കുരങ്ങ് പനി അയർലണ്ടിലും; ആദ്യ കേസ് സ്ഥിരീകരിച്ചു

കുരങ്ങ് പനിയുടെ (മങ്കി പോക്‌സ്) ആദ്യ കേസ് അയര്‍ലണ്ടില്‍ സ്ഥിരീകരിച്ചു. ഒരാഴ്ച മുമ്പ് വടക്കന്‍ അയര്‍ലണ്ടില്‍ രോഗം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് അയര്‍ലണ്ടിലും കുരങ്ങ് പനി എത്തിയിരിക്കുന്നത്.

രാജ്യത്തിന്റെ കിഴക്കന്‍ മേഖലയിലാണ് ഒരാള്‍ക്ക് രോഗബാധ കണ്ടെത്തിയതായി HSE അറിയിച്ചിരിക്കുന്നത്. രോഗം ബാധിച്ച ആളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടില്ലെന്നും, യു.കെ, മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ കുരങ്ങ് പനി ബാധിച്ച സാഹചര്യത്തില്‍ ഇവിടുത്തെ രോഗബാധ അപ്രതീക്ഷിതമല്ലെന്നും Health Protection Surveillance Centre (HPSC) പ്രസ്താവനയില്‍ വ്യക്തമാക്കി.

രോഗം ബാധിച്ചയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ നിരീക്ഷിച്ചുവരികയാണ്. സ്വകാര്യത സംരക്ഷിക്കേണ്ടതിനാല്‍ രോഗിയുടെ വിവരങ്ങള്‍ പുറത്തുവിടില്ലെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.

വേണ്ട മുന്‍കരുതലുകള്‍ എടുത്തതായും, രോഗിയുടെ ടെസ്റ്റ് ഫലം പുറത്തുവരാന്‍ കാത്തിരിക്കുകയാണെന്നും അധികൃതര്‍ വിശദീകരിച്ചു.

മുന്‍കരുതലിന്റെ ഭാഗമായി രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സ്‌മോള്‍ പോക്‌സിന് നല്‍കുന്ന പ്രതിരോധ വാക്‌സിന്‍ നല്‍കുമെന്ന് HSE തലവന്‍ പോള്‍ റീഡ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഈ വാക്‌സിന്‍ കുരങ്ങ് പനിയെയും ചെറുക്കുമെന്നാണ് കരുതുന്നത്. വാക്‌സിന് ഓര്‍ഡര്‍ നല്‍കിക്കഴിഞ്ഞു.

കുരങ്ങ് പനി ബാധിച്ചവരെ ചികിത്സിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കാകും വാക്‌സിന്‍ നല്‍കുകയെന്ന് ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോനലി ഇന്നലെ വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: