പുതിയ കോവിഡ് വകഭേദം അയർലണ്ടിൽ സ്ഥിരീകരിച്ചു; ആശങ്കയറിയിച്ച് പ്രധാനമന്ത്രി

കോവിഡ് വകഭേദമായ ഒമിക്രോണിന്റെ ഉപവകഭേദമായ BA.4 അയര്‍ലണ്ടില്‍ സ്ഥിരീകരിച്ചു. ഒമിക്രോണിന്റെ ഉപവകഭേദങ്ങളായ BA.4, BA.5 എന്നിവയെ ഈയിടെയാണ് Variants of Interest എന്ന വിഭാഗത്തില്‍ നിന്നും Variants of Concern-ലേയ്ക്ക് European Centre for Disease Prevention and Control (ECDC) മാറ്റിയത്. BA.4 ബാധിച്ച രണ്ട് കേസുകളാണ് അയര്‍ലണ്ടില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

മെയ് 7-ന് ശേഷമാണ് രണ്ട് കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നതെന്ന് ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. ടോണി ഹോലഹാന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അതേസമയം BA.5 ബാധ ഇതുവരെ രാജ്യത്ത് സ്ഥിരീകരിച്ചിട്ടില്ല.

സൗത്ത് ആഫ്രിക്കയില്‍ ഇക്കഴിഞ്ഞ ജനുവരി, ഫെബ്രുവരി മാസങ്ങളിലായാണ് ഈ രണ്ട് ഉപവകഭേദങ്ങളും ആദ്യമായി കണ്ടെത്തിയത്. തുടര്‍ന്ന് സൗത്ത് ആഫ്രിക്കയില്‍ രോഗം പരത്തുന്നതില്‍ പ്രബല വകഭേദങ്ങളായി ഇവ മാറിയിരുന്നു.

വാക്‌സിനും, നേരത്തെ രോഗം വന്ന ശേഷമുള്ള ആന്റിബോഡികളും നല്‍കുന്ന പ്രതിരോധത്തിനെ മറികടക്കാന്‍ ഈ വകഭേദങ്ങള്‍ക്ക് ആയേക്കുമെന്ന് ആശങ്കയുണ്ട്. അതേസമയം നേരത്തെയുള്ള ഒമിക്രോണ്‍ ഉപവകഭേദങ്ങളെക്കാള്‍ ഗുരുതരമായ രോഗത്തിന് ഈ പുതിയ വകഭേദങ്ങള്‍ കാരണമാകുമെന്നതിന് ഇതുവരെ തെളിവൊന്നും ലഭിച്ചിട്ടില്ല.

യൂറോപ്പില്‍ ഓസ്ട്രിയ, പോര്‍ച്ചുഗല്‍ എന്നിവിടങ്ങളിലാണ് ഈ വകഭേദം കാര്യമായി ബാധിച്ചിരിക്കുന്നത്. എങ്കിലും ഭാവിയില്‍ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലേയ്ക്കും ഇവ വ്യാപിച്ചേക്കാം.

രാജ്യത്ത് പുതിയ വകഭേദം സ്ഥിരീകരിച്ചത് ആശങ്കപ്പെടുത്തുന്നതാണെന്ന് പറഞ്ഞ പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍, ബൂസ്റ്റര്‍ ഷോട്ടുകള്‍ എടുക്കാനുള്ളവര്‍ എത്രയും വേഗം അതിന് തയ്യാറായി പ്രതിരോധം വര്‍ദ്ധിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

Share this news

Leave a Reply

%d bloggers like this: