്റ്റേഷനിൽ വരെ പൊലീസ് നായയോട് കൂടിയ പൊലീസ് സംഘത്തെ കാണാമായിരുന്നു . ചുരുക്കത്തിൽ പറഞ്ഞാൽ ആ ബോഗിയിൽ ഉണ്ടായിരുന്ന ഓരോ യാത്രക്കാരും വല്ലാത്തൊരു വീർപ്പു മുട്ടിൽ ആയിരുന്നു . പേടിച്ചിട്ടു ഒരു ദീർഘനിശ്വാസം വരെ വിടാൻ പറ്റില്ലായിരുന്നു.

അതുവരെ ശബ്‌ദമുഖരിതമായിരുന്ന ബോഗി പെട്ടന്ന് ശ്മാശാന മൂകതയിലേക്കു വഴുതി വീണു. അതുവരെയുണ്ടായിരുന്ന കളിചിരികളൂം വിശേഷം പറച്ചിലുകളുമെല്ലാം നിശബ്ദതയ്ക്കു വഴിമാറി. പലരും ഇരുന്നിടത്ത് നിന്നും അനങ്ങാൻ തന്നെ ഭയന്നു. ഞാൻ എന്റെ മൊബൈൽ എടുക്കാൻ കീശയിൽ കൈ ഇട്ടപ്പോഴേക്കും എല്ലാ സ്യുട്ട് ധാരികളുടെയും കഴുകൻ കണ്ണുകൾ എന്നെ ലക്ഷ്യം വച്ചു തെല്ലൊരു പേടിയോടെ ആണെങ്കിലും രണ്ടും കല്പിച്ചു കീശയിൽ നിന്നും മൊബൈൽ എടുത്ത് ഈ നേതാവിനെ കുറിച്ച് ഗൂഗിളിൽ അന്വേഷിച്ചു , ആൾക്ക് കേന്ദ്രസർക്കാരിന്റെ Z+ കാറ്റഗറി സുരക്ഷ ഉള്ളതാണ് . 55 സുരക്ഷാ ഉദ്യോഗസ്ഥരാണ് ഇദ്ദേഹത്തിന്റെ സുരക്ഷക്കായി ജാഗരൂകരായി കണ്ണിൽ എണ്ണയൊഴിച്ചിരിക്കുന്നത് . ഇതിന്‌ ‌ വേണ്ടി കേന്ദ്രസർക്കാർ ഒരു മാസം ചെലവിടുന്നത് ഏറ്റവും കുറഞ്ഞത് 20 ലക്ഷം രൂപയാണ്.

നമ്മുടെ ഓരോരുത്തരുടെയും നികുതിപ്പണം കൊണ്ട് ഇവരെയൊക്കെ സംരക്ഷിക്കുകയും സഹിക്കുകയും ചെയ്യേണ്ട ഗതികേട് ലോകത്ത് വേറൊരു ജനതക്കും ഉണ്ടാവില്ല. ഇതുപോലെ എത്ര നേതാക്കന്മാർക്ക് Z+, Z , Y+, Y കാറ്റഗറി സുരക്ഷകൾ ലഭിക്കുന്നുണ്ട് . ഇതിന്‌ വേണ്ടി ഓരോ ദിവസവും എത്ര കൊടി രൂപാ ചിലവാകുന്നുണ്ട് ? ശെരിക്കും ഇതിന്റെ ആവശ്യം ഉണ്ടോ ?

ഒന്നോ രണ്ടോ സുരക്ഷാ ഉദ്യോഗസ്ഥരാണ് ആണ് എങ്കിൽ പോട്ടേ എന്ന് വയ്ക്കാം. ഒരു നേരത്തെ ഭക്ഷണത്തിനും കിടപ്പാടത്തിനും വേണ്ടി ഉടുതുണിക്ക് മറുതുണിയില്ലാതെ തെരുവിൽ പുഴുക്കളെപോലെ അലയുന്ന കോടിക്കണക്കിനു മനുഷ്യ ജന്മങ്ങൾ നരകിച്ചു മരിച്ചു ജീവിക്കുന്ന ഒരു രാജ്യത്താണ് ഇതുപോലെ കുറേ നേതാക്കന്മാർക്ക് കോടികൾ മുടക്കിയുള്ള സുരക്ഷാ ക്രമീകരണങ്ങൾ !! ഇവരൊക്കെ ഈ നാടിനും ലോകത്തിനും എന്ത് സംഭാവനയാണ് നൽകിയിരിക്കുന്നത്? ഇവരെ കൊണ്ട് ഈ നാടിനോ നാട്ടുകാർക്കോ എന്തെങ്കിലും ഗുണം ഉണ്ടായിട്ടുണ്ടോ ?! ഇനി ഉണ്ടാകുമോ ?!! ഈ വിഴുപ്പുകളെ ഇനിയും നമ്മൾ ചുമക്കേണ്ടതുണ്ടോ ? നമ്മുടെ നികുതിപ്പണം നാടിന്റെ വികസനത്തിനുള്ളതല്ലേ ??

ഇങ്ങനെയൊക്കെ ചിന്തിച്ചു കുണ്ഠിതപ്പെട്ട് പുറത്തെ കാഴ്ചകളിലേക്ക് കണ്ണുംനട്ടിരുന്നു . അപ്പോഴേക്കും ട്രെയിൻ തിരുവനന്തപുരത്തെത്തി, പെട്ടികളെല്ലാം എടുത്ത് സുരക്ഷാ ഉദ്യോഗസ്ഥർക്കിടയിലൂടെ പണിപ്പെട്ട് പുറത്തിറങ്ങി. വർഷങ്ങൾക്ക് ശേഷം ഏതോ വിശാലമായ സ്വാതന്ത്രത്തിലേക്ക് വന്നിറങ്ങിയ പ്രതീതി ആയിരുന്നു അപ്പോൾ . അങ്ങനെ പെട്ടികളുമെടുത്ത് പുറത്തോട്ടു നടക്കുമ്പോൾ വിഴുപ്പികളെ ചുമക്കാൻ വിധിക്കപെട്ട, പ്രതികരണശേഷി നഷ്ടപെട്ട ഒരു ജനതയെ കുറിച്ചുള്ള വ്യാകുലതകളായിരുന്നു എന്റെ മനസിലത്രയും.

Share this news

Leave a Reply

%d bloggers like this: