അയർലണ്ടിൽ 15 മാസത്തിനിടെ 3,416 നഴ്‌സുമാർ ആക്രമിക്കപ്പെട്ടു; ദിവസേന 15 ആരോഗ്യപ്രവർത്തകർ വീതം ആക്രമിക്കപ്പെടുന്ന സ്ഥിതിയെന്ന് HSE

അയര്‍ലണ്ടില്‍ കഴിഞ്ഞ 15 മാസത്തിനിടെ 5,600-ലേറെ ആരോഗ്യപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടതായി റിപ്പോര്‍ട്ട്. ശരാശരി 12 ആരോഗ്യപ്രവര്‍ത്തകര്‍ വീതം ദിവസേന ആക്രമിക്കപ്പെടുന്ന സ്ഥിതിയാണ് രാജ്യത്ത് കഴിഞ്ഞ ഏതാനും മാസങ്ങളായി നിലനില്‍ക്കുന്നതെന്നും HSE പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കോവിഡ് പോലൊരു മഹാമാരിയെ പിടിച്ചുകെട്ടാനായി ആരോഗ്യപ്രവര്‍ത്തകര്‍ തീവ്രയത്‌നം നടത്തുന്നതിനിടെയാണ് ജോലിസ്ഥലത്ത് വാക്കാലും, ശാരീരികമായും, ലൈംഗികമായും ഇവര്‍ ഉപദ്രവിക്കപ്പെടുന്ന ദുരവസ്ഥ ഉണ്ടായിരിക്കുന്നത്. 15 മാസത്തിനിടെ ഇത്തരം 5,672 സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

ഇതില്‍ 4,763 എണ്ണം 2021-ലാണ് സംഭവിച്ചത്. ഈ വര്‍ഷം മാര്‍ച്ച് 31 വരെ ഇത്തരം 909 അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

നഴ്‌സുമാരാണ് ആക്രമിക്കപ്പെടുന്നവരില്‍ ഏറെയും. കഴിഞ്ഞ വര്‍ഷം 2,876 നഴ്‌സുമാര്‍ ആക്രമിക്കപ്പെട്ടെങ്കില്‍ ഈ വര്‍ഷം ഇതുവരെ 540 പേര്‍ ആക്രമണത്തിന് ഇരയായി.

ഹെല്‍ത്ത് സപ്പോര്‍ട്ട് സ്റ്റാഫ്, ആംബുലന്‍സ് ജീവനക്കാര്‍, ട്രാന്‍സ്‌പോര്‍ട്ട് ജീവനക്കാര്‍, കാറ്ററിങ്, ഹൗസ് കീപ്പിങ് ജോലിക്കാര്‍, ഡോക്ടര്‍മാര്‍ എന്നിവരും ആക്രമണം നേരിട്ടവരില്‍ പെടുന്നു.

ചെറുതാണെങ്കില്‍ പോലും ഇത്തരത്തില്‍ എന്ത് സംഭവമുണ്ടായാലും ഉടനടി റിപ്പോര്‍ട്ട് ചെയ്യണമെന്ന് HSE-യുടെ National Health and Safety തലവനായ നിക്കോളാസ് പാര്‍ക്കിന്‍സണ്‍ പറഞ്ഞു. ഇതിനായി 2015 മുതല്‍ National Incident Management System (Nims) എന്ന സംവിധാനം നിലവിലുണ്ട്.

ആശുപത്രിയില്‍ ചികിത്സയ്ക്കായി നീണ്ട നേരം കാത്തുനില്‍ക്കുന്നതും, ഇത്തരം അക്രമസംഭവങ്ങളും തമ്മില്‍ ബന്ധമുണ്ടെന്നാണ് Irish Nurses and Midwives Organisation (INMO)-യുടെ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് ഡയറക്ടറായ ടോണി ഫിറ്റ്‌സ്പാട്രിക് പറയുന്നത്.

Share this news

Leave a Reply

%d bloggers like this: