അയര്‍ലന്‍ഡില്‍ പുതിയ കോവിഡ് വകഭേദങ്ങള്‍? മുഴുവന്‍ പേരും വാക്സിന്‍ സ്വീകരിക്കണമെന്ന് HSE

അയര്‍ലന്‍ഡില്‍ കോവിഡ് വാക്സിന്റെ വാക്സിന്റെ പ്രാഥമിക- ബൂസ്റ്റര്‍ ഡോസുകള്‍ പൂര്‍ത്തിയാക്കാന്‍ ബാക്കിയുള്ളവര്‍ ഇത് ഉടന്‍ സ്വീകരിക്കണമെന്ന നി‍ര്‍ദ്ദേശവുമായി HSE. രാജ്യത്ത് കോവിഡ് കേസുകളില്‍ വലിയ വര്‍ദ്ധനവുണ്ടാവുന്ന സാഹചര്യത്തിലാണ് HSEയുടെ മുന്നറിയിപ്പ്. കഴിഞ്ഞ ഏതാനും ആഴ്ചകളിലായി അയര്‍ലന്‍ഡിലെ കോവിഡ് കേസുകളിലും ഇതുമൂലമുള്ള ആശുപത്രി പ്രവേശനത്തിലും വലിയ വര്‍ദ്ധനവാണ് കാണുന്നതെന്നും, വൈറസിന്റെ പുതിയ വകഭേദങ്ങള്‍ മൂലമാവാം ഇതെന്നും HSE ചീഫ് ക്ലിനിക്കള്‍ ഓഫീസര്‍ ഡോക്ടര്‍ Colm Henry കഴിഞ്ഞ ദിവസം പറഞ്ഞു. പ്രായം കൂടിയവരും, 12 വയസ്സില്‍ കൂടുതല്‍ പ്രായമുള്ള പ്രതിരോധ ശേഷി കുറഞ്ഞവരും നിര്‍ബന്ധമായും ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കേണ്ടതാണെന്നും ഡോക്ടര്‍ പറഞ്ഞു.

വ്യാഴാഴ്ച രാവിലെ 8 മണി വരെയുള്ള കണക്കുകള്‍ പ്രകാരം 496 രോഗികളാണ് വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 25 പേര്‍ തീവ്രപരിചരണ വിഭാഗത്തിലുമാണ്. ആശുപത്രിയിലെ രോഗികളുടെ എണ്ണം 1400 കവിയുകയാണെങ്കില്‍ ഓപ്പറേഷനുകള്‍ പോലും റദ്ദാക്കേണ്ടി വരുന്ന സാഹചര്യങ്ങളുണ്ടാവുമെന്നും ആരോഗ്യ മന്ത്രി Stephen Donnelly കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. നിലവില്‍ കൂടുതല്‍ കോവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ല എന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം രാജ്യം വാക്സിനേഷന്റെ അടുത്ത ഘട്ടത്തിലേക്ക് ഉടന്‍ കടക്കുമെന്ന് HSE യുടെTest and Trace and Vaccination നാഷണല്‍ ലീഡ് Damien McCallion പറഞ്ഞു. രാജ്യത്തെ ഭൂരിഭാഗം വാക്സിനേഷന്‍ കേന്ദ്രങ്ങളും പ്രവര്‍ത്തനം അവസാനിപ്പിച്ചെങ്കിലും, ആവശ്യമുള്ളവര്‍ക്ക് വാക്സിന്‍ ലഭ്യമാക്കുന്നതിനായി 15 കേന്ദ്രങ്ങള്‍ നിലനിര്‍ത്തിയിട്ടുണ്ട്. അന്താരാഷ്ട്ര തലത്തില്‍ തന്നെ മുന്നിട്ട് നിന്ന വാക്സിനേഷന്‍ ദൗത്യമാണ് അയര്‍ലന്‍ഡില്‍ നടത്തിയതെന്നും, 2020 ഡിസംബറില്‍ ആരംഭിച്ച ഈ‍ ദൗത്യത്തിലൂടെ 4 മില്യണിലധികം ആളുകള്‍ പ്രാഥമിക ഡോസുകളും, 3.22 മില്യണോളം ആളുകള്‍ ബൂസ്റ്റര്‍ ഡോസുകളും സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share this news

Leave a Reply

%d bloggers like this: