അയർലണ്ടിൽ വൈകല്യമുള്ളവർക്കായി പ്രവർത്തിക്കുന്ന 11 കെയർ ഹോമുകൾ മാനദണ്ഡങ്ങൾ പാലിക്കുന്നില്ല; രോഗബാധ തടയുന്നതിലും വീഴ്ച

അയര്‍ലണ്ടില്‍ വൈകല്യമുള്ളവര്‍ക്കായി പ്രവര്‍ത്തിക്കുന്ന 27 കെയര്‍ ഹോമുകളില്‍ Health Information and Quality Authority (Hiqa) പരിശോധന. ഇതില്‍ 11 എണ്ണം മാനദണ്ഡങ്ങള്‍ക്കനുസരിച്ചല്ല പ്രവര്‍ത്തിക്കുന്നത് എന്ന് പരിശോധനയില്‍ കണ്ടെത്തിയതായി Hiqa പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

St Michael’s House നടത്തുന്ന ഒരു സ്ഥാപനത്തില്‍ ജീവനക്കാര്‍ക്ക് ആവശ്യത്തിന് പരിശീലനം നല്‍കിയിട്ടില്ലെന്നും, അന്തേവാസികളുടെ അവകാശങ്ങള്‍ കൃത്യമായി പാലിക്കപ്പെടുന്നില്ലെന്നും വ്യക്തമായി. ഇവിടെ രോഗബാധ തടയാന്‍ മതിയായ സംവിധാനങ്ങളുമില്ല. ഇതേ മാനേജ്‌മെന്റ് നടത്തുന്ന മറ്റൊരു കെയര്‍ഹോമിലും ജീവനക്കാര്‍ക്ക് കൃത്യമായ പരിശീലനം ഇല്ലെന്ന് കണ്ടെത്തി.

Cheshire Foundation in Ireland നടത്തുന്ന മറ്റൊരു സെന്ററില്‍ മേല്‍നോട്ടക്കാരന്റെ ജോലി ചെയ്യുന്നയാള്‍ക്ക് കൂടുതല്‍ പരിശീലനം നല്‍കേണ്ടതുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. പരിസരം വൃത്തിയായി പരിപാലിക്കപ്പെടുന്നില്ലെന്നും പരിശോധനയില്‍ തെളിഞ്ഞു.

St. Joseph’s Foundation മാനേജ്‌മെന്റിന്റെ ഒരു സ്ഥാപനത്തില്‍ അന്തേവാസികള്‍ക്ക് ആവശ്യത്തിന് സുരക്ഷയൊരുക്കുന്നതില്‍ അധികൃതര്‍ വീഴ്ച വരുത്തിയതായി കണ്ടെത്തിയിട്ടുണ്ട്. രോഗബാധ തടയാനും മതിയായ സംവിധാനമില്ല.

St John of God Community Services നടത്തുന്ന മൂന്ന് സ്ഥാപനങ്ങളിലും ശരിയായ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് Hiqa ഇന്‍സ്‌പെക്ടര്‍മാര്‍ കണ്ടെത്തി. ഇതേ മാനേജ്‌മെന്റിന്റെ മറ്റൊരു സ്ഥാപനത്തില്‍ രോഗബാധ തടയാനുള്ള കൃത്യമായ മുന്‍കരുതലുകളില്ലെന്നും Hiqa പറയുന്നു. ഇവരുടെ തന്നെ വേറൊരു സ്ഥാപനത്തില്‍ നടത്തിപ്പ് മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും കണ്ടെത്തി.

Stewarts Care Limited-ന്റെ രണ്ട് സ്ഥാപനങ്ങളില്‍ അഗ്നിരക്ഷാ സംവിധാനത്തില്‍ പോരായ്മയുണ്ട്.

Sunbeam House Services-ന്റെ ഒരു സെന്ററിലെ ചില പെരുമാറ്റ പ്രശ്‌നങ്ങള്‍ അന്തേവാസികളുടെ ജീവിതത്തെ മോശമായി ബാധിച്ചതായി ഇന്‍സ്‌പെക്ടര്‍മാര്‍ കണ്ടെത്തിയിട്ടുണ്ട്.

ആകെ പരിശോധന നടത്തിയ 27 സ്ഥാപനങ്ങളില്‍ 16 എണ്ണം മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നവയാണെന്ന് Hiqa കണ്ടെത്തി. SOS Kilkenny, St John of God Community Services, Co Louth എന്നിവ ഇതില്‍ ചിലതാണ്.

comments

Share this news

Leave a Reply

%d bloggers like this: