ഇന്ത്യ-അയർലൻഡ് ആദ്യ ടി-20 ഇന്ന് ഡബ്ലിനിൽ; സഞ്ജു കളത്തിലിറങ്ങാൻ സാധ്യത

അയര്‍ലന്‍ഡിനെതിരായ പരമ്പരയിലെ ഇന്ത്യയുടെ ആദ്യ ട്വന്റി ട്വന്റി മത്സരം ഇന്ന്. ഡബ്ലിനിലെ വില്ലേജ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 9 മണിക്കാണ് മത്സരം. വിരാട് കോലി, രോഹിത് ശര്‍മ തുടങ്ങിയ സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ ഹാര്‍ദിക് പാണ്ഢ്യയുടെ നേതൃത്വത്തിലുള്ള യുവനിരയാണ് അയര്‍ലന്‍ഡിനെ നേരിടുക. മലയാളികളുടെ പ്രിയതാരം സഞ്ജു സാംസണ്‍ ഇന്ത്യക്കായി ഇന്ന് കളത്തിലിറങ്ങും എന്ന സൂചനകളാണ് നിലവില്‍ പുറത്തുവരുന്നത്.

ഇന്ത്യന്‍ ടീമിനെ സംബന്ധിച്ചിടത്തോളം ലോകകപ്പിനുള്ള മുന്നൊരുക്കമാണ് അയര്‍ലന്‍ഡിനെതിരായുള്ള പരമ്പര. പരമ്പരയിലെ മികച്ച പ്രകടനം താരങ്ങള്‍ക്ക് ലോകകപ്പ് സ്ക്വാഡിലേക്കുള്ള വഴിതുറക്കും. ഇന്ത്യന്‍ ജേഴ്സിയില്‍ സ്ഥിരമായ ഫോം കണ്ടെത്താന്‍ കഴിയാത്ത സഞ്ജുവിനും മത്സരം നിര്‍ണായകമാണ്. ബി.സി.സി.ഐ പ്രസിഡന്റ് സൌരവ് ഗാംഗുലി മത്സരം നേരിട്ട് കാണാന്‍ ഡബ്ലിനിലേക്കെത്തുമെന്നതും മത്സരത്തിന്റെ പ്രാധാന്യത്തെ സൂചിപ്പിക്കുന്നു.

ഇന്ത്യന്‍ നിരയില്‍ രണ്ട് യുവതാരങ്ങള്‍ ഇന്ന് അരങ്ങേറ്റ മത്സരത്തിനിറങ്ങുമെന്ന് നായകന്‍ ഹാര്‍ദിക് പാണ്ഢ്യ ഇന്നലെ നടന്ന വാര്‍ത്താ സമ്മേളത്തില്‍ സൂചന നല്‍കി. ഉമ്രാന്‍ മാലിക്, രാഹുല്‍ ത്രിപാഠി എന്നീ താരങ്ങള്‍ ഇന്ന് ആദ്യ അന്താരാഷ്ട്ര ടി-20 മത്സരത്തിനിറങ്ങിയേക്കും. ഇന്ത്യയും അയര്‍ലന്‍ഡും ഇതുവരെ മൂന്ന് ടി-20 മത്സരങ്ങളില്‍ പരസ്പരം മാറ്റുരച്ചപ്പോള്‍ മൂന്ന് വട്ടവും ജയം ഇന്ത്യക്കൊപ്പമായിരുന്നു.

സഞ്ജു സാംസണ്‍ ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നത് കാണാനും, ഇന്ത്യന്‍ ടീമിനായി ആരവങ്ങളുയര്‍ത്താനും, അയര്‍ലന്‍ഡിലെ മലയാളി സമൂഹവും ആവേശത്തോടെ കാത്തിരിക്കുകയാണ്.

comments

Share this news

Leave a Reply

%d bloggers like this: