കോവിഡ് കാരണമുണ്ടായ നഷ്ടം നികത്താൻ നിരക്ക് കുത്തനെ കൂട്ടി ഡബ്ലിനിലെ ഹോട്ടലുകൾ; രണ്ട് രാത്രി താമസിക്കാൻ നൽകേണ്ടത് 700 യൂറോ

കോവിഡ് കാരണം വന്ന നഷ്ടം നികത്താനായി ഡബ്ലിനിലെ ഹോട്ടലുകള്‍ നിരക്ക് ക്രമാതീതമായി വര്‍ദ്ധിപ്പിക്കുകയാണെന്ന് Fianna Fail സെനറ്ററായ Timmy Dooley. നിയമനിര്‍മ്മാണസഭയായ Oireachtas-ല്‍ ബുധനാഴ്ചയാണ് Dooley ഈ വിമര്‍ശനമുന്നയിച്ചത്.

ഡബ്ലിനിലെ ഒരു ഹോട്ടലില്‍ രണ്ട് രാത്രി താമസിക്കണമെങ്കില്‍ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലെ നഗരങ്ങളില്‍ ഉള്ളതിനെക്കാള്‍ ഇരട്ടി പണം ചെലവിടേണ്ട സ്ഥിതിയാണെന്ന് അദ്ദേഹം പറഞ്ഞു. നഗരത്തിലെ ഫോര്‍ സ്റ്റാര്‍ ഹോട്ടലുകളില്‍ ഈ വരുന്ന വെള്ളി, ശനി ദിവസങ്ങളില്‍ രണ്ട് രാത്രി, രണ്ട് പേര്‍ക്ക് താമസിക്കണമെങ്കില്‍ 700 യൂറോയാണ് നല്‍കേണ്ടത്. അതേസമയം ബെര്‍ലിനില്‍ ഇത് 300 യൂറോയും, പാരിസില്‍ 450 യൂറോയും, ലണ്ടനില്‍ 500 യൂറോയും, ലിസ്ബണില്‍ 300 യൂറോയും ആണെന്നും Dooley വ്യക്തമാക്കി.

2019-ല്‍ ഡബ്ലിനില്‍ ഒരു രാത്രിയിലെ ഹോട്ടല്‍ താമസത്തിന് ശരാശരി നിരക്ക് വെറും 150 യൂറോ ആയിരുന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.

കോവിഡ് കാലത്ത് ഭീമമായ നഷ്ടം ഹോട്ടലുകള്‍ അടങ്ങുന്ന ഹോസ്പിറ്റാലിറ്റി മേഖല നേരിട്ടെങ്കിലും അവര്‍ക്ക് രണ്ട് വര്‍ഷത്തിനിടെ ധാരാളം സര്‍ക്കാര്‍ സഹായങ്ങള്‍ ലഭിച്ച കാര്യവും Dooley എടുത്തുകാട്ടി. നഷ്ടങ്ങളുണ്ടായത് മനസിലാക്കാമെന്നും, എന്നാല്‍ അതെല്ലാം ഒറ്റ വര്‍ഷം കൊണ്ട് [അമിത നിരക്ക് ഈടാക്കിക്കൊണ്ട്] തിരിച്ചുപിടിക്കണമെന്ന് കരുതരുതെന്നും അദ്ദേഹം പറഞ്ഞു. ഇത് രാജ്യത്തിന്റെ പ്രതിഛായയ്ക്ക് കോട്ടം വരുത്തുന്ന നടപടിയാണ്.

ഈ പ്രശ്‌നത്തിന് പരിഹാരം കാണാനായി സംവാദം നടത്തണമെന്നും Dooley ആവശ്യപ്പെട്ടു.

Share this news

Leave a Reply

%d bloggers like this: