ബ്രിട്ടനിൽ പാവപ്പെട്ട വിദ്യാർത്ഥികൾക്ക് തൊഴിൽ ചൂഷണവും അടിമവേലയും; മലയാളി ദമ്പതികൾ അറസ്റ്റിൽ

നോര്‍ത്ത് വെയില്‍സില്‍ പാവപ്പെട്ട വിദ്യാര്‍ത്ഥികളെ അടിമവേലയ്ക്ക് സമാനമായി കെയര്‍ ഹോമുകളിലേയ്ക്ക് റിക്രൂട്ട് ചെയ്ത മലയാളി ദമ്പതികള്‍ അറസ്റ്റില്‍. മെയ് 5-നാണ് Gangmasters and Labour Abuse Authority (GLAA)-യുടെ നേതൃത്വത്തില്‍ Gwynedd-ലെ Pwllheli-ല്‍ നടത്തിയ റെയ്ഡിന്റെ തുടര്‍ച്ചയായി ഇവരെ അറസ്റ്റ് ചെയ്തത്. Modern Slavery Act 2015 പ്രകാരമുള്ള മനുഷ്യക്കടത്ത്, നിര്‍ബന്ധിപ്പിച്ച് ജോലി ചെയ്യിപ്പിക്കല്‍ എന്നീ കുറ്റങ്ങളില്‍ ഇവരെ ചോദ്യം ചെയ്തു. ശേഷം വിട്ടയച്ച ഇവര്‍ക്കെതിരെ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

വിദ്യാര്‍ത്ഥികളെ റിക്രൂട്ട് ചെയ്ത് നഴ്‌സിങ് ഏജന്‍സിയുടെ നടത്തിപ്പുകാരാണ് ഈ ദമ്പതികള്‍. ഭര്‍ത്താവിന് 31 വയസും, ഭാര്യയ്ക്ക് 29 വയസും പ്രായമുണ്ടെന്നും പൊലീസ് അറിയിച്ചു. North Wales-ലെ Abergele-ലാണ് ഇവര്‍ താമസിക്കുന്നത്. ഇവര്‍ രണ്ട് പേരും രജിസ്റ്റേര്‍ഡ് നഴ്‌സുമാരാണ്.

2021 ഡിസംബറില്‍ സ്റ്റുഡന്റ് വിസയില്‍ എത്തിയ ഒമ്പത് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെയാണ് ഇത്തരത്തില്‍ ജോലിയുടെ പേരില്‍ ചൂഷണം ചെയ്തത്. Colwyn Bay-യിലെ ഒരു കെയര്‍ ഹോമില്‍ ജോലിക്കാരായി എത്തിയ നാല് പേര്‍ വെറും നിലത്ത് ഒരു കിടക്കയില്‍ തണുത്ത് മരവിച്ച്, വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് കഴിഞ്ഞിരുന്നത്. ഇവരെ കണ്ടെത്തിയ അധികൃതര്‍ പിന്നീട് സമീപത്തെ റിസപ്ഷന്‍ സെന്ററിലേയ്ക്ക് മാറ്റി.

സ്റ്റുഡന്റ് വിസയില്‍ എത്തിയ മറ്റ് അഞ്ച് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും ഇത്തരത്തില്‍ ദുരിതമനുഭവിക്കുന്നതായി കണ്ടെത്തി. ഇവരെയും സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റിയിട്ടുണ്ട്.

തങ്ങള്‍ക്ക് ഒരിക്കലും ആവശ്യത്തിന് ഭക്ഷണം ലഭിച്ചിരുന്നില്ലെന്നും, അന്തേവാസികള്‍ കഴിച്ചതിന്റെ ബാക്കി കഴിച്ചാണ് വിശപ്പടക്കിയിരുന്നതെന്നും തൊഴില്‍ ചൂഷണത്തിന് ഇരയായവര്‍ അധികൃതരോട് വ്യക്തമാക്കി. ഇവരെ ആഴ്ചയില്‍ നിമപരമായി ജോലി ചെയ്യാവുന്ന 20 മണിക്കൂറിലധികം ജോലി ചെയ്യിച്ചിരുന്നതായും സംശയിക്കുന്നു. ദിവസവും ജോലിസ്ഥലത്തേയ്ക്ക് പ്രതികള്‍ തന്നെയായിരുന്നു ഇവരെ എത്തിച്ചിരുന്നത് എന്നും പൊലീസ് സംശയിക്കുന്നു.

കെയര്‍ ഹോം മേഖലയിലെ ജോലിക്കാരുടെ ദൗര്‍ലഭ്യവും, വിദ്യാര്‍ത്ഥികളുടെ ദാരിദ്ര്യവും മുതലെടുത്തായിരുന്നു പ്രതികളായ ദമ്പതികള്‍ തൊഴില്‍ ചൂഷണം നടത്തിവന്നത്. കോവിഡ് കാലത്ത് ജോലിക്കാരെ ലഭിക്കുന്നത് കൂടുതല്‍ പ്രയാസമായതോടെ ഇവര്‍ക്ക് ബിസിനസ് വര്‍ദ്ധിച്ചു.

ബ്രിട്ടനിലെ കെയര്‍ ഹോമുകളില്‍ നിലവില്‍ 1 ലക്ഷത്തോളം ജീവനക്കാരുടെ കുറവാണുള്ളത്.

comments

Share this news

Leave a Reply

%d bloggers like this: