വാടക താങ്ങാൻ വയ്യ; അയർലണ്ടിലെ വിദേശ വിദ്യാർഥികൾ കിടന്നുറങ്ങുന്നത് തെരുവിലും കാറിലും

അയര്‍ലണ്ടില്‍ പല വിദേശ വിദ്യാര്‍ത്ഥികളും കിടന്നുറങ്ങുന്നത് തെരുവിലും, കാറിലും, കൂട്ടുകാരുടെ വീട്ടിലെ സോഫകളിലുമാണെന്ന് റിപ്പോര്‍ട്ട്. തങ്ങള്‍ക്ക് താങ്ങാവുന്നതിലും അധികമാണ് ഇവിടുത്തെ വീട്ടുവാടക എന്നതാണ് വിദ്യാര്‍ത്ഥികളെ കഷ്ടത്തിലാക്കിയിരിക്കുന്നത്. പലരും കോഴ്‌സ് പൂര്‍ത്തിയാക്കാതെ തിരികെ നാട്ടിലേയ്ക്ക് മടങ്ങിയതായും, മറ്റ് ചിലര്‍ മടങ്ങാന്‍ തയ്യാറെുക്കുന്നതായും Irish Examiner തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇംഗ്ലിഷ് ഭാഷാ വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ ദുരനുഭവം.

ഡബ്ലിനിലെ ഒരു വിദ്യാര്‍ത്ഥിയാകട്ടെ വാടക നല്‍കാന്‍ പണമില്ലാത്തതിനാല്‍ 800 യൂറോ മുടക്കി ഒരു സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വാങ്ങി അതിലാണ് താമസം. കോര്‍ക്കിലെ ഒരു വിദ്യാര്‍ത്ഥി കഴിഞ്ഞ രണ്ട് ദിവസമായി തെരുവിലാണ് താമസം. താന്‍ താമസിച്ചിരുന്ന ഹോസ്റ്റല്‍ വാരാന്ത്യത്തില്‍ ഫുള്‍ ബുക്കിങ് ആയതാണ് കാരണം.

Irish Council for International Students (ICOS) ഫെബ്രുവരിയില്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം വിദേശവിദ്യാര്‍ത്ഥികളില്‍ പകുതി പേരും തങ്ങളുടെ റൂം മൂന്നോ, അതിലധികമോ പേരുമായി ഷെയര്‍ ചെയ്താണ് താമസിക്കുന്നത്. 10-ല്‍ ഒന്ന് പേരും ആറോ അതിലധികമോ ആളുകളുമായാണ് റൂം ഷെയര്‍ ചെയ്യുന്നത്. 10-ല്‍ ഒരാള്‍ക്ക് മാത്രമാണ് ഒരു റൂം സ്വന്തമായി ഉള്ളത്.

Daft.ie വെബ്‌സൈറ്റിന്റെ ഫെബ്രുവരിയിലെ കണക്കനുസരിച്ച് രാജ്യത്താകമാനം വെറും 1,400 പാര്‍പ്പിടങ്ങള്‍ മാത്രമേ വാടകയ്ക്ക് ലഭ്യമായുള്ളൂ. ഇതില്‍ ഡബ്ലിനില്‍ ഉള്ളത് 712 എണ്ണം. Daft.ie കണക്കെടുക്കാന്‍ തുടങ്ങിയ 2006-ന് ശേഷം ഇതാദ്യമായാണ് ഡബ്ലിനിലെ വാടകവീടുകളില്‍ ഇത്രയും കുറവ് ഉണ്ടാകുന്നത്.

2021 അവസാനത്തെ കണക്കനുസരിച്ച് 1,524 യൂറോയാണ് രാജ്യത്തെ ശരാശരി വാടക നിരക്ക്. 2020-നെ അപേക്ഷിച്ച് 10% അധികം.

നീതിന്യായവകുപ്പിന്റെ കണക്കനുസരിച്ച് 11,747 പേര്‍ക്കാണ് പോയ വര്‍ഷം സെക്കന്‍ഡറി ലെവല്‍, ഇംഗ്ലിഷ് ഭാഷ, തേര്‍ഡ് ലെവല്‍ മുതല്‍ പിഎച്ച്ഡി എന്നിവയ്ക്ക് വിസ നല്‍കിയിട്ടുള്ളത്. 2020-നെ അപേക്ഷിച്ച് 7,821 പേര്‍ക്ക് അധികമായി വിസ നല്‍കി. അയര്‍ലണ്ടിലെ നിയമമനുസരിച്ച് ഇംഗ്ലിഷ് പഠിക്കാനെത്തുന്ന വിദേശവിദ്യാര്‍ത്ഥികള്‍ക്ക് വിസയ്ക്ക് അപേക്ഷിക്കാന്‍, താമസസൗകര്യം ഉണ്ട് എന്ന് തെളിവ് നല്‍കേണ്ട കാര്യമില്ലെന്ന് മന്ത്രി ഹെലന്‍ മക്കന്റീ വ്യക്തമാക്കിയിരുന്നു.

വിദ്യാര്‍ത്ഥികളുടെ ഈ ബുദ്ധിമുട്ട് പരിഹരിക്കാനായി അയര്‍ലണ്ടിലെ കുടുംബങ്ങള്‍ തയ്യാറാകണമെന്നും, അവര്‍ക്ക് താമസസൗകര്യം നല്‍കണമെന്നും ഇംഗ്ലിഷ് ലാംഗ്വേജ് സ്‌കൂള്‍ അധികൃതര്‍ അഭ്യര്‍ത്ഥിക്കുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: