ഇന്ധനവില വർദ്ധന: അയർലണ്ടിലെ 30% പേരും കാൽനട ശീലമാക്കാൻ പോകുന്നുവെന്ന് സർവേ ഫലം

ഇന്ധനവില വര്‍ദ്ധിച്ചതോടെ അയര്‍ലണ്ടിലെ 10-ല്‍ മൂന്ന് പേരും ഇനി മുതല്‍ കാല്‍നടയാത്ര പതിവാക്കാന്‍ ഉദ്ദേശിക്കുന്നതായി സര്‍വേ ഫലം. അതുപോലെ 30% വാഹന ഉടമകളും ഇനി അത്യാവശ്യ യാത്രകള്‍ക്ക് വേണ്ടി മാത്രമേ സ്വന്തം വാഹനം ഉപയോഗിക്കൂ എന്ന് പ്രതികരിച്ചതായും Aviva നടത്തിയ ഉപഭോക്തൃ സര്‍വേയില്‍ കണ്ടെത്തി.

സര്‍വേയില്‍ പങ്കെടുത്ത 57% പേരും ഇന്ധനവില വര്‍ദ്ധന കാരണം തങ്ങള്‍ കാറുകളുടെ ഉപയോഗം നിയന്ത്രിച്ചിരിക്കുന്നതായി വെളിപ്പെടുത്തി. നിലവില്‍ 180 യൂറോ വരെയാണ് ഇവര്‍ പെട്രോളിനും ഡീസലിനുമായി മാസം ചെലവാക്കുന്നത്.

അതേസമയം 32% സ്ത്രീ ഡ്രൈവര്‍മാരും, 22% പുരുഷ ഡ്രൈവര്‍മാരും വില വര്‍ദ്ധിച്ചാലും അത് സഹിക്കുകയല്ലാതെ ഉപയോഗം കുറയ്ക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണെന്നും പ്രതികരിച്ചു. ഉള്‍പ്രദേശങ്ങളില്‍ താമസിക്കുന്നവരാണ് ഇവരിലേറെയും. ഇതില്‍ 14% പേര്‍ ഡബ്ലിനിലാണ്. 41% പേര്‍ Connacht, Ulster പ്രദേശങ്ങളിലും.

കാര്‍ ഉപയോഗം വളരെയേറെ കുറയ്ക്കാന്‍ തയ്യാറാണെന്ന് പ്രതികരിച്ചത് ഭൂരിപക്ഷവും ചെറുപ്പക്കാരാണ്. ചെറുപ്പക്കാരില്‍ 80% പേരാണ് കാര്‍ ഉപയോഗിക്കുന്നതിന് പകരം നടക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. അതുപോലെ ചെറുപ്പക്കാരില്‍ 78% തങ്ങള്‍ പൊതുഗതാഗതം ഉപയോഗിക്കാന്‍ തയ്യാറാണെന്നും പ്രതികരിച്ചു.

55 വയസില്‍ കൂടുതല്‍ പ്രായമുള്ളവരാണ് അത്യാവശ്യ യാത്രകള്‍ക്കായി മാത്രമേ ഇനി കാര്‍ ഉപയോഗിക്കൂ എന്ന് പറഞ്ഞവരില്‍ ഭൂരിപക്ഷം. 30% പേരാണ് ഇക്കൂട്ടത്തില്‍ ഇങ്ങനെ പ്രതികരിച്ചത്.

സര്‍വേയില്‍ പങ്കെടുത്തവരില്‍ 10-ല്‍ നാല് പേര്‍ മാത്രമാണ് തങ്ങളുടെ ഡ്രൈവിങ് ശീലത്തില്‍ മാറ്റമൊന്നും വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് പറഞ്ഞത്.

Share this news

Leave a Reply

%d bloggers like this: