അയർലണ്ടിൽ പാർപ്പിടമില്ലാത്തവർക്ക് വേണ്ടി പ്രവർത്തിക്കുന്ന സംഘടനയിലെ ജീവനക്കാർക്കും കോവിഡ് ബോണസ് വേണമെന്ന് ആവശ്യം

അയര്‍ലണ്ടില്‍ പാര്‍പ്പിടമില്ലാത്തവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകളിലെ അംഗങ്ങള്‍ക്കും, മറ്റ് പ്രവര്‍ത്തകര്‍ക്ക് നല്‍കുന്നതിന് സമാനമായി 1,000 യൂറോ കോവിഡ് ബോണസ് നല്‍കണമെന്ന് ആവശ്യം. കോവിഡ് കാലത്ത് HSE പ്രവര്‍ത്തകരെ പോലെ തന്നെ സമൂഹത്തിന്റെ മുന്‍നിരയില്‍ രോഗപ്രതിരോധത്തിനായി പ്രവര്‍ത്തിച്ചവരാണ് തങ്ങളെന്നും, തങ്ങളുടെ ആരോഗ്യം അപകടത്തിലാക്കിക്കൊണ്ടായിരുന്നു ഇതെന്നും സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.

Dublin Simon, Merchants Quay Ireland, Crosscare, Depaul, Focus Ireland എന്നീ സംഘടനകളാണ് തങ്ങളുടെ അംഗങ്ങളെ കോവിഡ് ബോണസില്‍ നിന്നും ഒഴിവാക്കിയതില്‍ നിരാശ പ്രകടിപ്പിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.

കോവിഡ് കാലത്ത് പ്രതിരോധത്തിനായി മുന്‍നിരയില്‍ പ്രവര്‍ത്തിച്ചവര്‍ക്കാണ് ജനുവരി മാസത്തില്‍ സര്‍ക്കാര്‍ ‘pandemic special recognition payment’ അഥവാ കോവിഡ് ബോണസ് പ്രഖ്യാപിച്ചത്. നഴ്‌സുമാര്‍ അടക്കമുള്ളവര്‍ ഏറെക്കാലം നടത്തിയ അഭ്യര്‍ത്ഥനയ്‌ക്കൊടുവിലായിരുന്നു സര്‍ക്കാര്‍ തീരുമാനം.

കോവിഡ് കാലത്ത് Dublin Region Homeless Executive-നോട് ജാഗരൂകരായിരിക്കാന്‍ HSE ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് തങ്ങള്‍ നിരന്തരമായി പ്രവര്‍ത്തിക്കുകയായിരുന്നുവെന്ന് Dublin Homeless Network മേധാവിയായ കാതറിന്‍ കെന്നി പറഞ്ഞു. പാര്‍പ്പിടമില്ലാത്ത ആയിരക്കണക്കിന് പേര്‍ക്ക് താമസസൗകര്യമൊരുക്കുന്നതിന് പുറമെ, സംഘടനകളിലെ നഴ്‌സിങ് സ്റ്റാഫ് ഇവര്‍ക്ക് കോവിഡ് ടെസ്റ്റുകള്‍ നടത്തുകയും, വാക്‌സിന്‍ നല്‍കുകയും ചെയ്തു. ഇതിന് പുറമെ കൗണ്‍സിലിങ്, സാനിറ്റൈസേഷന്‍, നീഡില്‍, ക്രാക്ക് പൈപ്പ് പുനഃസ്ഥാപിക്കല്‍ എന്നീ ജോലികളും ചെയ്തു. പലരും ഏറെക്കാലം കുടുംബങ്ങളെ പിരിഞ്ഞിരിക്കുക പോലും ചെയ്തു.

ഇത്തരം പ്രവത്തനങ്ങളിലൂടെ രാജ്യത്തെ പാര്‍പ്പിടമില്ലാത്തവരില്‍ രോഗം പടര്‍ന്നുപിടിക്കുന്നത് നിയന്ത്രിക്കാനും, മരണനിരക്ക് പരമാവധി കുറയ്ക്കാനും സംഘടനകള്‍ക്ക് സാധിച്ചതായി കാട്ടി കാതറിന്‍ കെന്നി, സര്‍ക്കാരിന് കത്തയച്ചിരുന്നു. തങ്ങളുടെ സംഘനകളിലെ ജീവനക്കാര്‍ക്ക് കോവിഡ് പേയ്‌മെന്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ ജനുവരി 28-നായിരുന്നു ഈ കത്ത് വിവിധ മന്ത്രിമാര്‍ക്ക് അയച്ചത്.

മറ്റ് സംഘടനകളും ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ അടക്കമുള്ളവര്‍ക്ക് കത്ത് നല്‍കിയിരുന്നു.

എന്നാല്‍ ഇവയിലൊന്നും ഇതുവരെ നടപടികളുണ്ടാകാത്ത സാഹചര്യത്തിലാണ് പരസ്യമായി സംഘടനകള്‍ നിരാശ പ്രകടിപ്പിച്ചിരിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: