അയര്‍ലന്‍ഡിലെ ഡ്രൈവിങ് ടെസ്റ്റുകള്‍ എങ്ങനെ നടക്കുന്നു എന്നറിയേണ്ടേ?

ഡ്രൈവിങ് പഠിക്കുക എന്നതും, ‍ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കുക എന്നതും ഏവരെയും സംബന്ധിച്ചിടത്തോളം ജീവിതത്തിലെ ഒരു പ്രധാന നാഴികക്കല്ലാണ്. എത്ര നന്നായി വാഹനമോടിക്കാന്‍ കഴിയുന്നവര്‍ക്ക് പോലും ഡ്രൈവിങ് ടെസ്റ്റുകള്‍ അല്‍പം ഉത്കണ്ഠയുണ്ടാക്കുന്ന കാര്യവുമാണ്. ടെസ്റ്റ് ഭയന്ന് ഡ്രൈവിങ് ലൈസന്‍സിനായി അപേക്ഷിക്കാതിരിക്കുന്ന ആളുകള്‍ പോലും നമുക്ക് ചുറ്റിലുമുണ്ട്. എന്നാല്‍ ഡ്രൈവിങ് ലൈസന്‍സ് അപേക്ഷകളെക്കുറിച്ചും, ഡ്രൈവിങ് ടെസ്റ്റ് നടപടികളെക്കുറിച്ചും പ്രായോഗികമായുള്ള അറിവിലുള്ള കുറവാണ് പലരുടെയും ഉത്കണ്ഠയുടെ കാരണം. അയര്‍ലന്‍ഡിലെ ‍ഡ്രൈവിങ് ടെസ്റ്റ് അപേക്ഷകളും, ഡ്രൈവിങ് ടെസ്റ്റുമായി ബന്ധപ്പെട്ട നടപടികളുമായി ബന്ധപ്പെട്ടും കൂടുതലായി അറിയാന്‍ തുടര്‍ന്ന് വായിക്കുക.

ഡ്രൈവിങ് ടെസ്റ്റില്‍ പങ്കെടുക്കാനുള്ള യോഗ്യതകള്‍

ഡ്രൈവിങ് ടെസ്റ്റിനായി അപേക്ഷ സമര്‍പ്പിക്കുന്നതിന് മുന്നോടിയായി ടെസ്റ്റില്‍ പങ്കെടുക്കാന്‍ യോഗ്യരാണോ എന്നത് സംബന്ധിച്ച് ഉറപ്പ് വരുത്തേണ്ടതുണ്ട്.
നിര്‍ബന്ധിത പരിശീലനം പൂര്‍ത്തിയാക്കുക: കാര്‍ ഡ്രൈവിങ് ടെസ്റ്റുകള്‍ക്കായി അപേക്ഷകര്‍ ഒരു RSA അഗീകൃത പരിശീലകന്റെ കീഴില്‍ നിര്‍ബന്ധമായും 12 Essential Driver Training(EDT) പൂര്‍ത്തിയാക്കിയിരിക്കണം. മോട്ടോര്‍ സൈക്കിള്‍ ലൈസന്‍സുകള്‍ക്കായി Initial Basic Training(IBT) പൂര്‍ത്തിയാക്കേണ്ടതുണ്ട്.
ലേണര്‍ പെര്‍മിറ്റ്: ‍ഡ്രൈവിങ് ടെസ്റ്റില്‍ പങ്കെടുക്കുന്നതിനായി അപേക്ഷകര്‍ക്ക് അതത് വാഹനത്തിനനുസരിച്ചുള്ള ലേണര്‍ പെര്‍മിറ്റുകള്‍ നിര്‍ബന്ധമാണ്. സാധാരണനിലയില്‍ ഫസ്റ്റ് ലേണര്‍ പെര്‍മിറ്റ് ലഭിച്ച് ആറ് മാസങ്ങള്‍ക്ക് ശേഷം മാത്രമേ കാറുകള്‍, ബൈക്കുകള്‍ എന്നിവയുടെ ഡ്രൈവിങ് ടെസ്റ്റില്‍ പങ്കെടുക്കാന്‍ കഴിയൂ.
വാഹനം: ഏത് വിഭാഗം ലൈസന്‍സാണോ ആവശ്യം,ആ വിഭാഗത്തിലുള്ള വാഹനവുമായി വേണം അപേക്ഷകര്‍ ടെസ്റ്റില്‍ പങ്കെടുക്കാന്‍ വരേണ്ടത്.

ഡ്രൈവിങ് ടെസ്റ്റ് അപേക്ഷ നല്‍കേണ്ടതെങ്ങനെ?

RSA.ie എന്ന വെബ്സൈറ്റ് വഴിയോ, അപേക്ഷാ ഫോം പോസ്റ്റ് വഴി അയച്ചുകൊണ്ടോ ഡ്രൈവിങ് ടെസ്റ്റിനായുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. ഓണ്‍ലൈനായി അപേക്ഷിക്കുമ്പോള്‍ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ്, ഇമെയില്‍ ഐ.ഡി എന്നിവ ആവശ്യമാണ്.

അപേക്ഷ സമര്‍പ്പിക്കുന്നതിനൊപ്പം തന്നെ ടെസ്റ്റിനുളള ഫീസും നല്‍കേണ്ടതാണ്. ഓണ്‍ലൈന്‍ പേയ്മെന്റായോ, ചെക്ക്, പോസ്റ്റല്‍ ഓര്‍ഡര്‍, മണി ഓര്‍ഡര്‍ എന്നീ സംവിധാനങ്ങളിലൂടെയോ ഫീസ് അടക്കാം. A, A2, A1, B, BE, AM, W എന്നീ വിഭാഗങ്ങളിലുള്ള വാഹനങ്ങളുടെ ഡ്രൈവിങ് ടെസ്റ്റിന് 85 യൂറോ ആണ് ഫീസ്. ബസ് ട്രക്ക് മുതലായ വാഹനങ്ങളുടെ ടെസ്റ്റിന്റെ ആദ്യ ഭാഗത്തിന് 120 യൂറോയും, രണ്ടാം ഭാഗത്തിന് 32 യൂറോയുമാണ് ഫീസ്. മറ്റെല്ലാ വിഭാഗങ്ങള്‍ക്കും 120 യൂറോയും ഫീസ് ഈടാക്കും.

രാജ്യത്തുടനീളമുള്ള ടെസ്റ്റിങ് കേന്ദ്രങ്ങളിലാണ് ഡ്രൈവിങ് ടെസ്റ്റുകള്‍ നടക്കുക. താത്പര്യമുള്ള ടെസ്റ്റിങ് കേന്ദ്രമേതാണെന്ന് അപേക്ഷാ ഫോമില്‍ വ്യക്തമാക്കണം. സെക്കന്റ് ലേണര്‍ പെര്‍മിറ്റിന്റെ കാലാവധി തീരുന്നതിന് ആറുമാസം മുന്‍പ് തന്നെ ടെസ്റ്റിന് അപേക്ഷ നല്‍കുന്നതാണ് ഉചിതം.

ഡ്രൈവിങ് ടെസ്റ്റ്

റോഡിലെ നിയമങ്ങള്‍ സംബന്ധിച്ചുള്ള ധാരണ, നിയമപ്രകാരം റോഡിലൂടെ വാഹനമോടിക്കാനുള്ള കഴിവ്, മറ്റു ഡ്രൈവര്‍മാരുടെ സുരക്ഷയും, സൗകര്യവും മാനിച്ചുകൊണ്ട് വാഹനമോടിക്കാനുള്ള കഴിവ് എന്നിവയാണ് പ്രധാനമായും ഡ്രൈവിങ് ടെസ്റ്റില്‍ പരിശോധിക്കുന്നത്. സാധാരണ രീതിയില്‍ 30 മുതല്‍ 40 മിനിറ്റ് വരെയാണ് ടെസ്റ്റിന്റെ ദൈര്‍ഘ്യം.

കാര്‍ ഡ്രൈവിങ് ടെസ്റ്റിന്റെ ആദ്യ ഘട്ടത്തില്‍ സാങ്കേതികമായ ചില ചോദ്യങ്ങള്‍ അധിക‍ൃതര്‍ നിങ്ങളോട് ചോദിക്കും. റോഡ് നിയമങ്ങള്‍, കാറിന്റെ പ്രവര്‍ത്തനരീതി, വാഹനത്തിന്റെ വിവിധ പാര്‍ട്സ്‍, വാഹനത്തിന്റെ വിവിധ ഫീച്ചറുകള്‍, ഓയില്‍ ലെവല്‍,എഞ്ചിന്‍ എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ പ്രതീക്ഷിക്കാം. പ്രാക്ടിക്കല്‍ സ്കില്‍സ് പരിശോധനയ്ക്കായി 5 മൈലോളം ദൂരം വാഹനം ഓ‌ടിപ്പിക്കുകയും ചെയ്യും.

വാഹനത്തിന്റെ മൂവിങ്, ട്രാഫിക്കിലെ ഡ്രൈവിങ്, നിര്‍ത്തല്‍, റിവേഴ്സിങ്, turnabout, ഹില്‍ സ്റ്റാര്‍ട്ട്, പാര്‍ക്കിങ് എന്നീ പരിശോധനകളാണ് നടത്തുക. വാഹനമോടിക്കുന്നയാളുടെ റോഡ് പൊസിഷനിങ്, ഓവര്‍ടേക്കിങ്, പാസിങ്, നിരീക്ഷണപാടവം, കണ്ണാടി-സിഗ്നല്‍ എന്നിവയുടെ ഉപയോഗം, സ്പീഡ്, ട്രാഫിക്ക് ലൈറ്റ്, റോഡ് സൈനുകള്‍-മാര്‍ക്കുകള്‍ എന്നിവയുടെ ഉപയോഗം എന്നിവയും വിലയിരുത്തും.

ടെസ്റ്റ് അവസാനിച്ച ശേഷം എക്സാമിനര്‍ അപേക്ഷകരെ തിരികെ എക്സാമിനേഷന്‍ റൂമിലേക്ക് കൊണ്ടുപോവുകയും അവിടെ വച്ച് റിസള്‍ട്ട് അറിയിക്കുകയും ചെയ്യും. പാസാവുന്നവര്‍ക്ക് രണ്ട് വര്‍ഷ കാലാവധിയുള്ള സര്‍ട്ടിഫിക്കറ്റാണ് നല്‍കുക. ഈ സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവര്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ ഫുള്‍ ലൈസന്‍സിനായി അപേക്ഷ നല്‍കേണം.

ഈ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് മോട്ടോര്‍വേകളില്‍ വാഹനമോടിക്കാനോ, വാഹനങ്ങളിലെ L അടയാളം മാറ്റാനോ പാടില്ല. ടെസ്റ്റ് പരാജയപ്പെടുന്നവര്‍ക്ക് അവര്‍ വരുത്തിയ തെറ്റുകള്‍ സംബന്ധിക്കുന്ന വിവരം അധികൃതര്‍ നല്‍കും. പരാജയപ്പെട്ടവര്‍ക്ക് മൂന്നാഴ്ചകള്‍ക്ക് ശേഷം മാത്രമേ അടുത്ത ടെസ്റ്റിനായി അപേക്ഷിക്കാന്‍ സാധിക്കുകയുള്ളു.

കാര്‍ ഡ്രൈവിങ് ടെസ്റ്റിന് ഏറെക്കുറെ സമാനമാണ് മോട്ടോര്‍ സൈക്കിള്‍ ഡ്രൈവിങ് ടെസ്റ്റുകളും. ആദ്യഘട്ടത്തില്‍ വാഹനവുമായി ബന്ധപ്പെട്ട സാങ്കേതിക ചോദ്യങ്ങള്‍ അധികൃതര്‍ ചോദിക്കും. തുടര്‍ന്ന് ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യുന്നതിനും, എഞ്ചിന്‍ ഓഫ് ചെയ്തുകൊണ്ട് അഞ്ച് മീറ്റര്‍ ദൂരം പിറകോട്ടും മുന്നോട്ടും വാഹനം നീക്കാനായി ആവശ്യപ്പെടും.

ടെസ്റ്റിന്റെ സമയത്ത് ടെസ്റ്റിങ് ഉദ്യോഗസ്ഥന്‍ വാഹനത്തെ പിന്തുടരും. വാഹനം ഓടിക്കല്‍, ട്രാഫിക്കിലെ ഡ്രൈവിങ്, ലെഫ്റ്റ് ഹാന്റ്-റൈറ്റ് ഹാന്റ് സര്‍ക്ക്യൂട്ടുകളിലെ ഡ്രൈവിങ് എന്നിവയാണ് പരിശോധിക്കുക. വാഹനം യൂ-ടേണ്‍ എടുക്കാനും, വാഹനം 50മീറ്ററോളം ദൂരം പതിയെ ഓടിക്കാനും ടെസ്റ്റിങ് ഓഫീസര്‍മാര്‍ ആവശ്യപ്പെടും.ടെസ്റ്റില്‍ പാസാവുന്നവര്‍ക്ക് രണ്ട് വര്‍ഷക്കാലാവധിയുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കും.

ടെസ്റ്റ് റിസള്‍ട്ടില്‍ സംതൃപ്തരല്ലാത്ത അപേക്ഷകര്‍ക്ക് അപ്പീല്‍ നല്‍കാനുള്ള സൗകര്യമുണ്ട്. ജില്ലാ കോടതികളിലാണ് അപ്പീല്‍ നല്‍കേണ്ടത്. 25 യൂറോ ഫീസ് നല്‍കിക്കൊണ്ടാണ് ഡ്രൈവിങ് ടെസ്റ്റ് അപ്പീല്‍ നല്‍കേണ്ടത്. അപ്പീല്‍ പാസാവുകയാണെങ്കില്‍ മറ്റൊരു ഉദ്യോഗസ്ഥനെ വച്ചുകൊണ്ട് ടെസ്റ്റ് മാറ്റി നടത്താനാണ് കോടതി ഉത്തരവിടുക. മറിച്ച് അപ്പീല്‍ നിരസിച്ചാല്‍ ഉദ്യോഗസ്ഥരുടെ വാദം ശരിവച്ചുകൊണ്ട് അപേക്ഷകന്‍ ടെസ്റ്റ് പരാജയപ്പെട്ടതായി പ്രഖ്യാപിക്കും.

Share this news

Leave a Reply

%d bloggers like this: